കണ്ണൂരില്‍ സിപിഐഎം പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ വ്യാപക അക്രമം; പിന്നില്‍ ആര്‍എസ്എസ് – ലീഗ് പ്രവര്‍ത്തകരെന്ന് സിപിഐഎം

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ വിവിധ ഇടങ്ങളിലായി സിപിഐഎം ഓഫീസുകള്‍ക്കു നേരെയുംവായനശാലകള്‍ക്കു നേരെയും ആക്രമണം. പുലര്‍ച്ചെയോടെയാണ് പയ്യന്നൂരില്‍ സിപിഐഎം ഏരിയാകമ്മിറ്റി ഓഫീസിനു നേരെയും മാവിച്ചേരി ബ്രാഞ്ച്കമ്മിറ്റി ഓഫീസായ ഷേണായി മന്ദിരത്തിന് നേരെയും ആക്രമണമുണ്ടായത്. ഓഫീസുകള്‍ ആക്രമികള്‍ കരി ഒയില്‍ ഒഴിച്ച് വികൃതമാക്കി. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎം വ്യക്തമാക്കി.

പയ്യന്നൂരിന് പുറമെ വളപട്ടണത്തും സിപിഐഎം ഒഫീസിന് നേരെ ആക്രമണമുണ്ടായി ഓഫീസ് അടിച്ചുതകര്‍ത്ത ആക്രമികള്‍ ഓഫീസിനുള്ളില്‍ സൂക്ഷിച്ചിരുന്ന വളപട്ടണം സഹകരണ ബാങ്കുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിന്റെ ഫയലുകള്‍ മോഷ്ടിച്ചതായും പരാതി ഉണ്ട്. സംഭവത്തിന് പിന്നില്‍ ലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഐഎം ആരോപിച്ചു.

അതേസമയം പെരളശ്ശേരി മാവിലായി കോട്ടം പ്രദേശങ്ങളിലെ വായനശാലകള്‍ക്കും സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണമുണ്ടായി. ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ എതിരാളികളെന്നും സാമൂഹ്യവിരുദ്ധ സ്വഭാവത്തോടെ ഇവര്‍ നടത്തുന്ന ആക്രമണങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സിപിഐഎം വാര്‍ത്താകുറിപ്പില്‍ ആഹ്വാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here