സാഫ് ഗെയിംസ് നീന്തല്‍ക്കുളത്തില്‍ സ്വര്‍ണമത്സ്യങ്ങളായി മലയാളികള്‍; സജനും മധുവിനും ഇരട്ട സ്വര്‍ണം; മയൂഖയ്ക്ക് റെക്കോഡോടെ സ്വര്‍ണം; ഇന്ത്യ മുന്നില്‍

ഗുവാഹത്തി: ദക്ഷിണേഷ്യന്‍ ഗെയിംസ് നീന്തലില്‍ സ്വര്‍ണം വാരിക്കൂട്ടി മലയാളി താരങ്ങള്‍. സജന്‍ പ്രകാശും പിഎസ് മധുവും ഇരട്ടസ്വര്‍ണം നേടി. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കിലാണ് സജന്‍ ഇന്ന് വീണ്ടും സ്വര്‍ണം നേടിയത്. കഴിഞ്ഞ ദിവസം 1,500 മീറ്റര്‍ ഫ്രീസ്റ്റൈലിലും സജന്‍ പ്രകാശ് സ്വര്‍ണം നേടിയിരുന്നു. 50 മീറ്റര്‍ ബാക്ക് സ്‌ട്രോക്കിലാണ് പിഎസ് മധു റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. ഇന്നലെ 100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കിലും മധു സ്വര്‍ണം നേടിയിരുന്നു. ഗെയിംസില്‍ 79 മെഡലുകളുമായി ഇന്ത്യ മുന്നേറ്റം തുടരുകയാണ്. ലോംഗ് ജംപില്‍ മയൂഖ ജോണി റെക്കോഡോടെ സ്വര്‍ണം നേടി. അഞ്ജു ബോബി ജോര്‍ജിന്‍റെ റെക്കോഡാണ് 6.43 മീറ്റര്‍ ചാടി മയൂഖ തകര്‍ത്തത്.

ആര്‍ച്ചറിയിലും ഗുസ്തിയിലും ഭാരോദ്വഹനത്തിലും ഇന്ത്യ ഇന്ന് നേട്ടം കൊയ്തു. കോംപൗണ്ട് ആര്‍ച്ചറിയില്‍ അഞ്ച് ഇനങ്ങളിലും സ്വര്‍ണം ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കി. ഗുസ്തിയില്‍ ആറില്‍ 5 വിഭാഗങ്ങളിലും സ്വര്‍ണം ഇന്ത്യക്കാണ്. ഹോക്കിയില്‍ പാകിസ്താനോട് 1-2ന് തോറ്റത് മാത്രമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. റീകര്‍വ് ആര്‍ച്ചറിയില്‍ ഇന്ത്യക്കാണ് സ്വര്‍ണവും വെള്ളിയും.

ഗെയിംസില്‍ ഇന്ത്യ തന്നെയാണ് മുന്നില്‍. 94 മെഡലുകളുമായാണ് ഇന്ത്യ മുന്നേറ്റം തുടരുന്നത്.62 സ്വര്‍ണവും 25 വെള്ളിയും 7 വെങ്കലവും ഇന്ത്യയുടെ മെഡല്‍ ശേഖരത്തില്‍ ഉള്‍പ്പെടും. 10 സ്വര്‍ണവും നാലു വെള്ളിയും കരസ്ഥമാക്കിയ അമ്പെയ്ത്ത് താരങ്ങളാണ് മെഡല്‍ക്കൊയ്ത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 66 മെഡലുകളുള്ള ശ്രീലങ്കയാണ് രണ്ടാം സ്ഥാനത്ത്. 12 സ്വര്‍ണവും 30  വെള്ളിയും 24 വെങ്കലവുമാണ് ലങ്കയുടെ മെഡല്‍ സമ്പാദ്യം. 5 സ്വര്‍ണവും 11 വെള്ളിയും 18 വെങ്കലവും അടക്കം 34 മെഡലുകളുമായി പാകിസ്താന്‍ മൂന്നാം സ്ഥാനത്തുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here