സരിതയ്ക്ക് കാശുകൊടുക്കേണ്ട ആവശ്യം സിപിഐഎമ്മിനില്ലെന്ന് പിണറായി; ആന്റണിയുടെ പ്രസ്താവന ജനങ്ങളുടെ സാമാന്യ ബോധത്തെ ചോദ്യം ചെയ്യുന്നത്

കോട്ടയം: കേരളത്തിന്റെ വികസനത്തെ കുറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ. ആന്റണി നടത്തിയ പ്രസ്താവന ജനങ്ങളുടെ സാമാന്യ ബോധത്തെ ചോദ്യം ചെയ്യുന്നതാണെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയന്‍. രാജ്യത്ത് ഇത്രത്തോളും വികസനം ഉണ്ടായിട്ടുള്ള ഒരു സംസ്ഥാനം ഇല്ലെന്നാണ് ആന്റണി പറഞ്ഞത്. കേരളത്തിലുണ്ടായത് അഴിമതിയുടെ ഭാഗമായുള്ള വികസനമാണെന്നും കൊള്ളസംഘത്തിന്റെ പ്രതീതിയാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്ക്കുള്ളതെന്നും പിണറായി പറഞ്ഞു.

ധാര്‍മികതയുടെ ഒരു അംശം പോലും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അവശേഷിക്കുന്നില്ല. അത്തരത്തിലുള്ള പാര്‍ട്ടിയുടെ നേതാവിന്റെ പക്കല്‍ നിന്നും ഇതിലും കൂടുതല്‍ പരാമര്‍ശം പ്രതീക്ഷിക്കേണ്ടതില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ഈ കൊള്ളസംഘത്തിന്റെ ഭരണം അവസാനിച്ചാല്‍ മതിയെന്ന് കോണ്‍ഗ്രസുകാര്‍ പോലും ചിന്തിക്കുന്നു. കേരളത്തില്‍ ഭരണതുടര്‍ച്ചയുണ്ടാകുമെന്ന ആന്റണിയുടെ വാദം കോണ്‍ഗ്രസുകാര്‍ പോലും വിശ്വസിക്കില്ല. യുഡിഎഫ് കക്ഷികള്‍ പോലും ഈ സര്‍ക്കാരിനെ കൈവിട്ടെന്നും പിണറായി പറഞ്ഞു.

സംസ്ഥാനം രൂപീകരിച്ചമുതല്‍ വാങ്ങിയ കടത്തിന് തുല്യമായ തുകയാണ് നാലര വര്‍ഷം കൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വാങ്ങിയത്. 54 വര്‍ഷം കൊണ്ട് 78,675 കോടി രൂപയായിരുന്നു കേരളത്തിന്റെ കടമെങ്കില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വാങ്ങിയത് 64,692 കോടി രൂപയാണ്. ഈ സാമ്പത്തിക വര്‍ഷാവസാനം കടം 1,59,523 കോടിയിലേക്ക് എത്തുമെന്നനാണ് വിലയിരുത്തല്‍. ഇത്തരത്തിലുള്ള ഒരു സംസ്ഥാനത്തെ കുറിച്ചാണ് ആന്റണി വന്‍ തോതിലുള്ള വികസനമെന്ന് പറഞ്ഞു നടക്കുന്നതെന്നും പിണറായി പറഞ്ഞു.

സരിത നായര്‍ക്ക് കാശുകൊടുക്കേണ്ട ആവശ്യം സിപിഐഎമ്മിനില്ലെന്നും പ്രസ്ഥാനം അത്രയ്ക്ക് തരം താഴ്ന്നിട്ടില്ലെന്നും പിണറായി മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News