കൊളംബിയയില്‍ 3,100 ഗര്‍ഭിണികളില്‍ സിക വൈറസ് ബാധ സ്ഥിരീകരിച്ചു; മൂന്നു മരണം; ഉമിനീരിലും മൂത്രത്തിലും വൈറസ് സാന്നിധ്യം

കൊളംബിയ: ലോകമെങ്ങും ഭീതിപരത്തി വ്യാപിക്കുന്ന സിക വൈറസ് കൊളംബിയയെ രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. 3,100-ല്‍ അധികം ഗര്‍ഭിണികളില്‍ രോഗബാധ കണ്ടെത്തിയതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. കൊളംബിയന്‍ പ്രസിഡന്റ് യുവാന്‍ മാനുവല്‍ സാന്റോസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് മൂന്നു പേരാണ് കൊളംബിയയില്‍ മരിച്ചത്. സിക വൈറസ് ബാധിച്ചതിനെ തുടര്‍ന്നുള്ള അത്യപൂര്‍വ നാഡീരോഗമായ ഗില്യാന്‍ ബാര്‍ എന്ന രോഗം ബാധിച്ചാണ് മൂന്നുപേര്‍ മരിച്ചത്. സിക വൈറസ് ആദ്യം കണ്ടെത്തിയ ബ്രസീല്‍ ഇതിന്റെ കാരണം തേടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മൈക്രോസിഫാലി രോഗം കണ്ടെത്തിയ 4,000 പേര്‍ക്ക് സിക വൈറസ് ബാധയുണ്ടോ എന്ന കാര്യമാണ് ബ്രസീല്‍ അന്വേഷിക്കുന്നത്. ഇതില്‍ 17 പേര്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികളിലും അമ്മമാരിലും രോഗം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, സിക വൈറസ് മൈക്രോസിഫാലിക്ക് കാരണമാകുമോ എന്നു സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കൊളംബിയയില്‍ സികയുമായി ബന്ധപ്പെട്ട മൈക്രോസിഫാലി രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മുമ്പ് പുറത്തുവന്ന 500 രോഗബാധിതരുടെ കാര്യം അനിശ്ചിതമായി തുടരുകയാണ്.

സിക വൈറസിനെ പറ്റി ആളുകള്‍ ഇപ്പോഴും ബോധവാന്‍മാരല്ലെന്നതാണ് സത്യം. കാരണം, രോഗബാധ കണ്ടെത്തിയ 80 ശതമാനം പേരും കാര്യമായ രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല. പനിയും കണ്ണു രൂക്ഷമായി ചുവന്നതും മാത്രമാണ് ഇതിന്റെ ലക്ഷണമായി കാണുന്നത്. അതേസമയം, സിക വൈറസ് ബാധിച്ച രോഗികളുടെ ഉമിനീരിലും മൂത്രത്തിലും വൈറസിന്റെ സാന്നിധ്യമുണ്ടാകാമെന്നു ബ്രസീലിലെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ വഴി രോഗം പകരുമോയെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ഈഡിസ് കൊതുകുവഴി മാത്രമല്ല, ശാരീരിക ബന്ധത്തിലൂടെയും രക്തദാനത്തിലൂടെയും സിക വൈറസ് പകരുമെന്നു നേരത്തേ കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here