ഇന്നു തുടങ്ങിയതല്ല പെണ്‍യാത്രകള്‍ എന്നോര്‍മിപ്പിച്ച് കൈവിട്ട സഞ്ചാരങ്ങളുടെ ഓര്‍മകള്‍; ഓരോ യാത്രയും വൈയക്തികമെന്ന് സഞ്ചാരാനുഭവങ്ങള്‍ പങ്കിട്ടവര്‍

കോഴിക്കോട്: മലയാളി സ്ത്രീകളുടെ യാത്രകള്‍ ദേശാതിര്‍ത്തികളും അടിച്ചമര്‍ത്തലുകളും ഭേദിച്ചു പുറത്തേക്കു കുതിക്കുന്ന കാലത്ത് അനുഭവങ്ങളും കാഴ്ചകളും പങ്കിട്ട് മലയാളത്തിന്റെ യാത്രക്കാരികള്‍. കോഴിക്കോട് നടക്കുന്ന കേരള സാഹിത്യോത്സവത്തിലാണ് മലയാളി സ്ത്രീകളുടെ യാത്രാനുഭവങ്ങളും സമൂഹത്തിന്റെ മനോഭാവങ്ങളും ചര്‍ച്ചയായത്. ഓരോ യാത്രയും പൂര്‍ത്തിയായിക്കഴിയുമ്പോള്‍ അതിനെ ക്രിയാത്മകമായി കാണുന്നതിനേക്കാള്‍ വൈയക്തികമായി കാണുന്നതാണു സഞ്ചാരമെഴുത്തില്‍ സ്ത്രീകളുടെ എണ്ണം കുറയാന്‍ കാരണമെന്നു യാത്രകള്‍ നടത്തിയവര്‍ വിലയിരുത്തി.

ഭര്‍തൃഗൃഹത്തിലേക്കു നടത്തിയ യാത്രകളാണ് കേരളത്തില്‍ അടുത്തകാലം വരെ സ്ത്രീകളില്‍ പൊതുവായുണ്ടായിരുന്ന യാത്രകളുടെ സ്വഭാവമെന്നും ഇപ്പോള്‍ രാഷ്ട്രീയപരമായി പരിവര്‍ത്തനം ചെയ്യപ്പെടേണ്ട നിലയിലും അര്‍ഥം കണ്ടെത്തേണ്ട നിലയിലും സ്ത്രീകളുടെ യാത്രകള്‍ മാറ്റപ്പെട്ടിട്ടുണ്ടെന്നു മാധ്യമപ്രവര്‍ത്തകയായ വിധു വിന്‍സെന്റ് പറഞ്ഞു. ഒരു സ്ത്രീയെന്ന നിലയില്‍ തനിക്കൊരു ദേശമില്ലെന്നും എന്നാല്‍ ഒരു സ്ത്രീയെന്ന നിലയില്‍ ലോകം മുഴുവന്‍ തനിക്കു ദേശമാണെന്നും പറഞ്ഞ വിര്‍ജീനിയ വുള്‍ഫിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു വിധു വിന്‍സെന്റ് യാത്രാനുഭവങ്ങളും സഞ്ചാര സങ്കല്‍പങ്ങളും പങ്കിട്ടത്. ആണധികാരപരമായി കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പോലുമുണ്ടായിരുന്ന യാത്രയുടെ ചറ്റുപാടുകളെക്കുറിച്ചുള്ള വിര്‍ജീനിയ വുള്‍ഫിന്റെ ഓര്‍മകള്‍ പങ്കിട്ടുകൊണ്ട് വിധു വിന്‍സെന്റ് എല്ലാക്കാലത്തും ലോകത്താകമാനം കൈവിട്ട യാത്രനടത്തിയ സ്ത്രീകളുടെ ചരിത്രമുണ്ടെന്നു വിശദീകരിച്ചു. പുറത്തേക്കു നടത്തുന്ന യാത്ര പോലെതന്നെ പ്രധാനമാണ് അകത്തേക്കുള്ള യാത്രകളെന്നും അത്തത്തില്‍ യാത്ര പോകുമ്പോഴാണ് അര്‍ഥമുണ്ടാവുക. ദൈനംദിന യാത്രകളില്‍ കണ്ണും കാതും തറന്നുവച്ചു പുറത്തേക്കു നോക്കിയാല്‍ മതിയെന്നും ഇവയാണ് കൈവിട്ട യാത്രകളായി പരിവര്‍ത്തനപ്പെടുകയെന്നും വിധു ചൂണ്ടിക്കാട്ടി.

