എഴുത്തുകാരികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി സദാചാരമാണെന്നു സിഎസ് ചന്ദ്രിക; വിദ്യാഭ്യാസ രംഗത്ത് ആണ്‍-പെണ്‍ ബന്ധങ്ങള്‍ ഉടച്ചു വാര്‍ക്കാന്‍ ശ്രമങ്ങളില്ലെന്ന് അജിത

കോഴിക്കോട്: മലയാളത്തില്‍ എഴുത്തുകാരികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് സദാചാരമാണെന്നു എഴുത്തുകാരി സി.എസ് ചന്ദ്രിക. ലൈംഗികതയെക്കുറിച്ചോ സ്ത്രീ-പുരുഷ ബന്ധങ്ങളെക്കുറിച്ചോ സ്ത്രീ എഴുതുമ്പോള്‍ അതു സദാചാര പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവരികയാണെന്നും കോഴിക്കോട്ടു നടക്കുന്ന കേരള സാഹിത്യോത്സവത്തില്‍ സ്ത്രീ, സമൂഹം, സാഹിത്യം എന്ന വിഷയത്തില്‍ ചന്ദ്രിക പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് ആണ്‍പെണ്‍ ബന്ധങ്ങള്‍ ഉടച്ചുവാര്‍ക്കേണ്ട കാലം കഴിഞ്ഞെന്നും എന്നാല്‍ അതിനുള്ള ശ്രമം ഇപ്പോഴും നടക്കുന്നില്ലെന്നും കെ അജിത പറഞ്ഞു.

കെ അജിത

കേരളത്തിലെ സ്ത്രീ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയ സമയത്തുനിന്ന് ഇന്നത്തേക്ക് സ്ഥിതി ഏറെ മാറിയിട്ടുണ്ട്. ഇനിയും മാറ്റം വരേണ്ട കാര്യങ്ങളുണ്ട്. എന്നാല്‍, താനൊരു ഫെമിനിസ്റ്റാണെന്നു പറയാന്‍ ഇന്നും പല എഴുത്തുകാരികള്‍ക്കും താല്‍പര്യമില്ല. വിദ്യാഭ്യാസ രംഗത്താണ് ഏറ്റവും കൂടുതല്‍ വിവേചനമുള്ളത്. ഹോസ്റ്റലുകളില്‍ ബ്രേക്കിംഗ് ദ കര്‍ഫ്യൂ എന്നൊരു പ്രക്ഷോഭംതന്നെ ആരംഭിച്ചിരിക്കുകയാണ്. ഇതൊരു മാറ്റമാണെന്നും ഇത്തരം മാറ്റങ്ങള്‍ക്കു വേഗം കൂടുകയാണു വേണ്ടതെന്നും അജിത പറഞ്ഞു.

ബി എം സുഹ്‌റ

സമൂഹത്തിലെ വിവിധ തട്ടുകളിലുള്ളവരെ സംബന്ധിച്ചു ഫെമിനിസത്തിനു വിവിധ കാഴ്ചപ്പാടുകളാണുള്ളത്. ഉപരിവര്‍ഗം, മധ്യവര്‍ഗം തുടങ്ങി നമ്മള്‍ നടത്തുന്ന വര്‍ഗീകരണങ്ങളുടെ അടിസ്ഥാനത്തില്‍ ഈ കാഴ്ചപ്പാടുകളും മാറിക്കൊണ്ടിരിക്കും. തെറ്റ് തെറ്റാണെന്നുറക്കെപ്പറയാനും അഭിപ്രായം പ്രകടിപ്പിക്കാനും സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യമാണ് സ്ത്രീ സ്വാതന്ത്ര്യം. സിഗരറ്റ് വലിക്കാനും പുരുഷനേപ്പോലെ മദ്യപിക്കാനും പൊതുസ്ഥലത്തു ചുംബിക്കാനുമുള്ള സ്വാതന്ത്ര്യമാണ് സ്ത്രീ സ്വാതന്ത്ര്യം എന്നു കരുതുന്നില്ല. മതപരമായി കാര്‍ക്കശ്യമുള്ള ചുറ്റുപാടിലാണ് വളര്‍ന്നത്. അതിന്റെ ഭാഗമായി രൂപപ്പെട്ടതാണ് വേഷം. ആ വേഷത്തെ അടിസ്ഥാനമാക്കിയല്ല എഴുത്തിനെ വിലയിരുത്തേണ്ടത്. ചില യാത്രകളിലുണ്ടായ മോശം അനുഭവങ്ങളും ഖുര്‍ആന്റെ പെണ്‍ വായനയുമാണ് ഈ വേഷം സ്വീകരിക്കാനുണ്ടായ സാഹചര്യം. എഴുതുന്നതിനോട് മത സംഘടനകളില്‍നിന്ന് എതിര്‍പ്പുണ്ടാകുന്നുണ്ട്. സ്വന്തം സമുദായത്തിലെ ജീര്‍ണതകളെക്കുറിച്ചു പറയുമ്പോള്‍ യാഥാസ്ഥിതിക എന്നു മുദ്രകുത്തപ്പെടുന്നതില്‍ വിഷമം തോന്നാറുണ്ട്.

