സരിതയെ അറിയില്ലെന്നു പറഞ്ഞ് മുഖ്യമന്ത്രി ജുഡീഷ്യല്‍ കമ്മീഷനെയും പറ്റിച്ചു; സരിതയുടെ ഫോട്ടോ കാണിച്ച് മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിരുന്നെന്ന് വ്യവസായി ടിസി മാത്യു

തിരുവനന്തപുരം: 14 മണിക്കൂര്‍ തുടര്‍ച്ചയായി ജുഡീഷ്യല്‍ കമ്മീഷനു മുന്നില്‍ ഇരുന്നെന്ന് വീരവാദം മുഴക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സരിതയെ അറിയില്ലെന്നു കമ്മീഷനോടു പറഞ്ഞത് പച്ചക്കള്ളമെന്നു തെളിയുന്നു. സരിതക്കെതിരെ പരാതി നല്‍കിയ ടിസി മാത്യു തന്നെയാണ് സരിതയും മുഖ്യമന്ത്രിയും അടുത്ത പരിചയമുണ്ടെന്ന് വെളിപ്പെടുത്തിയത്. സരിത അറസ്റ്റിലാകുന്നതിനു മൂന്നു മാസം മുമ്പ് സരിതയെക്കുറിച്ച് മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിരുന്നു. 2013-ല്‍ ഈസ്റ്ററിനു തലേന്നാണ് മുഖ്യമന്ത്രിയെ നേരില്‍ കണ്ടു പരാതിപ്പെട്ടത്. ഈസ്റ്റര്‍ ദിവസം രാവിലെ തന്നെ സരിത വിളിച്ച് എന്തിനാണ് മുഖ്യമന്ത്രിയോടു പരാതി പറഞ്ഞതെന്ന് ചോദിച്ചതായും ടിസി മാത്യു കൈരളി പീപ്പിളിനോട് പറഞ്ഞു. അറസ്റ്റിലായതിനു ശേഷമാണ് സരിതയെ അറിയുന്നതെന്നാണ് മുഖ്യമന്ത്രി കമ്മീഷനില്‍ നല്‍കിയ മൊഴി.

2013 മാര്‍ച്ച് 30ന് ദുഃഖശനി ദിവസമാണ് മുഖ്യമന്ത്രിയെ ക്ലിഫ്ഹൗസില്‍ പോയി കണ്ടത്. അവധി ദിവസമായതിനാല്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫ് കൂടെയുണ്ടായിരുന്നില്ല. ഭാര്യയും മകനും മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിച്ചു. തന്റെ പണം നഷ്ടപ്പെട്ട വിവരം മുഖ്യമന്ത്രിയോടു പറഞ്ഞു. സരിതയുടെ ഫോട്ടോ കാണിച്ചാണ് പരാതി പറഞ്ഞത്. എല്ലാം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറയുകയും ചെയ്തതാണ്. പിറ്റേന്ന് ഇസ്റ്റര്‍ ദിവസം രാവിലെ തന്നെ സരിത തന്നെ വിളിച്ചിരുന്നു. രാവിലെ ഏഴു മണിക്ക് താന്‍ പള്ളിയില്‍ നില്‍ക്കുമ്പോഴാണ് തന്നെ വിളിച്ചത്. എന്തിനാണ് മുഖ്യമന്ത്രിയെ കണ്ടു തനിക്കെതിരെ പരാതി പറഞ്ഞതെന്നാണ് സരിത തന്നോടു ചോദിച്ചത്. പിന്നീട് അസഭ്യം പറയുകയും ചെയ്തു.

ഉമ്മന്‍ചാണ്ടിയെ ഞാന്‍ അറിയാവുന്നിടത്തോളം താന്‍ അറിയില്ലെന്നാണ് സരിത തന്നോടു പറഞ്ഞതെന്ന് ടിസി മാത്യു പറയുന്നു. താന്‍ വിചാരിച്ചാല്‍ ഉമ്മന്‍ചാണ്ടിയും മന്ത്രിസഭയും എപ്പോള്‍ വേണമെങ്കിലും താഴെ വീഴും. കസ്റ്റംസിലും ഇന്‍കംടാക്‌സിലും വിളിച്ചു പറഞ്ഞ് തന്നെ റെയ്ഡ് ചെയ്യിച്ച് അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ടിസി മാത്യു പറഞ്ഞു. എങ്ങനെയാണ് മുഖ്യമന്ത്രിയെ കണ്ടവിവരം അറിഞ്ഞതെന്ന് ചോദിച്ചപ്പോള്‍ ഈസ്റ്റര്‍ ആശംസിക്കാന്‍ വിളിച്ചപ്പോള്‍ ടിസി മാത്യു വന്നു കണ്ടു കാര്യങ്ങള്‍ എല്ലാം പറഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞതായും സരിത പറഞ്ഞെന്ന് ടിസി മാത്യു വെളിപ്പെടുത്തുന്നു.

ഒരു പരിചയവും ഇല്ലാത്ത ഒരാള്‍ എന്തിന് ഈസ്റ്റര്‍ ആശംസിക്കാന്‍ വിളിക്കണം എന്നാണ് ടിസി മാത്യുവിന്റെ ചോദ്യം. സത്യം എല്ലാക്കാലത്തും മൂടിവയ്ക്കാന്‍ സാധിക്കില്ല. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുക തന്നെ ചെയ്യുമെന്നും ടിസി മാത്യു പറഞ്ഞു. കൈരളി പീപ്പിള്‍ ടിവിക്കുനല്‍കിയ അഭിമുഖത്തിലാണ് ടിസി മാത്യുവിന്റെ വെളിപ്പെടുത്തല്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here