രണ്ടു സ്ത്രീകള്‍ ഒന്നിച്ച് യാത്ര പോയപ്പോള്‍ അതു പറയേണ്ടിവരുമെന്നോ എഴുതേണ്ടി വരുമെന്നോ കരുതിയിരുന്നില്ലെന്നും അടുത്ത യാത്രയ്ക്കായി പണം കണ്ടെത്താനാണ് യഥാര്‍ഥത്തില്‍ താനും മഡോണയും ഒന്നിച്ചു നടത്തിയ യാത്രാനുഭവം എഴുതാന്‍ തീരുമാനിച്ചതെന്നും അപര്‍ണ പറഞ്ഞു. അപര്‍ണയും മഡോണയും ഒന്നിച്ചു നടത്തിയ യാത്രയാണ് മലയാളത്തില്‍ സ്ത്രീകള്‍ നടത്തിയ യാത്രകളുടെ തുടക്കമായി രേഖപ്പെടുത്തപ്പെട്ടത്. സാധാരണ യാത്ര പോകുമ്പോള്‍ എവിടെപ്പോകണമെന്നോ എവിടെ താമസിക്കണമെന്നോ എന്തു കഴിക്കണമെന്നോ തീരുമാനിച്ചിരുന്നത് പുരുഷനാണ്. വാഹനത്തില്‍ കയറി ഇരിക്കുക പോവുക എന്നതു മാത്രമായിരുന്നു സ്ത്രീയുടെ ഉത്തരവാദിത്തം. ഇതില്‍നിന്നു മാറ്റം തേടി എന്തുകൊണ്ടു സ്ത്രീകള്‍ക്കു യാത്ര പൊയ്ക്കൂടാ എന്ന ചോദ്യമാണ് തന്നെയും മഡോണയെയും യാത്രയ്ക്കു പ്രേരിപ്പിച്ചതെന്നും കുടുംബിനികളും ഉദ്യോഗസ്ഥരുമായ തങ്ങള്‍ക്ക് പല പ്രതിസന്ധികളെയും അതിജീവിക്കേണ്ടി വന്നെന്നും അപര്‍ണ പറഞ്ഞു. കോഴിക്കോട്ട് കടപ്പുറത്തുവച്ചാണ് താനും മഡോണയും യാത്രകള്‍ പദ്ധതിയിട്ടത്. ജോലിയുള്ളതിനാല്‍ അവധിവേണം. കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കണം. ഈ സാഹചര്യങ്ങളൊക്കെ നിലനില്‍ക്കുമ്പോഴാണ് യാത്രപോയത്. പെണ്ണിറങ്ങിപ്പോവുക എന്നത് സമൂഹം അത്ര നല്ല കണ്ണോടെയല്ല കാണുക. ഒരു പെണ്‍കുട്ടിക്ക് ഒരു യാത്രപോകാം എന്ന ബോധം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ തങ്ങളുടെ യാത്ര വിജയിച്ചിട്ടുണ്ടെന്നും അപര്‍ണ പറഞ്ഞു.