ചെറുപ്പത്തില്‍ കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ് എഴുതുന്നത്. സാധാരണക്കാരിയായ മുസ്ലിം വീട്ടമ്മ എന്നു വിലയിരുത്തപ്പെടുന്നതില്‍ പലപ്പോഴും വിഷമം തോന്നിയിട്ടുണ്ട്. എനിക്കു പറയാനുള്ളതാണ് ഞാന്‍ പറയുന്നത്. ഇന്റര്‍നെറ്റില്‍നിന്നു പകര്‍ത്തിയെഴുതിയാല്‍ എഴുത്തുകാരിയാവില്ല. ജീവിതത്തെക്കുറിച്ചു പറയാനാകണം. പെട്ടെന്നുള്ള പ്രശസ്തിക്കുവേണ്ടി ലൈംഗികത എഴുതുന്നത് വായനാസുഖം ഇല്ലാതാക്കും.

ഇന്നു മുസ്ലിം പെണ്‍കുട്ടികളുടെ സ്ഥിതി മാറിയിട്ടുണ്ട്. 18ാം വയസില്‍ പഠനം പാതിയില്‍നിര്‍ത്തി വിവാഹിതയാവുകയും ഇരുപത്തിമൂന്നാം വയസില്‍ രണ്ടു കുട്ടികളുടെ അമ്മയാവുകയും ചെയ്തതാണ് ഞാന്‍. ഇന്നു മുസ്ലിം സമുദായത്തിലെ പെണ്‍കുട്ടികള്‍ക്കും പഠിക്കാനും ജോലി ചെയ്യാനും ഒരു പരിധിവരെ സ്വന്തം ജീവിതം തെരഞ്ഞെടുക്കാനും അവസരമുണ്ട്. അത് അവര്‍ എത്രമാത്രം പ്രയോജനപ്പെടുത്തുന്നുണ്ട് എന്നാണു പരിശോധിക്കേണ്ടത്.

ശരീരത്തെ വിവരിക്കുന്നതിലോ രതി എഴുതുന്നതിനോ എതിരല്ല. വ്യംഗ്യമായി ധ്വനിപ്പിക്കേണ്ടതിനെ വാച്യമായി പറയുന്നതിലെ അനൗചിത്യമാണ് ചൂണ്ടിക്കാട്ടാനുള്ളത്. സദാചാരപ്പൊലീസിന്റെ കാലമാണിത്. കാലം മാറിക്കൊണ്ടിരിക്കുകയാണ്. ജീവിതം അതേപടി പകര്‍ത്തിയാല്‍ അതു സാഹിത്യമാകില്ല. കാല്‍പനികതയുടെ മേമ്പൊടി ചേര്‍ത്ത് എഴുതിയാല്‍ വായനാസുഖം കിട്ടും. പച്ചയായി എഴുതുന്നതിനെ എതിര്‍ക്കുന്നു. എഴുത്തുകാരികള്‍ ഭാഷ ഉപയോഗിക്കുമ്പോള്‍ പ്രതിസന്ധി നേരിടുന്നു.

ഡോ. ഖദീജാ മുംതാസ്

മലയാളത്തിലെ നോവലുകളില്‍ സാറാജോസഫാണ് സ്ത്രീയവസ്ഥകളെ ഏറ്റവും കൃത്യമായി എഴുതിയതും അനുഭവിപ്പിച്ചതും. സ്ത്രീയവസ്ഥ മാത്രമല്ല, മാനവികമായി ചിന്തിക്കുന്നവരെപ്പോലും അസ്വസ്ഥമാക്കിയ എഴുത്താണ് അവര്‍ നടത്തിയത്. പ്രകൃതിയുടെ സംരക്ഷക സ്ത്രീയാണെന്ന് ഒന്നിലേറെ കൃതികളില്‍ സാറടീച്ചര്‍ അസന്നിഗ്ധമായി വ്യക്തമാക്കുന്നു. കെ ആര്‍ മീരയുടെ ആരാച്ചാറില്‍ പ്രണയം നഷ്ടപ്പെടുത്താതെ തന്നെ സ്വത്വം നിലനിര്‍ത്തുന്ന സ്ത്രീയെ കാണാം. കുറച്ചു നാണയത്തുട്ടുകള്‍ ഉണ്ടെങ്കില്‍ ഇന്ത്യാ മഹാരാജ്യത്ത് എന്തും നടക്കുമെന്ന ചാനല്‍ റിപ്പോര്‍ട്ടറുടെ മുഖത്തു നോക്കി കൃത്യമായ മറുപടി കൊടുക്കുന്ന സ്ത്രീയെ കാണാം. അരാച്ചാരാകുന്ന സ്ത്രീ തൂക്കിലേറ്റുന്നത് കമ്പോളാധിഷ്ഠിതമായി ജീവിക്കുന്ന, ചാനലിന്റെ വെളിച്ചത്തില്‍ അഭിരമിക്കുന്ന പുരുഷനെയാണ്. അതേസമയം, അടുത്തകാലത്ത് സ്ത്രീകള്‍ക്കു പ്രാധാന്യമുള്ള പ്രമേയങ്ങള്‍ എഴുതിയ ടി ഡി രാമകൃഷ്ണന്റേത് മെയില്‍ സാഡിസമാണെന്നു പറയാതെ വയ്യ. പുരുഷ പ്രധാനവും പുരുഷ പീഡനപരവുമാണ് ലോകം എന്നു പറഞ്ഞുവയ്ക്കുകയും അതിനൊപ്പം നില്‍ക്കാന്‍മാത്രമേ സ്ത്രീക്കു സാധിക്കൂ എന്നുമാണ് ടിഡി രാമകൃഷ്ണന്റെ ചില എഴുത്തുകള്‍ വരച്ചുകാട്ടുന്നത്. ശ്രീലങ്കന്‍ വംശീയ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിലുള്ള സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയില്‍ അതു വ്യക്തമായി കാണാം.

