മെഡിക്കല്‍ പ്രവേശനം; ദേശീയതലത്തില്‍ ഏകീകൃത പൊതുപ്രവേശന പരീക്ഷ നടത്താന്‍ തീരുമാനം; ശുപാര്‍ശ കേന്ദ്ര ആരോഗ്യമന്ത്രാലയം അംഗീകരിച്ചു

ദില്ലി: മെഡിക്കല്‍ പ്രവേശനത്തിന് ദേശീയതലത്തില്‍ ഏകീകൃത പൊതുപ്രവേശന പരീക്ഷ നടത്താന്‍ തീരുമാനം. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ശുപാര്‍ശ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് അംഗീകരിച്ചത്. സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ ഇനി പൊതുപരീക്ഷയാണ് മാനദണ്ഡമാകുക.

മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് ദേശീയ തലത്തില്‍ ഏകീകൃത പൊതുപ്രവേശന പരീക്ഷ വേണ്ടെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ പരീക്ഷയുടെ മാനദണ്ഡമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് തീരുമാനിക്കാമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

പല പ്രവേശന പരീക്ഷകള്‍ എഴുതി വലിയ തുക ചിലവാകുന്ന രീതിക്കും സ്വകാര്യ മെഡിക്കല്‍ മാനേജുമെന്റുകള്‍ നടത്തുന്ന പ്രവേശന പരീക്ഷകളിലും ക്രമക്കേട് നടക്കുന്നുണ്ടെന്ന ആക്ഷേപങ്ങള്‍ക്ക് ഇടയിലാണ് പുതിയ നിയമഭേദഗതി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പരീക്ഷയുടെ സിലബസ് തയാറാക്കുന്നതിലും പരീക്ഷ നടത്തിപ്പിലും പൂര്‍ണ്ണ ചുമതല ഉണ്ടായിരിക്കുക. വളരെ നാളുകളായി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആവശ്യപ്പെടുന്ന കാര്യമാണ് രാജ്യത്താകെ ഒറ്റ ഏകീകൃത പ്രവേശന പരീക്ഷ എന്നത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ 2013ല്‍ ഈ തീരുമാനം നടപ്പാക്കാന്‍ ഒരുങ്ങിയപ്പോള്‍ സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളും കല്‍പിത സര്‍വ്വകലാശാല അധികൃതരും സുപ്രീംകോടതിയെ സമീപിച്ച് നടപടി തടഞ്ഞിരുന്നു. ഇതിന് പുറമേ ഇംഗ്ലീഷും ഹിന്ദിയും കൂടാതെ തമിഴ്, മറാത്തി, അസാമി, തെലുങ്കു, ബംഗ്ലാ, ഗുജറാത്തി എന്നീ ആറ് ഭാഷകളിലും കൂടി പരീക്ഷ നടത്തുന്ന കാര്യവും പരിഗണനയിലാണ്. വരുന്ന പാര്‍ലമെന്റ് സമ്മേളന കാലയളവില്‍ നിയമഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നഡ്ഡ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News