കുടുംബവ്യവസ്ഥയില്‍നിന്നുകൊണ്ടുതന്നെ സ്ത്രീക്ക് ഒറ്റയ്ക്കു യാത്ര പോകാന്‍ കഴിഞ്ഞു എന്നുണ്ടെങ്കില്‍ അതിനെ കൈയടിയോടെ സ്വീകരിക്കണമെന്നു മാധ്യമപ്രവര്‍ത്തകയായ സോഫിയാ ബിന്ദ് പറഞ്ഞു. മനുഷ്യന്‍ എപ്പോഴും ജീവനത്തിന് യാത്ര ചെയ്യുന്നവരാണ്. തനിക്കു പലപ്പോഴും ഉത്തരവാദിത്തങ്ങളില്‍നിന്നുള്ള ഒളിച്ചോട്ടങ്ങളാണ് യാത്രകളെന്നും തിരികെ വ്യവസ്ഥിതിയിലേക്കു തന്നെ മടങ്ങിവരുന്നതാണ് അവയെന്നും അവര്‍ പറഞ്ഞു. വ്യവസ്ഥിതിയും പണവുമാണ് സ്ത്രീയുടെ യാത്രയ്ക്കുള്ള രണ്ടു തടസങ്ങള്‍. രണ്ടാം ക്ലാസ് ട്രെയിനില്‍ എല്ലാ ജീവിതവും കണ്ടു കൊണ്ടും എസിയില്‍ സുഖലോലുപമായും യാത്ര ചെയ്യാം. കൊല്‍ക്കത്തയിലും രാജസ്ഥാനിലും നടക്കുമ്പോള്‍ ആളുകളുടെ രൂപങ്ങളില്‍ പോലും വ്യത്യാസം കാണുന്നു. കേരളത്തിലേക്കു വിദേശ യുവതികള്‍ ഒറ്റയ്ക്കു വരുമ്പോള്‍ നമ്മുടെ നാട്ടിലെ സ്ത്രീകള്‍ മറ്റിടങ്ങളിലേക്കാണു പോകുന്നത്. അതു സ്വാതന്ത്ര്യം തേടിയുള്ള യാത്രകളാണ്. അനുയാത്രയ്ക്കപ്പുറം കേരളത്തിലെ സ്ത്രീകള്‍ ഇപ്പോള്‍ തീര്‍ഥാടനയാത്രകള്‍ കൂടുതലായി നടത്തിക്കണ്ടുവരുന്നു. യാത്രാനുഭവങ്ങള്‍ എന്തുകൊണ്ടു സ്ത്രീകളില്‍നിന്നു വലിയതോതില്‍ ഉണ്ടാകുന്നില്ലെന്ന ചോദ്യത്തിന് യാത്രകള്‍ സ്ത്രീകള്‍ ക്രിയാത്മകമായി കാണുന്നതിനേക്കാള്‍ വൈയക്തികമായാണ് കാണുന്നതെന്നും സോഫിയാ ബിന്ദ് പറഞ്ഞു.

മനുഷ്യചരിത്രം മുതലേ യാത്രകളുണ്ട്. ഇന്ത്യയിലെ പുഴകള്‍ക്കു പോലും സ്ത്രീകളുടെ പേരാണ്. സ്ത്രീകളെ വീടുകളില്‍ ഒതുക്കി നിര്‍ത്തി സ്വാഭാവികത നഷ്ടപ്പെടുത്തുന്നതാണ് ഒഴുക്കു തടയുന്നത്. പലപ്പോഴും കുടുംബത്തിന്റെ ഭീഷണികളാണ് ഇത്തരത്തില്‍ ഒഴുക്കു തടസപ്പെടുത്തുന്നത്. കുട്ടിയെ ആരു നോക്കും, കുട്ടി വഴിതെറ്റിപ്പോയാല്‍ ഉത്തരവാദിത്തം നിനക്കു മാത്രമായിരിക്കും എന്ന മുതിര്‍ന്നവരുടെ ഭീഷണികള്‍ നേരിട്ടുകൊണ്ടാണ് സ്ത്രീകള്‍ യാത്രയ്ക്കിറങ്ങുന്നതെന്നും മഡോണ പറഞ്ഞു.

താന്‍ കൈവിട്ട യാത്രകളും കൈവിടാതെയുള്ള യാത്രകളും ആസ്വദിച്ചിട്ടുണ്ടെന്നു മാധ്യപ്രവര്‍ത്തകയായ അനുശ്രീ പറഞ്ഞു. പഠനാവശ്യങ്ങള്‍ക്കും മറ്റു ജീവിത നിര്‍ബന്ധങ്ങള്‍ക്കും നിവൃത്തികേടുകള്‍ മൂലവുമാണ് പല സ്ത്രീകളും യാത്രയ്ക്കിറങ്ങുന്നത്. തൃശൂര്‍ ആറങ്ങോട്ടുകര സ്വദേശിയായ താന്‍ പഠനകാലത്ത് ദിവസവും ഒരേ ബസില്‍ എഴുപതു കിലോമീറ്റര്‍ സഞ്ചരിച്ചു തൃശൂരിലെ കോളജില്‍ പോയി വന്നിരുന്നു. ഒരേ ബസും ഒരേ കണ്ടക്ടറും ഒരേ ഡ്രൈവറും ഒരേ കാഴ്ചകളുമായിട്ടും ഒരു ദിവസം പോലും യാത്ര മടുത്തില്ല. നിരവധി യാത്രകള്‍ ദേശത്തും വിദേശത്തും നടത്തിയിട്ടുള്ള അനിതാനായരെ ഒരിക്കല്‍ അഭിമുഖം ചെയ്തു. അന്നു ചോദിച്ചത് യാത്ര പോകാന്‍ പേടി തോന്നിയിട്ടുണ്ടോ എന്നാണ്. പുരുഷന്‍മാര്‍ക്കുള്ള പേടി മാത്രമേ യാത്രകളില്‍ സ്ത്രീകള്‍ക്കുമുള്ളൂ എന്നായിരുന്നു അവരുടെ മറുപടി. എപ്പോഴും ആക്രമിക്കപ്പെട്ടേക്കാം എന്ന പേടിയില്‍നിന്നു മാറുക എന്നതാണ് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ത്രീ ചെയ്യേണ്ടത്. സ്ത്രീകള്‍ മാത്രം ഒന്നിച്ചു യാത്ര ചെയ്യുന്നതാണ് നല്ലത്. ഒരിക്കല്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഔദ്യോഗികാവശ്യത്തിനു പോകേണ്ടിവന്നു. കാട്പാടിയില്‍ ട്രെയിനിന് തല്‍കാല്‍ ടിക്കറ്റെടുക്കണമായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് എടുത്തു തരാമെന്നു പറഞ്ഞ് ഒരാള്‍ കൂട്ടിക്കൊണ്ടുപോയി. കുറേക്കഴിഞ്ഞാണ് അയാള്‍ പറ്റിക്കുകയാണെന്നു മനസിലായത്. അപ്പോള്‍ ഒറ്റയ്ക്കായിരുന്നെങ്കിലും പതറിയില്ല. ഒരിക്കല്‍ വിധു വിന്‍സെന്റിനൊപ്പം രാമേശ്വരത്തു പോയി. അന്നു ട്രെയിന്‍ പോയി. വിറകുവണ്ടിയില്‍ കയറിയാണ് പോന്നത്. അതാണ് ഒപ്പം ഒരു സ്ത്രീയുള്ളപ്പോഴത്തെ മെച്ചം. അനുശ്രീ പറഞ്ഞു.

വിദേശരാജ്യത്തു പഠനാര്‍ഥം ജീവിച്ചപ്പോഴത്തെ യാത്രകളായിരുന്നു ഗവേഷക രേഷ്മാ ഭരദ്വാജിനു പറയാനുണ്ടായിരുന്നത്. യാത്രകള്‍ പോകാനായി പണം കണ്ടെത്താന്‍ ജോലി നോക്കിയിരുന്നു. വെള്ളക്കാരല്ലാത്തവരാണ് ഇങ്ങനെ ജോലിക്കു പോയി പണം കണ്ടെത്തിയിരുന്നത്. ഇങ്ങനെയുള്ളവര്‍ പോകുന്ന ട്രെയിനിനെ ബ്ലാക്ക് ട്രെയിന്‍ എന്നാണു വിളിച്ചിരുന്നത്. പലപ്പോഴും യാത്രകള്‍ നല്‍കിയത് വംശീയതയുടെ ഞെട്ടിപ്പിക്കുന്ന തിരിച്ചറിവുകള്‍ കൂടിയായിരുന്നു. നാട്ടിലെ സാമൂഹിക സ്ഥിതിയുടെ കെട്ടുപാടുകള്‍ പൊട്ടിച്ചെറിഞ്ഞ് പരീക്ഷണങ്ങള്‍ നടത്തണം. ധാരാളിത്തം കാട്ടണമെങ്കില്‍ മതം, രാഷ്ട്രം എന്നീ പ്രതീകങ്ങളില്‍നിന്നു രക്ഷപ്പെടണമെന്നും രേഷ്മ പറഞ്ഞു.

നമ്മള്‍ കരുതിയാലും നമ്മളെ കരുതാത്ത സമൂഹമാണ് പലപ്പോഴും പേടിപ്പിക്കുന്നതെന്നു മാധ്യമപ്രവര്‍ത്തക വി പി റെജീന പറഞ്ഞു. പേടി തോന്നുന്ന സാഹചര്യങ്ങളെ സമചിത്തതയോടെ നേരിടണം. തൊഴില്‍ ആവശ്യാര്‍ഥം പോയ യുവതി ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍ എന്തിനാണ് അവിടെ പോയതെന്നു യുവതിയോടു ചോദിച്ചതു കോടതിയാണ്. മാനസികമായ വേട്ടയാടലും ശാരീരികമായ വേട്ടയാടലും യാത്ര ചെയ്യുന്ന സ്ത്രീയെ ഒരേപോലെയാണ് ബാധിക്കുന്നതെന്നും റെജീന പറഞ്ഞു. എ കെ ജയശ്രീ മോഡറേറ്ററായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News