സി എസ് ചന്ദ്രിക

സ്ത്രീ എന്നു പറുമ്പോള്‍ കഴിഞ്ഞകാലങ്ങളില്‍ വരേണ്യതയുടെ ആനുകൂല്യങ്ങള്‍ കിട്ടുന്ന സ്ത്രീയുടെ ശബ്ദമാണ് കേട്ടിരുന്നത്. സ്ത്രീ പല ശ്രേണികളിലുള്ള മനുഷ്യരാണ് സ്ത്രീകള്‍ എന്ന തിരിച്ചറിവാണ് വേണ്ടത്. വൈകാരികമായ പ്രണയപരവുമായ ഒരു പശ്ചാത്തലത്തിലാണ് സ്ത്രീകളുടെ സാഹിത്യത്തെ വിലയിരുത്തിയിരുന്നത്. ഇതിനു മാറ്റം വരുത്തിയത് മാധവിക്കുട്ടി, ലളിതാംബിക അന്തര്‍ജനം, കെ സരസ്വതിയമ്മ, സാറാജോസഫ് എന്നിവരാണ്. പ്രണയം ഒരു യുദ്ധമാണെന്നും സ്ത്രീ ഇരയാക്കപ്പെടേണ്ടവളാണെന്നും ഒരു ചിന്തയുണ്ടായിരുന്നു. അതിനു മറുപടിയുമായി ആദ്യ കഥയെഴുതിയത് കെ സരസ്വതിയമ്മയാണ്. രമണന് ബദലായി രമണി എന്ന കഥപോലും അവര്‍ എഴുതിയിട്ടുണ്ട്. ദളിത് സ്ത്രീകളുടെ ഇടയില്‍നിന്നു മലയാളത്തില്‍ എഴുത്തുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

വിവാഹേതര ബന്ധങ്ങള്‍ സാഹിത്യത്തില്‍ വന്നിട്ടുണ്ട്. അതു പ്രണയമാണ്. അതിനെ സദാചാരവുമായി ബന്ധപ്പെടുത്തിയാണു കാണുന്നത്. സ്ത്രീയെ കൂട്ടിലടച്ചിടാന്‍ കഴിയുന്നത് വിവാഹത്തിലൂടെയാണെന്നു സമൂഹം വിശ്വസിക്കുന്നു. അതിനെ ചെറുക്കാന്‍ ശ്രമിച്ചാല്‍ അതു സദാചാരമാകുന്നു. അപ്പോള്‍ പലപ്പോഴും സ്ത്രീ തന്നെ സ്വയം സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരാവുകയാണ്. സ്ത്രീകള്‍ കുടുംബത്തില്‍നിന്നു പുറത്തേക്കു വരണം. സ്വാതന്ത്ര്യമില്ലെങ്കില്‍ ആര്‍ക്കും ഒന്നും എഴുതാനാവില്ല. ഒരു സമൂഹത്തെത്തന്നെ സ്വാതന്ത്ര്യത്തിലേക്കു കൊണ്ടുപോവുകയാണ് എഴുത്തുകാരികള്‍ ചെയ്യുന്നത്. സ്‌നേഹിക്കാനാണ് മനുഷ്യന്‍ ഏറ്റവും ആഗ്രഹിക്കുന്നത്. സ്‌നേഹത്തിന്റെ ഉന്മാദം പ്രണയം തന്നെയാണ്. പ്രണയത്തെ നിയന്ത്രിക്കുന്നത് നാം അല്ലാതെ ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെടലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News