അടുത്തത് എല്‍ഡിഎഫ് സര്‍ക്കാരുതന്നെയെന്നു രാഹുല്‍ഗാന്ധിയും ഉറപ്പിച്ചെന്നു പിണറായി; നാറിയ സര്‍ക്കാരിന് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്തെന്ന് ആന്റണി വ്യക്തമാക്കണം

ചെങ്ങന്നൂര്‍: സംസ്ഥാനത്തെ അടുത്ത ഭരണം എല്‍ഡിഎഫിന്റെതാണെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിതന്നെ സമ്മതിച്ചതായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. നവകേരളമാര്‍ച്ചിനോട് അനുബന്ധിച്ച് ചെങ്ങന്നൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫാണ് അടുത്തത് കേരളം ഭരിക്കുക എന്നുറപ്പുള്ളതുകൊണ്ടാണ് മദ്യനയം എന്താണെന്നു സിപിഐഎം വ്യക്തമാക്കണമെന്നു രാഹുല്‍ ആവശ്യപ്പെട്ടതെന്നും പിണറായി പറഞ്ഞു. അസംബന്ധങ്ങളുടെ ഘോഷയാത്ര നടത്തുന്ന ഏജന്‍സിയാണ് സിബിഐ എന്നും നേരത്തേ, തലശേരിയില്‍ സിപിഐഎം വര്‍ഗീയകലാപമുണ്ടാക്കുമെന്നു പറഞ്ഞതും സിബിഐ ആണെന്നും പിണറായി പറഞ്ഞു.

മദ്യവര്‍ജനമാണ് സിപിഐഎം നിലപാട്. മദ്യനിരോധനം എന്നത് പ്രായോഗികമല്ല. ഒരു വര്‍ഷത്തേക്കാണ് നയം തീരുമാനിക്കുക. രാഹുലിന്റെ സംസാരം കേട്ടാല്‍ കേരളത്തില്‍ മദ്യം നിരോധിച്ചിരിക്കുകയാണെന്നു തോന്നും. കേരളത്തില്‍ മദ്യ ഉപഭോഗം കുറഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം വിളിച്ചിട്ട് പിന്നെ ഉപേക്ഷിച്ച് ഓടിപ്പോയത്. ഇവിടെയുള്ള കാര്യങ്ങളെക്കുറിച്ചു ചോദിച്ചാല്‍ മറുപടി പറയാന്‍ വിഷമമായതുകൊണ്ടായിരിക്കും രാഹുല്‍ പോയത്. രാഹുല്‍ ഗാന്ധിക്ക് ഇവിടെയുള്ള പ്രശ്‌നങ്ങള്‍ അറിയില്ലേ? ദേശീയ മാധ്യമങ്ങള്‍ കേരളത്തിലെ സര്‍ക്കാരുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകള്‍ കൊടുത്തിട്ടുണ്ട്. കേരളത്തിന്റെ പ്രശ്‌നങ്ങള്‍ അദ്ദേഹം മനസിലാക്കാതെയില്ല. കേരളത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം മൗനം പാലിക്കുകയായിരുന്നു.

അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നാണ് രാഹുല്‍ പറഞ്ഞത്. അതു പറയുേേമ്പാള്‍ രാഹുല്‍ഗാന്ധി ഇരിക്കുന്നിടത്തുനിന്നാണ് മറ്റുള്ളവര്‍ അഴിമതി പഠിച്ചതെന്നോര്‍ക്കണം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് തുടരെത്തുടരെ അഴിമതിയായിരുന്നു. നേതാക്കന്‍മാര്‍ അഴിമതി നടത്തുമ്പോള്‍ ഞങ്ങളെന്തിനാണ് അനങ്ങാതിരിക്കുന്നതെന്നു കോണ്‍ഗ്രസുകാര്‍ കരുതുന്നു. കേരളത്തില്‍ ഇപ്പോഴുള്ള സര്‍ക്കാരാണ് ഏറ്റവും നല്ലതെന്ന് എ കെ ആന്റണി പറയുന്നു. ഇതെങ്ങനെയാണെന്ന് ആന്റണി വ്യക്തമാക്കണം. പണം നല്‍കിയെന്നു നല്‍കിയവര്‍ പറയുന്നു. തെളിവുകള്‍ പറയുന്നു. എന്നിട്ടും ആ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് എന്തടിസ്ഥാനത്തിലാണ് ആന്റണി ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

ഇപ്പോഴുള്ളതു പോലെ നാറിയ സര്‍ക്കാരിനെ കാണാന്‍ കഴിയുമോ? ചാരായനിരോധനം പ്രഖ്യാപിച്ചപ്പോള്‍ ആന്റണി കരുതിയത് സര്‍ക്കാര്‍ കൈയില്‍ വരുമെന്നായിരുന്നു.അന്ന് എന്താണ് എല്‍ഡിഎഫിന്റെ നയം എന്നായിരുന്നു ആന്റണിയുടെ ചോദ്യം. അന്നും തങ്ങള്‍ക്ക് ഇതേ നിലപാടായിരുന്നു. ആന്റണിക്കു ഭരണത്തില്‍ വരാനായില്ല. കോണ്‍ഗ്രസിന്റെ മദ്യനയം രാഹുല്‍ഗാന്ധി വ്യക്തമാക്കണം. മിസോറാമിലും മണിപൂരിലും മദ്യനിരോധിത സംസ്ഥാനമായിരുന്നു. ഇവിടെ കോണ്‍ഗ്രസ് ഭരിക്കുന്ന സമയത്താണ് മദ്യനിരോധനം എടുത്തുകളഞ്ഞത്. ഇതിനെതിരേ സ്ത്രീകളും പുരോഹിതന്‍മാരും സമരം നടത്തിക്കൊണ്ടിരിക്കുകയാണെന്നും പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News