സീമര്‍മാരുടെ കരുത്തില്‍ ആദ്യ ട്വന്റി – 20 ലങ്കയ്ക്ക്; ഇന്ത്യയുടെ തോല്‍വി 5 വിക്കറ്റിന്

പുണെ: ആദ്യ ട്വന്റി20 മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തോല്‍വി. 12 പന്ത് ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റിനാണ് ശ്രീലങ്കയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 18.5 ഓവറില്‍ 101 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 102 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗ് ആരംഭിച്ച ലങ്കന്‍ ടീം 18 ഓവറില്‍ 105 റണ്‍സെടുത്ത് ലക്ഷ്യം കണ്ടു.

വാലറ്റനിരയില്‍ രവിചന്ദ്രന്‍ അശ്വിന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. സുരേഷ് റെയ്‌നയും യുവരാജ് സിംഗുമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റു ബാറ്റ്‌സ്മാന്‍മാര്‍. വെടിക്കെട്ട് വീരന്‍മാരായ ഓപ്പണര്‍മാര്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും നിലയുറപ്പിക്കുന്നതിനു മുമ്പ് പുറത്തായി. ക്യാപ്റ്റന്‍ കൂള്‍ ധോണിയും രണ്ടക്കം കണ്ടില്ല. 14 പന്തുകളില്‍ രണ്ട് റണ്‍സെടുത്ത് ക്യാപ്റ്റന്റെ ഇന്നിംഗ്‌സ് പൂര്‍ത്തിയാക്കി ധോണി മടങ്ങി.

ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ രോഹിത് ശര്‍മ പൂജ്യത്തിന് ഡ്രസിംഗ് റൂമിലെത്തി. പിന്നാലെ വന്ന അജിന്‍ക്യ രഹാനെ 4 റണ്‍സെടുത്ത് മടങ്ങി. 9 റണ്‍സെടുത്ത് ധവാനും മടങ്ങിയതോടെ ഇന്ത്യ അപകടം മണത്തു. പിന്നീട് 20 റണ്‍സെടുത്ത റെയ്‌നയും 10 റണ്‍സെടുത്ത യുവരാജുമാണ് ഇന്ത്യയെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.

ഹര്‍ദിക് പാണ്ഡ്യ 2 റണ്‍സെടുത്തും രവീന്ദ്ര ജഡേജ 6 റണ്‍സെടുത്തും പവലിയനിലെത്തിയതോടെ മുട്ടുവിറച്ച ഇന്ത്യയെ 100 കടക്കാന്‍ സഹായിച്ചത് വാലറ്റനിരയില്‍ അശ്വിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. 24 പന്തില്‍ 31 റണ്‍സെടുത്താണ് അശ്വിന്‍ മടങ്ങിയത്. നെഹ്‌റ 6 റണ്‍സിനും ബൂംറ റണ്ണൊന്നുമെടുക്കാതെയും പുറത്തായി. കസുന്‍ രജിതയും ദസുന്‍ ശനകയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ചമീര രണ്ടുവിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കയ്ക്കും തുടക്കം പാളി. 3 പന്തില്‍ 4 റണ്‍സെടുത്ത് ഓപ്പണര്‍ ഡിക്‌വെല നെഹ്‌റയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. 9 റണ്‍സെടുത്ത ഗുണതിലകെയെയും പവലിയനിലേക്ക് മടക്കി അയച്ചത് നെഹ്‌റയാണ്. തുടര്‍ന്ന് ക്രീസില്‍ എത്തിയ ചാന്ദിമലും കപുഗെദേരയുമാണ് ലങ്കയെ വിജയത്തിലേക്ക് അടുപ്പിച്ചത്. 35 രണ്‍സെടുത്ത ചാന്ദിമലും 25 റണ്‍സെടുത്ത കപുഗെദേരെയും വിക്കറ്റിന് മുന്നില്‍ കുടുങ്ങി. സുരേഷ് റെയ്‌നയും ആര്‍ അശ്വിനുമാണ് യഥാക്രമം ഇരുവരുടെയും വിക്കറ്റുകള്‍ നേടിയത്.

ട്വന്റി – 20 പരമ്പരയിലെ അടുത്ത മത്സരം 12ന് റാഞ്ചിയില്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News