കോലീബി സഖ്യം വീണ്ടും പ്രാവര്‍ത്തികമാക്കാന്‍ ലീഗ് ശ്രമമെന്ന് പിണറായി വിജയന്‍; ലീഗ്-ആര്‍എസ്എസ് കൂടിക്കാഴ്ച ഇതിനു തെളിവ്; യുഡിഎഫ് ചതിയന്‍മാരുടെ മുന്നണിയെന്ന് മാണി പറഞ്ഞത് വെറും വാക്കല്ല

വൈക്കം: മുസ്ലിംലീഗ് നേതാക്കളും ബിജെപി നേതാക്കളും കോഴിക്കോട്ടെ മുസ്ലിംലീഗ് ഓഫീസില്‍ കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ മുസ്ലിംലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. നേരത്തെ രൂപീകരിച്ചതു പോലുള്ള കോലിബി സഖ്യം വീണ്ടും പ്രാവര്‍ത്തികമാക്കാനുള്ള നീക്കമായിട്ടാണ് ഇതിനെ കാണേണ്ടത്. അങ്ങനെ എങ്കില്‍ അത് വിനാശകരമായിരിക്കുമെന്നും പിണറായി വിജയന്‍ മുന്നറിയിപ്പു നല്‍കി. ലീഗിന്റെ നേതൃനിര മലപ്പുറത്താണെങ്കിലും മറ്റു കേന്ദ്രങ്ങളെല്ലാം കോഴിക്കോട്ടാണ്. കേന്ദ്രീകൃത പ്രവര്‍ത്തനങ്ങളും കോഴിക്കോട്ടാണ്. ബിജെപിക്ക് പുതിയ നേതൃനിര വന്നതു കൊണ്ടാണ് കൂടിക്കാഴ്ച എന്നു പറഞ്ഞ് ഒഴിയാമെന്നു കരുതേണ്ട. അങ്ങനെ എങ്കില്‍ എല്ലാ പാര്‍ട്ടിക്കാരെയും കാണണം. എന്തുകൊണ്ടാണ് മുസ്ലിംലീഗിനെ മാത്രം കണ്ടത്.

മുസ്ലിം ജനസാമാന്യം ഇത് മനസ്സിലാക്കും. വര്‍ഗീയ ശക്തികള്‍ മതനിരപേക്ഷതയ്ക്ക് പോറലേല്‍പിക്കുന്നുണ്ട്. അതു കണ്ടുകൊണ്ടുള്ള സമീപനം മതന്യൂനപക്ഷങ്ങളില്‍ നിന്നുണ്ടാകണം. മതനിരപേക്ഷ ചിന്തകര്‍ ഇതിനെതിരെ നിലകൊള്ളുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

യുഡിഎഫ് ചതിയന്‍മാരുടെ മുന്നണിയാണെന്നും ആരെയും നമ്പാന്‍ കൊള്ളില്ലെന്നും കെ.എം മാണി പറഞ്ഞത് വെറും വാക്കായി കാണേണ്ടതില്ല. ഉമ്മന്‍ചാണ്ടിയെയാണ് പ്രസ്താവനയിലൂടെ മാണി ലക്ഷ്യം വച്ചതെന്ന് വ്യക്തമാണ്. ഇക്കാര്യം മാണിക്കു തന്നെ പറയേണ്ടി വന്നു എന്നതാണ് സത്യം. മാണിയെ കൊലയ്ക്കു കൊടുത്ത് മറ്റുപലരെയും ഉമ്മന്‍ചാണ്ടി രക്ഷിച്ചു. ഇതാണ് ഇങ്ങനെ പറയാന്‍ മാണിയെ പ്രേരിപ്പിച്ചത്. ഉമ്മന്‍ചാണ്ടിയുടെ സംരക്ഷകരായതു കൊണ്ട് ആന്റണിക്കും സുധീരകനും ഒന്നും പറയാന്‍ പറ്റില്ല. യുഡിഎഫിലെ അന്തഃഛിദ്രത്തിന്റെ നാന്ദിയാണ് ഇതെന്നും പിണറായി വിജയന്‍ പറഞ്ഞു.

ചില പൊലീസ് ഉദ്യോഗസ്ഥരെ ക്രൂശിക്കുന്നതും ചിലരെ പ്രീണിപ്പിക്കുന്നതും എല്ലാവര്‍ക്കും മനസ്സിലാകുന്നുണ്ട്. ഇതൊക്കെ ഭരണത്തകര്‍ച്ചയെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഉമ്മന്‍ചാണ്ടിക്ക് തുടരാന്‍ അവകാശം നഷ്ടപ്പെട്ടെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫിലേക്ക് ഏതു പാര്‍ട്ടിക്കു വേണമെങ്കിലും വരാം. ആര്‍എസ്പിക്കു ഇടതുപക്ഷത്തേക്ക് വരുന്നതിനു തടസ്സമില്ല. അത് അവര്‍ തീരുമാനിക്കണം. അവര്‍ ഇടതുപക്ഷ പാര്‍ട്ടിയാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News