ഉല്‍ക്കവീണ് മനുഷ്യന്‍ മരിക്കുന്നത് 200 വര്‍ഷത്തിനിടെ ആദ്യം; മരിച്ച ഡ്രൈവറുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍

വെല്ലൂര്‍: ഉല്‍ക്കവീണ് ഒരാള്‍ മരിക്കുന്നത് 190 വര്‍ഷത്തിനു ശേഷമെന്ന് ഗവേഷകര്‍. 1825ലാണ് ഇതിനുമുമ്പ് ഉല്‍ക്ക വീണു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്റര്‍നാഷണല്‍ കോമെറ്റ് ക്വാര്‍ട്ടേര്‍ലിയുടെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ശനിയാഴ്ചയാണ് തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ഭാരതീദാസന്‍ എന്‍ജിനീയറിംഗ് കോളജിന്റെ വളപ്പില്‍ ഉല്‍ക്ക പതിച്ച് കോളജ് ബസിന്റെ ഡ്രൈവര്‍ കൊല്ലപ്പെട്ടത്.

ഐഎസ്ആര്‍ഒ വിദഗ്ദരാണ് പരിശോധന നടത്തിയത്. സ്‌ഫോടകവസ്തുവല്ല ഉല്‍ക്ക തന്നെയാണ് പതിച്ചതെന്നു പരിശോധനയില്‍ വ്യക്തമായിരുന്നു. ഇക്കാര്യം തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത സ്ഥിരീകരിച്ചു. മരിച്ച ഡ്രൈവറുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌ഫോടനം നടന്ന ഭാഗത്തു രണ്ടടിയോളം താഴ്ചയില്‍ കുഴി രൂപപ്പെട്ടിരുന്നു. സമീപ കെട്ടിടത്തിന്റെ ജനാലകളുടെയും നിര്‍ത്തിയിട്ടിരുന്ന ബസുകളുടെയും ചില്ലുകള്‍ തകര്‍ന്നു.

കോളജ് വളപ്പില്‍ കഫറ്റീരിയക്കു സമീപമുള്ള പുല്‍ത്തകിടിയില്‍ നില്‍ക്കുകയായിരുന്ന മരിച്ച ഡ്രൈവര്‍ രണ്ടു തോട്ടക്കാര്‍ക്കും ഒരു വിദ്യാര്‍ഥിനിക്കു പരുക്കേറ്റിരുന്നു. കെട്ടിടനിര്‍മാണത്തിനുപയോഗിച്ചിരുന്ന എന്തെങ്കിലും സ്‌ഫോടകവസ്തു തെറിച്ചുവന്നതാകാമെന്നാണ് ആദ്യം കരുതിയിരുന്നത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ഉല്‍ക്കയാണെന്നു വ്യക്തമായത്.

ഉല്‍ക്കങ്ങള്‍ സാധാരണ നിലയില്‍ ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോവുകയും സമുദ്രത്തില്‍ പതിക്കുകയുമാണ് ചെയ്യാറുള്ളതെന്നും ഭൂമിയില്‍ പതിച്ച് അപകടമുണ്ടാകുന്നത് അപൂര്‍വമാണെന്നും ബ്രിട്ടനിലെ ഷെഫീല്‍ഡ് സര്‍വകലാശാലയില്‍ ആസ്‌ട്രോഫിസിക്‌സ് വിദഗ്ധനായ സിമോണ്‍ ഗുഡ്‌വിന്‍ പറയുന്നു. 2013-ല്‍ മധ്യറഷ്യയില്‍ ഉല്‍ക്ക അന്തരീക്ഷത്തില്‍ പൊട്ടിത്തെറിച്ചിരുന്നു. 1200 പേര്‍ക്കോളം അന്നു പരുക്കേറ്റിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here