ദില്ലി: സിയാച്ചിനില്‍ ഹിമപാതത്തില്‍ നിന്ന് രക്ഷപെടുത്തിയ സൈനികന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ദില്ലിയിലെ സൈനിക ആശുപത്രിയിലെത്തിച്ച ലാന്‍സ് നായിക് ഹനുമന്തപ്പയെ വെന്റിലേറ്ററിലേക്ക് മാറ്റി. സെനികന് ന്യൂമോണിയ ബാധിച്ചതായി മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു.
കിഡ്‌നിയുടെയും കരളിന്റെയും പ്രവര്‍ത്തനം നിലച്ചതായും ആശുപത്രി അധികൃതര്‍ പറയുന്നു. ശരീരത്തിലെ നിര്‍ജ്ജലീകരണമാണ് പ്രധാന പ്രശ്‌നം. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണ് എന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. ഹനുമന്തപ്പയെ കണ്ടെത്തുമ്പോള്‍ ബോധമുണ്ടായിരുന്നില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
കാണാതായ പത്തു സൈനികരില്‍ ജീവനോടെ കണ്ടെത്തിയ ഒരാളാണ് ലാന്‍സ് നായിക് ഹനുമന്തപ്പ. ആറു ദിവസം നീണ്ട തെരച്ചിലിനൊടുവില്‍ ആണ് ജീവനോടെ കണ്ടെത്തിയത്. മൈനസ് 45 ഡിഗ്രിയായിരുന്നു താപ്പയെ കണ്ടെത്തിയ പ്രദേശത്തെ താപനില. കര്‍ണാടക സ്വദേശിയാണ് ഹനമന്തപ്പ. കഴിഞ്ഞ ബുധനാഴ്ച ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും മദ്രാസ് റെജിമെന്റിലെ ഒമ്പതു സൈനികരുമാണ് ഹിമപാളികള്‍ക്കിടയില്‍ അകപ്പെട്ടത്. തെരച്ചിലില്‍ നാലു സൈനികരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.
19,000 അടി ഉയരത്തിലെ മഞ്ഞുപാളിയില്‍ പെട്രോളിംഗ് നടത്തുകയായിരുന്ന സംഘമാണ് ഹിമപാതത്തില്‍ ഒലിച്ച് പോയത്. സമുദ്രനിരപ്പില്‍ നിന്ന 19,600 അടി ഉയരത്തിലുള്ള ഈ മേഖല ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയാണ്. 1984 മുതലാണ് ഇന്ത്യയും പാക്കിസ്ഥാനും ഇവിടെ സൈന്യത്തെ വിന്യസിച്ചു തുടങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here