ആരൊക്കെ എതിര്‍ത്താലും മരിക്കും വരെ എഴുതുമെന്നു തസ്ലിമ നസ്‌റീന്‍; ഹിന്ദുക്കളിലെ മാത്രമല്ല എല്ലാ മതത്തിലുമുള്ള മൗലികവാദികളെയും എതിര്‍ക്കണം

കോഴിക്കോട്: ആരൊക്കെ എതിര്‍ത്താലും താന്‍ മരണം വരെയും എഴുതുമെന്നും മതപരമായ അടിച്ചമര്‍ത്തലുകളെ എഴുത്തിലൂടെ എതിര്‍ത്തതാണ് തനിക്കെതിരായി ചുമത്തപ്പെട്ട കുറ്റമെന്നും പ്രശസ്ത എഴുത്തുകാരി തസ്ലിമ നസ്‌റീന്‍. ഇന്ത്യ ഒരു അസഹിഷ്ണുതാ രാജ്യമല്ലെന്നും അസഹിഷ്ണുതയുള്ളവരേക്കാള്‍ സഹിഷ്ണുതയുള്ളവരാണ് ഇന്ത്യയിലുള്ളതെന്നും കോഴിക്കോട്ടു നടക്കുന്ന കേരള സാഹിത്യോത്സവത്തില്‍ കെ സച്ചിദാനന്ദനുമായി നടത്തിയ സംഭാഷണത്തില്‍ അവര്‍ പറഞ്ഞു.

ബീഫ് കഴിക്കുന്നവരെ കൊല്ലാനുള്ള അധികാരം ആര്‍ക്കുമില്ല. അത് അസഹിഷ്ണുതയെന്നതിലുപരി ഹീനമായ കുറ്റകൃത്യമാണ്. ഹിന്ദു മതമൗലികവാദത്തെ മാത്രമല്ല, മുസ്ലിം മതമൗലികവാദത്തെയും എതിര്‍ക്കണം. മതപരമായ ഒരു മൗലികവാദവും പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. മതപരമായ അടിച്ചമര്‍ത്തലിനോട് എന്നും താന്‍ പോരാടും. ആ പോരാട്ടത്തിന്റെ ഫലമായി സ്വന്തം പിതാവിന്റെയും മാതാവിന്റെയും മൃതദേഹം കാണാന്‍ പോകാന്‍ പോലും തനിക്കായില്ല. വേദനാപൂര്‍വമാണ് സ്വന്തം രാജ്യത്ത് ജീവിക്കാന്‍ കഴിയാതെ വരുന്നത്. കവിതയും കഥയും എഴുതി കലാകാരിയാകാനായിരുന്നു ആഗ്രഹം. മെഡിസിന് പഠിക്കേണ്ടിവന്നു. കോളങ്ങള്‍ എഴുതാന്‍ തുടങ്ങിയതോടെയാണ് മതമൗലികവാദികളുടെ കണ്ണിലെ കരടായത്.

ഏഴാം നൂറ്റാണ്ടിലെ നിയമങ്ങള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പാലിക്കേണ്ടതില്ല. മതപരമായ നിയമങ്ങള്‍ പാലിക്കുന്ന രാജ്യത്ത് സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ ലഭിക്കില്ല. അതാണ് ബംഗ്ലാദേശിലും പാകിസ്താനിലും സംഭവിക്കുന്നത്. എഴുതുന്ന സ്ത്രീകള്‍ക്ക് എന്തൊക്കെയോ കുഴപ്പമുണ്ടെന്നാണ് സമൂഹം കരുതുന്നത്. പുരുഷാധികാര ലോകമാണ് ബംഗ്ലാദേശിലെ സാഹിത്യലോകം. സുന്ദരിമാരായിരിക്കുക എന്നതുമാത്രമാണ് അവിടെ പത്രാധിപന്‍മാരുടെ പ്രീതി ലഭിക്കാനുള്ള മാനദണ്ഡം. തന്റെ ഭാഷ എന്നും പുരുഷപക്ഷ എഴുത്തുകാരുടേതില്‍നിന്നു വ്യത്യസ്തമായിരുന്നു. ഫെമിനിസമോ മനുഷ്യാവകാശ ഗ്രന്ഥങ്ങളോ വായിക്കാതെയാണ് താന്‍ എഴുതിയത്. അതൊക്കെ ഉള്ളിന്റെ ഉള്ളില്‍നിന്നു വന്നതാണ്.

താന്‍ കൊല്ലപ്പെട്ടേക്കാം. എഴുത്തിന്റെ പേരിലായിരിക്കും അത്. എങ്കിലും എഴുത്തിലൂടെ സമൂഹത്തിനു സംഭാവന നല്‍കുന്നതു തുടരും. ലോകത്ത് ഒരു ബന്ധത്തെയും അവിഹിത ബന്ധമെന്നു വിളിക്കില്ല. അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡും യൂറോപ്യന്‍ പൗരത്വമുള്ള താന്‍ ജീവിക്കാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് ഇന്ത്യയിലാണെന്നും തസ്ലിമ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News