ലഷ്‌കറെ തയ്ബ ആക്രമണം ആസൂത്രണം ചെയ്തത് ഐഎസ്‌ഐയുടെ പങ്കാളിത്തത്തോടെ; ഹെഡ്‌ലിയുടെ മൊഴിയെടുക്കല്‍ തുടരുന്നു

മുംബൈ: മുംബൈ ഭീകരാക്രമണത്തിലെ പ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ മൊഴിയെടുക്കല്‍ രണ്ടാംദിവസവും തുടരുന്നു. ഐഎസ്‌ഐയാണ് ലഷ്‌കറെ തയ്ബ സംഘത്തിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നതെന്നും ഐഎസ്‌ഐ മുന്‍തലവനാണ് പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതെന്നും ഹെഡ്‌ലി മൊഴി നല്‍കി.

ഐഎസ്‌ഐയുടെ സജീവ പങ്കാളിത്തത്തോടെയാണ് ലഷ്‌കറെ തയ്ബ ഭീകരാക്രമണം ആസൂത്രണം ചെയ്തത്. ഒരു വര്‍ഷം മുന്‍പ് തന്നെ പദ്ധതി തയ്യാറാക്കിയിരുന്നു. ഇന്ത്യന്‍ കരസേനയില്‍ ചാരന്‍മാരെ കണ്ടെത്താന്‍ ഐഎസ്‌ഐ നിര്‍ദ്ദേശിച്ചിരുന്നുവെന്നും ഹെഡ്‌ലി മൊഴി നല്‍കി.

രാവിലെ എട്ടു മണി മുതല്‍ 12.30 വരെയാണ് മൊഴിയെടുപ്പ് നടക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സ് വഴി മുംബൈ ടാഡാ കോടതിയാണ് മൊഴി രേഖപ്പെടുത്തുന്നത്. ചിക്കാഗോ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഹെഡ്‌ലി മൊഴി നല്‍കുന്നത്.

ലഷ്‌കര്‍ തലവന്‍ ഹാഫിസ് സയിദിന്റേയും ഇസ്ലാമബാദില്‍ തടവില്‍ കഴിയുന്ന സാക്കിയൂര്‍ റഹ്മാന്‍ ലഖ്‌വിയുടേയും നിര്‍ദേശത്തിലാണ് മുംബൈ ഭീകരാക്രമണം നടപ്പാക്കിയതെന്ന് ഹെഡ്‌ലി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. പേരു മാറ്റി എട്ടുതവണ ഇന്ത്യയിലെത്തി. ഏഴു തവണയും മുംബൈയിലാണ് വന്നതെന്നും ലഷ്‌കറെ നേതാവ് സാജിദ് മിറിന്റെ നിര്‍ദേശപ്രകാരമായിരുന്നു സന്ദര്‍ശനമെന്നും ഹെഡ്‌ലി ഇന്നലെ മൊഴി നല്‍കിയിരുന്നു. ആക്രമണം ആസൂത്രണം ചെയ്യാന്‍ മുംബൈയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കിയെന്നും ഹെഡ്‌ലി പറഞ്ഞു.
ഭീകരാക്രമണം നടത്താന്‍ ഹാഫിസ് സെയ്ദ് സഹായിച്ചു. സെയ്ദിന്റെ പ്രസംഗങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആക്രമണം നടത്തിയതും ഹെഡ്‌ലി പറഞ്ഞു. 2002ല്‍ ഹാഫിസ് സെയ്ദുമായി കൂടിക്കാഴ്ച നടത്തി. മുസാഫര്‍ബാദില്‍ ട്രെയിനിംഗ് ക്യാമ്പിനിടെ ഹാഫിസിനെ കണ്ടുവെന്നും ഹെഡ്‌ലി ഇന്നലെ പറഞ്ഞിരുന്നു.

മുംബൈ ഭീകരാക്രമണത്തില്‍ അടക്കം ലഷ്‌കറെ തയിബ ആക്രമണങ്ങള്‍ കണക്കിലെടുത്ത് 35 വര്‍ഷത്തെ തടവില്‍ കഴിയുകയാണ് ഹെഡ്‌ലി. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ ആണ് 2009ല്‍ പാക്കിസ്ഥാനിലേക്കുള്ള യാത്രമദ്ധ്യേ ഹെഡ്‌ലിയെ അറസ്റ്റ് ചെയ്തത്.

ആദ്യം ഇന്ത്യ നടത്തിയ ചോദ്യം ചെയ്യലില്‍ മുംബൈ ഭീകരാക്രമണത്തില്‍ പങ്ക് ഉണ്ടെന്ന് സമ്മതിക്കാന്‍ ഹെഡ്‌ലി തയാറായിരുന്നില്ല. തുടര്‍ന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയുടെ കൂടി നിര്‍ദേശപ്രകാരമാണ് മാപ്പ് സാക്ഷിയാകാന്‍ ഹെഡ്‌ലി സന്നദ്ധത അറിയിച്ചത്. ലഷ്‌കറെ തയിബ ഭീകരര്‍ പാക്ക് ചാരസംഘടനയുടെ പിന്തുണയിലാണ് ആക്രമണം നടത്തിയതെന്ന് ഹെഡ്‌ലി എന്‍ഐഎക്ക് മൊഴി നല്‍കിയിരുന്നു. തന്ത്രപ്രധാന കേന്ദ്രങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് പണം നല്‍കിയതും നിര്‍ദേശങ്ങള്‍ നല്‍കിയതും ഐഎസ്‌ഐ ഉദ്യോഗസ്ഥരെന്നും ഹെഡ്‌ലി നേരത്തെ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News