പുന്നപ്ര വയലാറിന്റെ രണഭൂമിയില്‍ നവകേരള മാര്‍ച്ച് പര്യടനം പൂര്‍ത്തിയാക്കി; ജനനായകനെ വരവേറ്റ് ആയിരങ്ങള്‍; മാര്‍ച്ച് പത്തനംതിട്ടയിലേക്ക്

ആലപ്പുഴ: പുന്നപ്ര-വയലാര്‍ സമരത്തിന്റെ രണസ്മരണകള്‍ ഉറങ്ങുന്ന ആലപ്പുഴയുടെ മണ്ണില്‍ നവകേരള മാര്‍ച്ച് പര്യടനം പൂര്‍ത്തിയാക്കി. കേരളത്തെ വിറ്റു തുലയ്ക്കുന്ന ഉമ്മന്‍ചാണ്ടി ഭരണത്തിനു ശക്തമായ താക്കീതുമായി പതിനായിരങ്ങളാണ് ജാഥയില്‍ കണ്ണിയാകാന്‍ എത്തിയത്. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ആയിരങ്ങള്‍ ജനനായകനെ വരവേല്‍ക്കാനെത്തിയിരുന്നു. നാലു കേന്ദ്രങ്ങളിലാണ് ജാഥയ്ക്ക് സ്വീകരണം ഒരുക്കിയിരുന്നത്. ഹരിപ്പാട്, കായംകുളം, ചാരുംമൂട്, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ ജാഥയ്ക്ക് വീരോജ്വല സ്വീകരണമാണ് ലഭിച്ചത്.

പുന്നപ്ര വയലാറിന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ചു കൊണ്ടാണ് ജാഥ ആലപ്പുഴ ജില്ലയിലെ ഇന്നത്തെ പര്യടനം ആരംഭിച്ചത്. സര്‍ സിപിയുടെ രാക്ഷസീയ മര്‍ദനത്തിനും തോക്കിനും മുമ്പില്‍ ധീരരക്തസാക്ഷിത്വം വരിച്ച പോരാളികളുടെ ഓര്‍മകള്‍ക്കു മുന്നില്‍ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഹരിപ്പാട് ആയിരുന്നു ജാഥയുടെ ആദ്യ സ്വീകരണകേന്ദ്രം. വാര്‍ത്താ സമ്മേളനത്തിനു ശേഷം ഹരിപ്പാട്ടെ സ്വീകരണ കേന്ദ്രത്തിലെത്തുമ്പോള്‍ മറ്റെങ്ങും കാണാത്ത ജനസഞ്ചയം ജനനായകനെ വരവേല്‍ക്കാന്‍ എത്തിയിരുന്നു.

ഹരിപ്പാടിന്റെ തീരത്ത് ചെങ്കൊടിത്തണലില്‍ മഹാസാഗരം തന്നെ അണിനിരന്നിരുന്നു. മുത്തുക്കുടകള്‍ ഏന്തിയ വനിതകളും കഥകളി കലാരൂപങ്ങളും ജാഥയെ വരവേല്‍ക്കാന്‍ എത്തിയിരുന്നു. കായംകുളത്തായിരുന്നു അടുത്ത സ്വീകരണകേന്ദ്രം. മനുഷ്യമഹാസാഗരം കായംകുളത്തേക്ക് ഒഴുകിയെത്തി. കായംകുളത്തു നിന്ന് മാവേലിക്കര മണ്ഡലത്തിന്റെ ഭാഗമായ ചാരുംമൂട്ടിലെ സ്വീകരണകേന്ദ്രത്തിലേക്ക്. ചെങ്ങന്നൂരിലായിരുന്നു അവസാനത്തെ സ്വീകരണകേന്ദ്രം. കേരളത്തിന്റെ അഴിമതി ഭരണത്തിനെതിരായ കാഹളമൂത്തായിരുന്നു ജാഥയിലെ പിണറായിയുടെ പ്രസംഗങ്ങള്‍ അത്രയും.

രാവിലെ കയര്‍ മേഖലയിലെ തൊഴിലാളികളുമായും മത്സ്യത്തൊഴിലാളികളുമായും പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കയര്‍-ഫാക്ടറി തൊഴിലാളികള്‍, ഫാക്ടറി ഉടമകള്‍, സഹകരണസംഘം പ്രതിനിധികള്‍, കയറ്റുമതിക്കാര്‍ തുടങ്ങിയവര്‍ അതാതു മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധന മേഖലയിലെ പ്രശ്‌നങ്ങളും പിണറായിക്കു മുന്നില്‍ അവതരിപ്പിച്ചു. കയര്‍ വ്യവസായ മേഖലയെ രക്ഷിക്കാന്‍ ആവശ്യമായ ഇടപെടല്‍ വേണമെന്ന് കൂടിക്കാഴ്ചയില്‍ ആവശ്യം ഉയര്‍ന്നു. യുഡിഎഫ് സര്‍ക്കാരാണ് മേഖലയെ തകര്‍ത്തതെന്നും തൊഴിലാളികള്‍ പരാതിപ്പെട്ടു.

ആഴക്കടല്‍ മത്സ്യബന്ധനം സംബന്ധിച്ച പ്രശ്‌നങ്ങളാണ് മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ചത്. വിദേശ കപ്പലുകള്‍ ആഴക്കടല്‍ മേഖലയില്‍ മത്സ്യബന്ധനം നടത്തുന്നത് സൃഷ്ടിച്ച പ്രതിസന്ധി തൊഴിലാളികള്‍ ചൂണ്ടിക്കാട്ടി. കായലുകള്‍ മലിനമായതിനെ തുടര്‍ന്ന് മത്സ്യസമ്പത്ത് കുറഞ്ഞതായും ചൂണ്ടിക്കാട്ടി. പരമ്പരാഗത വ്യവസായ മേഖലയെ സംരക്ഷിക്കാന്‍ അടിയന്തര നടപടി എടുക്കേണ്ടതുണ്ടെന്നും ഇക്കാര്യം എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ ഗൗരവമായി പരിഗണിക്കുമെന്നും പിണറായി ഉറപ്പു നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel