കൂറ്റന്‍ വിജയവുമായി ഇന്ത്യ അണ്ടര്‍ 19 ലോകകപ്പിന്റെ സെമിഫൈനലില്‍; നമീബിയയെ തോല്‍പിച്ചത് 197 റണ്‍സിന്

ധാക്ക: നമീബിയയെ നിലം തൊടാതെ പറപ്പിച്ച് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനലില്‍ കടന്നു. 197 റണ്‍സിനാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ നമീബിയയെ തോല്‍പിച്ചത്. 350 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ നമീബിയ 39 ഓവറില്‍ 152 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 33 റണ്‍സെടുത്ത നികോ ദാവിന്‍ മാത്രമാണ് നമീബിയന്‍ നിരയില്‍ അല്‍പം ചെറുത്തുനില്‍പ് പ്രകടമാക്കിയത്. 3 വീതം വിക്കറ്റു വീഴ്ത്തിയ മായങ്ക് ദാഗറും അന്‍മോല്‍പ്രീത് സിംഗുമാണ് നമീബിയയെ വട്ടംകറക്കിയത്. ഇന്ത്യയുടെ റിഷഭ് പന്താണ് കളിയിലെ താരം.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ അണ്ടര്‍ 19 റിഷഭ് പന്തിന്റെ സെഞ്ചുറിയുടെയും രണ്ട് അര്‍ധ സെഞ്ചുറികളുടെയും പിന്‍ബലത്തിലാണ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. നിശ്ചിത ഓവറില്‍ ഇന്ത്യ ആറു വിക്കറ്റു നഷ്ടത്തില്‍ 349 റണ്‍സെടുത്തു. റിഷഭ് പന്ത് 111 റണ്‍സെടുത്ത് ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നെടുംതൂണായി. 96 പന്തു നേരിട്ട് 14 ബൗണ്ടറികളുടെയും 2 സിക്‌സറുകളുടെയും അകമ്പടിയോടെയാണ് പന്ത് 111 റണ്‍സെടുത്തത്. 6 റണ്‍സെടുത്ത നായകന്‍ ഇഷാന്‍ കിഷനെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും പന്തും അന്‍മോല്‍പ്രീതും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ടു നയിക്കുകയായിരുന്നു. സിംഗ് 41 റണ്‍സെടുത്തു. സര്‍ഫറാസ് ഖാന്‍ 76 ഉം അര്‍മാന്‍ ജാഫര്‍ 64 ഉം റണ്‍സെടുത്ത് പുറത്തായി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ നമീബിയക്ക് ഓപ്പണര്‍മാരായ ലോഫ്റ്റി ഈറ്റണും നികോ ദാവിനും ഭേദപ്പെട്ട തുടക്കം നല്‍കി. എന്നാല്‍, ഇരുവരും പുറത്തായതോടെ നമീബിയ വിയര്‍ത്തു. പിന്നീട് വിക്കറ്റുകള്‍ ഒന്നൊന്നായി കൊഴിഞ്ഞു കൊണ്ടിരുന്നു. 22 റണ്‍സെടുത്ത ഈറ്റണും 33 റണ്‍സെടുത്ത ദാവിനും 27 റണ്‍സെടുത്ത ഗ്രീനും 25 റണ്‍സെടുത്ത ലിന്‍ഡെയും ഒഴികെ മറ്റാരും രണ്ടക്കം കടന്നില്ല. 152 റണ്‍സില്‍ നമീബിയയുടെ പോരാട്ടം അവസാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel