ബി നിലവറ തുറക്കാന്‍ അനുമതി തേടി വിദഗ്ധ സമിതി സുപ്രീംകോടതിയില്‍; പരിശോധന പൂര്‍ത്തിയാക്കിയ ശേഷം അന്തിമ റിപ്പോര്‍ട്ട് നല്‍കാമെന്നും വിദഗ്ധ സമിതി

ദില്ലി: പത്മനാഭസ്വാമിക്ഷേത്രത്തിലെ ബി നിലവറ തുറന്ന് പരിശോധിക്കാന്‍ വിദഗ്ധ സമിതി സുപ്രീംകോടതിയുടെ അനുമതി തേടി. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി നിലവറ തുറക്കുന്ന കാര്യത്തില്‍ കോടതി എത്രയും വേഗം തീരുമാനം  എടുക്കണം. ക്ഷേത്രത്തിലെ സ്വത്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി മ്യൂസിയം സ്ഥാപിക്കാന്‍ അനുവദിക്കണമെന്നും സമിതി സുപ്രീംകോടതിയോട് അഭ്യര്‍ത്ഥിച്ചു. പൂജക്കായി ആഭരണങ്ങള്‍ കൈമാറണമെന്ന ക്ഷേത്രത്തില്‍ നിന്നുള്ള ആവശ്യവും സത്യവാങ്മൂലത്തിലൂടെ വിദഗ്ധസമിതി കോടതിയെ അറിയിച്ചു.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യസ്വത്തുക്കള്‍ നിര്‍ണ്ണയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ക്ഷേത്രത്തിലെ എ മുതല്‍ എച്ച് വരെ വസ്തുക്കളിലെ പരിശോധന പൂര്‍ത്തിയായി. ബി നിലവറ മാത്രമാണ് ഇനി പരിശോധിക്കാനുള്ളത്. സുപ്രീം കോടതിയുടെ അനുമതി ലഭിക്കാത്തതിനാലാണ് ബി നിലവറ തുറന്ന് പരിശോധിക്കാന്‍ കഴിയാത്തത്. ഈ സാഹചര്യത്തില്‍ സുപ്രീംകോടതി അടിയന്തര ഉത്തരവ് നല്‍കണം. പൂര്‍ണ്ണ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബി നിലവറയിലെ പരിശോധനയും പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് വിദഗ്ധ സമിതി അഭ്യര്‍ത്ഥിച്ചു. വിദഗ്ധ സമിതി അധ്യക്ഷന്‍ എംവി നായരാണ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

ഇതുവരെയുള്ള പരിശോധനയുടെ വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ ഹാര്‍ഡ് ഡിസ്‌കിലാക്കിയിട്ടുണ്ട്. 45,000ല്‍ അധികം പേജ് വരുന്നതാണ് പരിശോധനാ റിപ്പോര്‍ട്ട് എന്നും വിദഗ്ധ സമിതിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. എട്ട് പേജുള്ള സത്യവാങ്മൂലമാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.

മുന്‍ സിഎജി വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഓഡിറ്റ് അതോറിറ്റിയും ബി നിലവറ തുറക്കണമെന്ന നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്. എന്നാല്‍ ബി നിലവറ തുറക്കുന്നതിന് രാജ കുടുംബത്തിന് എതിര്‍പ്പുണ്ട്. പത്മനാഭ സ്വാമി ക്ഷേത്രം സംബന്ധിച്ച കേസ് അടുത്ത ആഴ്ച സുപ്രീംകോടതി പരിഗണിക്കും. ബി നിലവറ മുന്‍പും പലതവണ തുറന്നിട്ടുണ്ടെന്നും അമൂല്യ വസ്തുക്കള്‍ പലതും പുറത്ത് പോയിട്ടുണ്ടെന്നും അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here