മുഖ്യമന്ത്രി 14 മണിക്കൂര്‍ കമ്മീഷനില്‍ ഇരുന്നത് ക്രെഡിറ്റായി കാണരുതെന്ന് സോളാര്‍ കമ്മീഷന്‍; ക്രോസ് വിസ്താരം അതിരുകടക്കുന്നെന്ന് കമ്മീഷന്‍

കൊച്ചി: സോളാര്‍ കമ്മീഷനില്‍ സരിതയെ ക്രോസ് വിസ്താരം ചെയ്യുന്നതിനിടെ മുഖ്യമന്ത്രിയുടെ അഭിഭാഷകന് കമ്മീഷന്റെ രൂക്ഷവിമര്‍ശനം. സരിതയുടെ പഴയ കേസുകളെ കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ചപ്പോഴാണ് കമ്മീഷന്‍ അഭിഭാഷകനെ വിമര്‍ശിച്ചത്. കമ്മീഷന്റെ പരിധിയിലുള്ള ചോദ്യങ്ങളെ അനുവദിക്കൂ എന്ന് കമ്മീഷന്‍ പറഞ്ഞു. സരിതയെ തേജോവധം ചെയ്യാന്‍ ഇത് ക്രിമിനല്‍ കോടതിയല്ലെന്നും കമ്മീഷന്‍ പറഞ്ഞു. 14 മണിക്കൂര്‍ മുഖ്യമന്ത്രിയെ വിസ്തരിച്ചപ്പോള്‍ ആരും ഒന്നും പറഞ്ഞില്ലല്ലോ എന്ന് ആര്യാടന്റെ അഭിഭാഷകന്‍ പറഞ്ഞപ്പോഴായിരുന്നു കമ്മീഷന്‍ പൊട്ടിത്തെറിച്ചത്. അതിനെ കുറിച്ച് തന്നെക്കൊണ്ട് കൂടുതല്‍ പറയിപ്പിക്കേണ്ടെന്നായിരുന്നു കമ്മീഷന്റെ മറുപടി.

14 മണിക്കൂര്‍ ഇരുന്നത് ഒരു ക്രെഡിറ്റായി കാണരുതെന്ന് കമ്മീഷന്‍ പറഞ്ഞു. പുറത്തുപറഞ്ഞാല്‍ പലര്‍ക്കും പലതും മോശമായിരിക്കും എന്നും കമ്മീഷന്‍ മറുപടി നല്‍കി. ശക്തമായ വാദപ്രതിവാദമാണ് കമ്മീഷനില്‍ നടന്നത്. പഴയ ക്രിമിനല്‍ കേസുകളുടെ ഉള്ളറകളിലേക്ക് ഇറങ്ങി ചെന്നുള്ള ചോദ്യങ്ങള്‍ അനുവദിക്കില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. അക്കാര്യങ്ങള്‍ കമ്മീഷന്റെ അന്വേഷണ വിഷയമല്ലെന്ന കമ്മീഷന്‍ വാദത്തില്‍ മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. എന്നാല്‍ എതിര്‍പ്പ് പ്രകടിപ്പിച്ച കാര്യം രേഖപ്പെടുത്താനാവില്ലെന്നും കമ്മീഷന്‍ പറഞ്ഞു. സരിതയെ അപമാനിക്കുന്ന ചോദ്യങ്ങള്‍ ഉണ്ടായതായി കരുതുന്നില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. സാക്ഷിക്കു പോലും എതിര്‍പ്പില്ലെന്നും മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. കമ്മീഷനെ ബഹുമാനിക്കുന്നതു കൊണ്ടാണ് മറുപടി നല്‍കുന്നതെന്നായിരുന്നു സരിതയുടെ മറുപടി.

പൊലീസ് അസോസിയേഷന്‍ മുന്‍ ഭാരവാഹികളും സരിതയുമായുള്ള ഗൂഢാലോചനയുടെ ഭാഗമാണ് പൊലീസ് അസോസിയേഷനെതിരായ ആരോപണമെന്ന് അസോസിയേഷന്‍ സോളാര്‍ കമ്മീഷനില്‍ അറിയിച്ചു. ഇക്കാര്യം തെളിയിക്കാന്‍ സരിതയുടെ ഫോണ്‍ രേഖകള്‍ വിളിച്ചുവരുത്തി പരിശോധിക്കണമെന്ന് പൊലീസ് അസോസിയേഷന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍, സരിത അസോസിയേഷനു പണം നല്‍കിയെന്ന മൊഴി ഗൂഢാലോചനയുടെഭാഗമാണെന്ന ആരോപണം കമ്മീഷന്റെ അന്വേഷണ വിഷയമല്ലെന്ന് കമ്മീഷന്‍ അറിയിച്ചു. അതിനാല്‍ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും കമ്മീഷന്‍ അറിയിച്ചു. പൊലീസ് സ്റ്റേഷനുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനു പൊലീസ് അസോസിയേഷന്‍ സെക്രട്ടറി ജി.ആര്‍ അജിതിന് 20 ലക്ഷം രൂപ നല്‍കിയെന്ന് സരിത മൊഴി നല്‍കിയിരുന്നു. ഇത് മുന്‍ ഭാരവാഹികളുമായി ചേര്‍ന്നുള്ള ഗൂഢാലോചനയാണെന്നാണ് അസോസിയേഷന്‍ വാദിച്ചത്.

ക്രെഡിറ്റ്‌സ് എന്ന സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഐസിഐസിഐ ബാങ്കില്‍ നിന്നും ലോണെടുത്ത് കൊടുക്കാമെന്ന് പറഞ്ഞ് പലരില്‍ നിന്നും പണം തട്ടിയെടുത്തെന്ന് ചൂണ്ടിക്കാട്ടി സരിതക്കെതിരെ പോലീസില്‍ പരാതി ഉണ്ടായിരുന്നില്ലേ എന്ന് ക്രോസ് വിസ്താരത്തില്‍ മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ ചോദിച്ചു. അതെക്കുറിച്ച് വിശദമായി അറിയില്ല എന്ന് സരിത മറുപടി നല്‍കി. രണ്ടുപേര്‍ കേസ് നല്‍കിയതായി അറിയാമെന്നും അതില്‍ ഒരാളുടെ കേസ് ഒത്തു തീര്‍ന്നിട്ടുണ്ടെന്നും സരിത മറുപടി നല്‍കി. ആധികാരികമല്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യങ്ങള്‍ ചോദിച്ച് മുഖ്യമന്തിയുടെ അഭിഭാഷകന്‍ സരിതയെ അപമാനിക്കുന്നുവെന്ന് സരിതയുടെ അഭിഭാഷകന്‍ വാദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here