സിപിഐഎമ്മിന്റെ കാര്യങ്ങള്‍ പറയാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പിണറായി; യുഡിഎഫ് ഗൂഢാലോചന നടത്തുകയാണ്; തമ്പാനൂര്‍ രവിയുടെ സംഭാഷണം സരിത-കോണ്‍ഗ്രസ് ബന്ധത്തിന്റെ തെളിവ്

ആലപ്പുഴ: സിപിഐഎമ്മിനെതിരെ യുഡിഎഫ് ഗൂഢാലോചന നടത്തുകയാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ബാറുടമകളുടെ സിഡിയിലെ സംഭാഷണം അതിലൊന്ന് മാത്രമാണെന്നും പിണറായി പറഞ്ഞു. സംഭാഷണം കോണ്‍ഗ്രസിന് സഹായകമാകുന്ന വിധത്തില്‍ എഡിറ്റ് ചെയ്ത് പുറത്തെത്തിച്ചത് വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഢിയാണ്. സിപിഐഎമ്മിനെ അപകീര്‍ത്തിപ്പെടുത്താനാണ് ശങ്കര്‍റെഡ്ഢി ശബ്ദുരേഖ പുറത്തുവിട്ടത്. തമ്പാനൂര്‍ രവിയുടെ ഫോണ്‍സംഭാഷണം സരിത നായരും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണ്. ഒരു ഉദ്യോഗസ്ഥന് ചേരും വിധമാണോ തന്റെ പ്രവൃത്തികള്‍ എന്നുകൂടി വിജിലന്‍സ് ഡയറക്ടര്‍ ആലോചിക്കണം.

ബിജു രമേശുമായി അത്തരം സംഭാഷണം നടത്തിയിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയതാണ്. താനുമായും സംഭാഷണം നടന്നിട്ടില്ല. സിപിഐഎമ്മിന്റെ കാര്യങ്ങള്‍ പറയാന്‍ വേറെ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. ബിജു രമേശ് പറഞ്ഞ കാര്യങ്ങള്‍ക്ക് സിപിഐഎം മറുപടി പറയേണ്ട കാര്യമില്ല. കോടിയേരി ബാലകൃഷ്ണന്‍ ബാറുടമകള്‍ക്ക് ഉറപ്പ് നല്‍കിയിട്ടില്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും സിപിഐഎം തീരുമാനം എടുക്കുന്നത് ഒറ്റയ്ക്കല്ല, ഒറ്റക്കെട്ടായാണെന്നും പിണറായി പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റവാളികളുമായി വഴിവിട്ട ബന്ധം സ്ഥാപിക്കുകയാണ്. യുഡിഎഫ് സര്‍ക്കാരിന് മാഫിയ സംസ്‌കാരമാണുള്ളത്. തെളിവുകള്‍ നശിപ്പിക്കുന്നത് മാഫിയകളുടെ രീതിയാണ്. ഉമ്മന്‍ചാണ്ടി കുറ്റവാളികളോട് ബന്ധപ്പെടുന്ന മുഖ്യമന്ത്രിയാണെന്നും എഡിജിപി റാങ്കിലുള്ളയാളെ വിജിലന്‍സ് മേധാവിയാക്കിയത് വഴിവിട്ടബന്ധങ്ങള്‍ക്ക് വേണ്ടിയാണെന്നും പിണറായി പറഞ്ഞു.

ഷുക്കൂര്‍ വധക്കേസില്‍ പൊലിസിന് തെളിവുകള്‍ പൂര്‍ണമായും നല്‍കാനായില്ലെന്നാണ് ഡിജിപി ടി അസിഫലി ഹൈക്കോടതിയില്‍ പറഞ്ഞത്. ആഭ്യന്തര വകുപ്പ് കേസ് ശരിയായി അന്വേഷിച്ചിട്ടില്ലയെന്നല്ലെ അത് കാണിക്കുന്നത്. ഒരു കേസ് ചാര്‍ജ് ചെയ്തു കഴിഞ്ഞാല്‍ അന്വേഷണ ഏജന്‍സിയെ മാറ്റുന്ന നടപടി സാധാരണ ഉണ്ടാകില്ല. ഈ കാര്യം പല കേസുകളിലും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതുമാണ്. സിപിഐഎം നേതാക്കളെ കള്ളക്കേസില്‍ പെടുത്താന്‍ തങ്ങളുടെ മുന്നില്‍ തെളിവൊന്നും ഇല്ല. അപ്പോള്‍ സിബിഐയെ കൊണ്ട് നോക്കാന്‍ പറ്റുമോ എന്നുള്ള ശ്രമമാണ്. ഇതിന് പിന്നില്‍ കോണ്‍ഗ്രസും ബിജെപിയും ലീഗും തമ്മില്‍ ഗൂഢാലോചന നടത്തുന്നുണ്ടോയെന്ന് സംശയമുണ്ട്.

ഹൈക്കോടതി നടപടി സുപ്രീകോടതിയുടെ നിലപാടിന് വിരുദ്ധമായതിനാല്‍ സുപ്രീംകോടതിയെ സമീപിക്കും. കണ്ണൂരിലെ പ്രസ്ഥാനത്തെ ഒതുക്കാന്‍ കഴിയുമോയെന്ന് പൊലീസ് കുറെ നോക്കിയതാണ്. ഇനി സിബിഐ യെ കൊണ്ട് നോക്കിക്കുവാനായിരിക്കും ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News