ഇന്ത്യയുടെ ബുള്ളറ്റിന് അമേരിക്കയില്‍ നിന്ന് ഒരു ശത്രു; റെനെഗേഡിന്റെ മൂന്നു മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍

ഇന്ത്യയുടെ റോയല്‍ എന്‍ഫീല്‍ഡുകള്‍ക്ക് വെല്ലുവിളിയുയര്‍ത്തി അമേരിക്കയില്‍ നിന്ന് ഒരു ഇരുചക്ര വാഹനം ഇന്ത്യന്‍ വിപണിയിലെത്തി. ബുള്ളറ്റുകള്‍ക്ക് വെല്ലുവിളിയാകുന്ന ക്രൂസര്‍ മോട്ടോര്‍ സൈക്കിളുകളുമായാണ് അമേരിക്കന്‍ കമ്പനിയായ യു.എം മോട്ടോര്‍ സൈക്കിള്‍സ് ഓട്ടോ എക്‌സ്‌പോയില്‍ എത്തിയത്. റെനെഗേഡ് ശ്രേണിയില്‍ പെട്ട മൂന്ന് മോഡലുകള്‍ കമ്പനി വിപണിയിലിറക്കി. 1.49 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില.

റെനെഗേഡ് സ്‌പോര്‍ട്‌സ് , റെനെഗേഡ് കമാന്‍ഡോ, റെനെഗേഡ് ക്ലാസിക് എന്നീ മൂന്ന് മോഡലുകളാണ് യുഎം മോട്ടോഴ്‌സ് വിപണിയിലെത്തിച്ചത്. ഒരേ ശക്തിയുള്ള എന്‍ജിനാണ് മൂന്നു വാഹനങ്ങളിലും ഉപയോഗിക്കുന്നത്. 279 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് ഫോര്‍ സ്‌ട്രോക്ക് എന്‍ജിന്‍ വാഹനങ്ങള്‍ക്ക് കരുത്തു പകരുന്നു. 25 ബിഎച്ച്പിയില്‍ 22 എന്‍എം ടോര്‍ക്ക് കരുത്ത് സൃഷ്ടിക്കും എന്‍ജിന്‍. 6 സ്പീഡ് ഗിയര്‍ബോക്‌സ് ഉപയോഗിക്കുന്നു. മുന്‍ചക്രത്തിന് ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്‍ചക്രത്തിന് ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകളും ഉപയോഗിക്കുന്നു. മുന്‍ ചക്രത്തിന് ഡിസ്‌ക് ബ്രേക്കും ഉണ്ട്. 172 കിലോഗ്രാം ആണ് വാഹനത്തിന്റെ ഭാരം.

റെനെഗേഡ് സ്‌പോര്‍ട്‌സ്

Renegade Sports

റെനെഗേഡ് സ്‌പോര്‍ട്‌സ് ഒരു സിംഗിള്‍ സീറ്റര്‍ വാഹനമാണ്. ഹാന്‍ഡില്‍ ബാറില്‍ വൃത്താകൃതിയില്‍ മീറ്റര്‍ കണ്‍സോള്‍ സെറ്റ് ചെയ്തിരിക്കുന്നത് വാഹനത്തിന് നല്ല ഭംഗി പകരുന്നു. ഇതിന്റെ ഒരു വശത്തായി മൊബൈല്‍ ചാര്‍ജിംഗിന് യുഎസ്ബി പോയിന്റും ഉണ്ട്. പെട്രോള്‍ ടാങ്കിലാണ് ഇഗ്നിഷന്‍ കണ്‍സോള്‍ സ്ഥാപിച്ചിട്ടുള്ളത്. 1.49 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

റെനെഗേഡ് കമാന്‍ഡോ

പേരു പോലെ തന്നെ ഒരു ആര്‍മി വണ്ടിയുടെ എല്ലാ ലുക്കും അടങ്ങിയതാണ് കമാന്‍ഡോ. ഡബിള്‍ സീറ്റര്‍. സീറ്റുകള്‍ രണ്ടായി വേര്‍തിരിച്ചിരുക്കുന്നു. 18 ലീറ്റര്‍ ടാങ്കാണ് ഇന്ധനടാങ്ക്. മീറ്റര്‍ കണ്‍സോള്‍ ടാങ്കില്‍ ഉറപ്പിച്ചിരിക്കുന്നു. കമാന്‍ഡോ, ക്ലാസിക് മോഡലുകളുടെ സീറ്റിന് ബാക്ക് റെസ്റ്റുണ്ട്. വില അല്‍പം കൂടി ഉയരും. 1.59 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.

റെനെഗേഡ് ക്ലാസിക്

Renegade Classic

മുന്‍കാല ക്രൂസര്‍ ബൈക്കുകളെ അനുസ്മരിപ്പിക്കുന്ന രൂപമാണ് ക്ലാസികിന്. വിന്‍ഡ് ഷീല്‍ഡുള്ള ബൈക്കില്‍ ക്രോം കൊണ്ട് നിറയെ അലങ്കാരപ്പണികള്‍ ചെയ്തു ഭംഗിയാക്കിയിട്ടുണ്ട്. മറ്റു മോഡലുകള്‍ക്ക് സമാനമായി മീറ്റര്‍ കണ്‍സോള്‍ പെട്രോള്‍ ടാങ്കിലാണ് ഉറപ്പിച്ചിരിക്കുന്നത്. രണ്ടുപേര്‍ക്ക് ദീര്‍ഘദൂര സവാരി നടത്താനാവും വിധം വീതിയുള്ള രണ്ട് സീറ്റുകളാണ് ഇതിന്റേത്. വില കമാന്‍ഡോയേക്കാളും കൂടുതലാണ്. 1.69 ലക്ഷം രൂപ.

നിലവില്‍ സ്‌പോര്‍ട്‌സ്, കമാന്‍ഡോ മോഡലുകളുടെ ബുക്കിംഗ് കമ്പനി വെബ്‌സൈറ്റിലൂടെ നടത്താനാകും. www.uml.co.in എന്ന വെബ്‌സൈറ്റില്‍ ബുക്ക് ചെയ്യാം. മേയില്‍ ബൈക്കിന്റെ വിതരണം ആരംഭിക്കും. ക്ലാസിക്കിന്റെ ബുക്കിംഗ് ജൂണില്‍ ആരംഭിക്കും. ഉത്തര്‍പ്രദേശിലെ ലോഹിയ ഓട്ടോയുടെ സഹകരണത്തോടെയാണ് യുഎം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ വിപണിയില്‍ വാഹനങ്ങള്‍ പുറത്തിറക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News