സിക വൈറസിനെ തോല്‍പിക്കാന്‍ ഒരു മഹാരാഷ്ട്ര മാതൃക; കൊതുകിനെ തുരത്താന്‍ നന്ദേഡിലെ ഗ്രാമങ്ങളുടെ വിജയമാതൃക

പുണെ: ലോകമെങ്ങും ഭീതിപരത്തി പടരുന്ന സിക വൈറസിനെ തോല്‍പിക്കാന്‍ ഇതാ ഒരു മഹാരാഷ്ട്രിയന്‍ ഗ്രാമീണമാതൃക. സിക വൈറസ് പരത്തുന്നത് കൊതുകുകള്‍ ആണെന്നിരിക്കെ കൊതുകുകളെ തുരത്താനുള്ള മാര്‍ഗമാണ് നന്ദേഡ് ജില്ലയിലെ ഏതാനും ഗ്രാമങ്ങള്‍ നടപ്പാക്കിയത്. മലിനജലം ഭൂമിക്കടിയിലേക്ക് പോകുന്ന തരത്തിലുള്ള ഡ്രെയ്‌നേജ് സൃഷ്ടിച്ചാണ് നന്ദേഡിലെ ഗ്രാമങ്ങള്‍ മാതൃകയാകുന്നത്. സിക വൈറസ് മൂലം ഭീതിയില്‍ കഴിയുന്ന ലോകരാഷ്ട്രങ്ങള്‍ക്ക് മാതൃകയാകുകയാണ് ഗ്രാമങ്ങള്‍.

നാലടി ആഴത്തിലുള്ള ഒരു കുഴിയാണ് വീടുകളുടെ പിന്നില്‍ കുഴിച്ചത്. തുറന്ന ഡ്രെയ്‌നേജുകളിലൂടെ പുറത്തേക്കൊഴുകുന്ന വെള്ളം ഇത് ഇല്ലാതാക്കും. ഇതുവഴി കൊതുകുകള്‍ പരക്കുന്നത് ഇല്ലാതാക്കാനും സാധിക്കും. കൊതുകുകളെ അവയുടെ തുടക്ക സമയത്തു തന്നെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഹിമായത് നാഗര്‍തലുകയിലെ ടെബുര്‍ണി ഗ്രാമത്തില്‍ ഒരു ദശാബ്ദക്കാലമായി പരീക്ഷിച്ച് വിജയിച്ച ഒരു പദ്ധതിയാണിത്. പ്രഹ്ലാദ് പാട്ടീല്‍ എന്നയാളാണ് കുഴി എടുക്കല്‍ പദ്ധതിയുടെ ബുദ്ധികേന്ദ്രം. എന്നാല്‍, ഇത്രയും നല്ലൊരു കാര്യമായിട്ടും സര്‍ക്കാരില്‍ നിന്ന് യാതൊരു ധനസഹായവും പ്രഹ്ലാദിന് ലഭിച്ചില്ല. ഇതോടെ ഗ്രാമവാസികള്‍ തന്നെ പണം സ്വരൂപിക്കാന്‍ തുടങ്ങി.

നാലടി താഴ്ചയുള്ള കുഴിയില്‍ ഒരു സിമന്റ് പൈപ്പ് ഘടിപ്പിക്കുന്നുണ്ട്. ഇതിനു തുല്യ അകലത്തില്‍ നാലു സുഷിരങ്ങളും ഉണ്ടായിരിക്കും. ചരല്‍ക്കല്ലും മണലും ചേര്‍ത്ത മിശ്രിതം വെള്ളം ഭൂമിക്കടിയിലേക്ക് ഇറങ്ങാന്‍ സഹായിക്കുകയും ചെയ്യും. ഒരുവര്‍ഷത്തിനകം എല്ലാ വീടുകളിലും ഇതുകൊണ്ടുവരാനാണ് ആലോചിക്കുന്നതെന്ന് പ്രഹ്ലാദ് പാട്ടീല്‍ പറഞ്ഞു. 1980-ല്‍ എന്‍ജിനീയറിംഗ് കഴിഞ്ഞയാളാണ് പാട്ടീല്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here