കഥകള്‍ സ്ത്രീകളുടെത് കൂടിയാണ്; പെണ്ണെഴുത്ത് ശക്തമായതായി കെ.ആര്‍ മീര

കോഴിക്കോട്: തുറന്ന ചര്‍ച്ചയ്ക്കും ശക്തമായ ആശയരൂപീകരണത്തിനും വഴിയൊരുക്കുന്നതായിരുന്നു ‘ഇന്ത്യയിലെ സ്ത്രീപക്ഷ എഴുത്ത്’ എന്ന വിഷയത്തിലെ ചര്‍ച്ച. സാഹിത്യത്തിലെ കരുത്തുറ്റ സ്ത്രീ സാന്നിധ്യങ്ങളായ ജയശ്രീ മിശ്ര, അനിത നായര്‍, കെ.ആര്‍ മീര എന്നിവരുടെ സാന്നിധ്യം ചര്‍ച്ചയ്ക്ക് മാറ്റുകൂട്ടി. മോഡറേറ്ററായ കെ സച്ചിദാനന്ദന്റെ കാഴ്ചപ്പാടുകളും ശ്രദ്ദേയമായി. പ്രാദേശിക ഭാഷകളില്‍ സ്ത്രീ എഴുത്തുകാര്‍ ശക്തമായി എഴുതി തുടങ്ങിയതായി കെ.ആര്‍ മീര അഭിപ്രായപ്പെട്ടു. അവരുടെ എഴുത്തിനെ തിരസ്‌കരിക്കാനും തമസ്‌കരിക്കാനുമായില്ല. സ്ത്രീ ഉപയോഗിക്കേണ്ട വാക്കുകള്‍, ഭാഷ എന്നതിനെപ്പറ്റി സമൂഹം ഉണ്ടാക്കിയിരിക്കുന്ന ധാരണ മാറ്റേണ്ടതാണെന്നും കെ.ആര്‍ മീര കൂട്ടിച്ചേര്‍ത്തു.

ഭാഷയുടെ വ്യാഖ്യാനത്തില്‍ മാറ്റം വന്നിരിക്കുന്നു എന്നായിരുന്നു അനിത നായരുടെ അഭിപ്രായം. ഇംഗ്ലീഷിലെ ചില പദങ്ങളിലെ മലയാള വിവര്‍ത്തനം സ്ത്രീപക്ഷത്തിന് എതിരായി വരുന്ന പ്രവണത ഇന്ന് കണ്ടു വരുന്നു. ചില വികാരങ്ങള്‍ മനോഹരമായി പകര്‍ത്താന്‍ മലയാളഭാഷയാണ് അനുയോജ്യമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. വിദേശ രാജ്യങ്ങളിലെ എഴുത്തും വായനക്കാരും ഇന്ത്യയെക്കാള്‍ സ്വതന്ത്രരാണെന്നായിരുന്നു ജയശ്രീ മിശ്രയുടെ നിരീക്ഷണം. കമലാദാസിന്റെ ഇംഗ്ലീഷ് കവിതകള്‍ അതേ ആസ്വാദനത്തോടു കൂടി മലയാളത്തില്‍ എഴുതാന്‍ പറ്റുമോ എന്ന കെ സച്ചിദാനന്റെ ആശങ്ക ജയശ്രീ മിശ്രയുടെ നിരീക്ഷണത്തോട് ചേര്‍ന്നു നിന്നു. സദസ്യരുടെ രസകരമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയും തരം തിരിവുകള്‍ക്കപ്പുറം അന്യോന്യം ഇടം അപഹരിക്കാതെ എഴുതി മുന്നേറാം എന്ന ആശയരൂപീകരണത്തിലൂടെ ചര്‍ച്ച അവസാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here