മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു; സരിതയ്ക്ക് ക്ലിഫ്ഹൗസില്‍ കയറാന്‍ പാസ് വേണ്ടെന്ന് വിഎസ്

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേളയ്ക്കിടെയാണ് പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തി പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെയും ആരോപണവിധേയരായ മറ്റു മന്ത്രിമാരുടെയും രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷ ബഹളം. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ സഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിച്ചു.

കേസില്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഇക്കാര്യം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോടിയേരി ബാലകൃഷ്ണന്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. സംസ്ഥാനത്ത് ഭരണം നടത്തുന്നത് സ്റ്റേ സര്‍ക്കാരാണെന്ന് കോടിയേരി പറഞ്ഞു. സോളാര്‍ കേസ് അന്വേഷണത്തില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും രണ്ടു മാസത്തെ സ്റ്റേ ലഭിച്ചതുകൊണ്ടാണ് സര്‍ക്കാര്‍ തുടരുന്നത്. രണ്ടു മാസം കഴിഞ്ഞാല്‍ യുഡിഎഫ് സര്‍ക്കാര്‍ താഴെവീഴും. സരിതയെ ക്ലിഫ് ഹൗസില്‍ നിന്നും രാത്രി നിരവധി തവണ വിളിച്ചത് ഭാഗവതം പഠിപ്പിക്കാനായിരുന്നോ എന്നും കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു.

കേസില്‍ സര്‍ക്കാരിന് ഒരു രൂപയുടെ പോലും സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

തുടര്‍ന്ന് ശൂന്യവേളയിലായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. സരിതയ്ക്ക് ക്ലിഫ്ഹൗസില്‍ കയറാന്‍ പാസ് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ക്ലിഫ്ഹൗസിലെ പ്രാര്‍ത്ഥനയില്‍ പോലും സരിത പങ്കെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. വി.എസിന്റെ പരാമര്‍ശത്തിനെതിരെ ഭരണപക്ഷം രംഗത്ത് വന്നതോടെ സഭ ബഹളത്തില്‍ മുങ്ങുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here