ജനാധിപത്യം പുലര്‍ത്തുന്ന ധാര്‍മികമൂല്യത്തെ വീണ്ടെടുക്കണമെന്ന് ആനന്ദ്; സിനിമയ്ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നത് ആവിഷ്‌കാരസ്വാതന്ത്ര്യത്തെ ഹനിക്കുന്നെന്ന് കമല്‍

കോഴിക്കോട്: വ്യക്തികളും സാമൂഹിക സംഘടനകളും ഇന്നത്തെ അവസ്ഥയില്‍ നിന്നും മാറി ജനാധിപത്യം പുലര്‍ത്തുന്ന ധാര്‍മികമൂല്യത്തെ വീണ്ടെടുക്കുകയാണ് വേണ്ടതെന്ന് പ്രമുഖ എഴുത്തുകാരന്‍ ആനന്ദ് അഭിപ്രായപ്പെട്ടു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രതിസന്ധി എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തഴയുന്ന അധികാരത്തിനെതിരെയുള്ള പ്രതികരണങ്ങള്‍ നിശബ്ദമാക്കപ്പെടുകയാണെന്ന് സി രവിചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ആളുകള്‍ സ്വന്തം സ്വാതന്ത്ര്യം സ്വയം പരിമിതപ്പെടുത്തുകയാണ്. മതത്തിനെതിരാണെന്ന പേരില്‍ സാഹിത്യകൃതികള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന പ്രവണതയാണ് ഇന്നു കണ്ടുവരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെക്കുലര്‍ ഫണ്ടമെന്റലിസത്തിന്റെ കീഴിലുള്ള കേരളം സെക്കുലറിസത്തോട് നിരന്തരം ചോദ്യങ്ങള്‍ ചോദിക്കണമെന്നായിരുന്നു സിവിക്ചന്ദ്രന്റെ കാഴ്ചപ്പാട്. ഇതിനെ നേരിടാനുള്ള വഴി മതേതരത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ തുടങ്ങണമെന്ന് അദ്ദേഹം വിലയിരുത്തി.

സിനിമയെ മുന്‍നിര്‍ത്തി ശക്തമായ കാഴ്ചപ്പാടാണ് സംവിധായകന്‍ കമല്‍ മുന്നോട്ടു വച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി സംസാരിക്കുന്നവര്‍ ഫണ്ടമെന്റലുകളാണെന്ന് പറയുന്ന തരത്തിലേക്ക് സമൂഹം മാറിയതായി അദ്ദേഹം നിരീക്ഷിച്ചു. ദൃശ്യമാധ്യമങ്ങള്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന വര്‍ത്തമാന സമൂഹത്തില്‍ സിനിമക്കേര്‍പ്പെടുത്തിയിരിക്കുന്ന സെന്‍സര്‍ഷിപ്പ് ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നു. ചലചിത്രത്തില്‍ എന്ത്, എങ്ങനെ കാണിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം ഇന്നു സര്‍ക്കാരിനാണുള്ളത്. ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാതലത്തിലും നിഷേധിക്കപ്പെടുകയാണെന്നും കമല്‍ ആശങ്കപ്പെട്ടു.

ആവിഷ്‌കാര സ്വാതന്ത്ര്യം എഴുതാനുള്ള സ്വാതന്ത്ര്യമാണെന്നായിരുു എം.മുകുന്ദന്റെ അഭിപ്രായം. ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന സെക്കുലറിസത്തെ നിഷേധിക്കാതിരിക്കുന്നിടത്താണ് മതേതരത്വ ജനാധിപത്യം ഉള്ളതെന്ന് സാറാ ജോസഫ് വിലയിരുത്തി. രോഹിത് വെമുലയെ പോലുള്ള ഭാവി വാഗ്ദാനങ്ങളെ കൂമ്പടപ്പിക്കുന്ന പശ്ചാത്തലത്തില്‍ സംസാരിക്കുമ്പോള്‍ ഇന്ത്യയുടെ മതേതരത്വത്തെ എങ്ങനെ കാണണമെന്ന ചോദ്യവും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News