ബാറുകള്‍ തുറക്കാമെന്ന് സിപിഐഎം ആര്‍ക്കും ഉറപ്പു നല്‍കിയിട്ടില്ലെന്ന് കോടിയേരി; ബാറുടമകളെ ഉപയോഗിച്ച് സര്‍ക്കാരിനെ വീഴ്‌ത്തേണ്ട ആവശ്യം ഇല്ല; ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ വെല്ലുവിളി

തിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ തുറന്നു കൊടുക്കാമെന്ന് സിപിഐഎം ആര്‍ക്കും ഉറപ്പു നല്‍കിയിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബാറുകള്‍ തുറക്കാമെന്ന നിലപാട് എല്‍ഡിഎഫ് എടുത്തിട്ടില്ല. ബാറുടമകള്‍ സര്‍ക്കാരിനെ വീഴ്ത്തുമെന്ന് കരുതാന്‍ മാത്രം മണ്ടന്‍മാരല്ല ഞങ്ങള്‍. ആരോപണങ്ങള്‍ അവാസ്തവവും അസംബന്ധവുമാണ്. സര്‍ക്കാരിനെ അട്ടിമറിക്കാമെന്ന ഉദ്ദേശം പ്രതിപക്ഷത്തിനും ഇല്ല. പുതിയ ആരോപണങ്ങളില്‍ പെട്ട് വലയുന്ന സര്‍ക്കാരിന്റെ മരണ വെപ്രാളമാണ് ശബ്ദരേഖയെന്നും കോടിയേരി പറഞ്ഞു.

ഈ ശബ്ദരേഖ തെളിവായി സ്വീകരിക്കുകയാണെങ്കില്‍ ശബ്ദരേഖയുടെ മാസ്റ്റര്‍ സിഡി പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ കോടിയേരി സര്‍ക്കാരിനെ വെല്ലുവിളിച്ചു. സിഡിയുടെ ഒരു ഭാഗം വിശ്വസിക്കുന്നവര്‍ മറ്റേഭാഗവും വിശ്വസിക്കാന്‍ തയ്യാറുണ്ടോ? അങ്ങനെ എങ്കില്‍ നാലു മന്ത്രിമാര്‍ കോഴ വാങ്ങി എന്നു പറയുന്ന ഭാഗം വിശ്വസിക്കാന്‍ തയ്യാറുണ്ടോ എന്ന് വ്യക്തമാക്കണം. കേസെടുത്താല്‍ അതേ ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ രമേശ് ചെന്നിത്തല, വിഎസ് ശിവകുമാര്‍, കെ ബാബു , കെഎം മാണി എന്നിവര്‍ക്കെതിരെയും കേസെടുക്കണം. അത് ചെയ്യുമോ എന്നു വ്യക്തമാക്കണമെന്നും കോടിയേരി വ്യക്തമാക്കി.

കെ ബാബുവിനും കെഎം മാണിക്കും അനുകൂലമായ റിപ്പോര്‍ട്ട് തയ്യാറാക്കിച്ചത് ഭീഷണിപ്പെടുത്തിയാണ്. ഡിസിപി നിഷാന്തിനി ഐപിഎസിനെ ഭീഷണിപ്പെടുത്തിയാണ് കെ ബാബുവിന് അനുകൂലമായ റിപ്പോര്‍ട്ട് തയ്യാറാക്കിച്ചത്. സുകേശനെതിരായി കേസെടുത്തത് ഐപിഎസ് ലിസ്റ്റില്‍ സുകേശന്റെ പേരു വരാതിരിക്കാനാണ്. സുകേശനെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് മാണിക്ക് അനുകൂലമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മാണി കോഴ വാങ്ങിയതിന് തെളിവുണ്ടെന്ന് ആദ്യം പറഞ്ഞത് സുകേശനായിരുന്നു. കേസെടുക്കും എന്നു പറഞ്ഞതു കൊണ്ടാണ് അനുകൂല റിപ്പോര്‍ട്ട് നല്‍കിയതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News