അയോവയ്ക്കു വിപരീതമായി ന്യൂ ഹാംഷയര്‍ പ്രൈമറി ഫലങ്ങള്‍; ഡൊണാള്‍ഡ് ട്രമ്പിന് തിരിച്ചുവരവ്; സാന്‍ഡേഴ്‌സിനു മുന്നില്‍ ഹിലരിക്ക് അടിതെറ്റി

ന്യൂഹാംഷയര്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യപടികളിലൊന്നായ ന്യൂ ഹാംഷയര്‍ പ്രൈമറിയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഡൊണാള്‍ഡ് ട്രംപിന് തിരിച്ചുവരവ്. അയോവയ്ക്കു പിന്നാലെ ഇന്നലെ പ്രൈമറി നടന്ന ന്യൂഹാംഷയറില്‍ ട്രംപ് ജയം നേടി. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഹിലരി ക്ലിന്റണെ ബേണി സാന്‍ഡേഴ്‌സ് പരാജയപ്പെടുത്തി. ഫെബ്രുവരി രണ്ടിനു നടന്ന അയോവ കോക്കസില്‍ ഹിലരിയും ടെഡ് ക്രൂസുമാണ് ജയിച്ചത്.

എക്‌സിറ്റ് പോളുകളിലും ട്രംപിനും സാന്‍ഡേഴ്‌സിനും തന്നെയായിരുന്നു മുന്‍തൂക്കം. ജോണ്‍ കാസിക്കാണ് ന്യൂ ഹാംഷയറില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ രണ്ടാമതെത്തിയത്. ഇതോടെ, പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനുള്ള റിപബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളിലെ പോരാട്ടത്തില്‍ ട്രംപിനും ചടെക്‌സസ് സെനറ്റര്‍ ടെഡ് ക്രൂസിനും ഒപ്പം ഒഹായോ സെനറ്ററായ ജോണ്‍ കാസിക്കും നിര്‍ണായകമായി.

പ്രതീക്ഷിച്ചതിനേക്കാള്‍ നല്ല നിലവാരത്തിലായിരുന്നു ന്യൂ ഹാംഷയറിലെ വോട്ടെടുപ്പ്. മെറിമാക്കിലും ന്യൂ ഹാംഷയറിലും വോട്ടിംഗ് സമയം നീട്ടിനല്‍കുന്നതിനെക്കുറിച്ചുവരെ ആലോചിച്ചിരുന്നു. പോളിംഗ് സ്ഥലങ്ങള്‍ക്കു പുറത്തു കാറുകളുടെ നീണ്ട നിരയായിരുന്നു കാണപ്പെട്ടത്.

അയോവയില്‍ ടെക്‌സസ് സെനറ്ററായ ടെഡ് ക്രൂസിന്റെ വിജയം അപ്രതീക്ഷിതമായിരുന്നു. മുസ്ലിം വിരുദ്ധ പരാമര്‍ശത്തിലൂടെ വിവാദത്തിലായ ഡൊണാള്‍ഡ് ട്രംപിനാണ് അയോവയില്‍ പ്രാധാന്യം കല്‍പിച്ചിരുന്നത്. ഇവിടെ തോറ്റത് ട്രംപ് ക്യാംപിനെ ഞെട്ടിച്ചിരുന്നു. അയോവയിലെ തോല്‍വിക്കുള്ള മറുപടിയായി ന്യൂം ഹാംഷയറിലെ ട്രംപിന്റെ ജയം. അയോവയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ അവസാന നിമിഷം വരെ ഹിലരിയും ബേണി സാന്‍ഡേഴ്‌സും ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും ഹിലരി വിജയിക്കുകയായിരുന്നു.

ഈ മാസം ഇരുപതിനാണ് നെവാഡയില്‍ ഡെമോക്രാറ്റിക്ക് കോക്കസ്. സൗത്ത് കരോളിനയിലെ റിപ്പബ്ലിക്കന്‍ പ്രൈമറിയും അന്നുതന്നെ നടക്കും. ഇരുപത്തിമൂന്നിനാണ് നെവാഡയില്‍ റിപ്പബ്ലിക്കന്‍ കോക്കസ്. ഇരുപത്തേഴിനാണ് സൗത്ത് കരോളിനിയില്‍ ഡെമോക്രാറ്റിക് പ്രൈമറി. പ്രൈമറി/കോക്കസ്, നാമനിര്‍ദേശ കണ്‍വന്‍ഷന്‍ എന്നീ ഘട്ടങ്ങളിലൂടെയാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുളള സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകുന്നത്. റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ് പാര്‍ട്ടികള്‍ തമ്മിലാണു പ്രധാന മത്സരം. നവംബറിലാണു പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News