കുടിലബുദ്ധിയില്‍ ശകുനിയെ പോലും തോല്‍പിച്ചയാളാണ് ഉമ്മന്‍ചാണ്ടിയെന്ന് വിഎസ് അച്യുതാനന്ദന്‍; മാണിക്ക് വാറുപൊട്ടിയ ചെരുപ്പിന്റെ അവസ്ഥ; നിയമസഭയിലെ വിഎസിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം

തിരുവനന്തപുരം: കുടിലബുദ്ധിയുടെ കാര്യത്തില്‍ മഹാഭാരതത്തിലെ ശകുനിയെ പോലും തോല്‍പിച്ചയാളാണ് ഉമ്മന്‍ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മാണിയെ തന്ത്രത്തിലൂടെ പുറത്താക്കി അതുകണ്ട് ഊറിച്ചിരിക്കുകയാണ് ഉമ്മന്‍ചാണ്ടി. മാണി ഇപ്പോള്‍ വാറു പൊട്ടിയ ചെരുപ്പിന്റെ അവസ്ഥയാണെന്നും വിഎസ് പറഞ്ഞു. നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടി പ്രസംഗിക്കാനായി വിഎസ് തയ്യാറാക്കിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം വായിക്കാം.

സര്‍, എന്നത്തെയും പോലെ ഇന്നും അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചിരിക്കുകയാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നു പറയുന്ന ഉമ്മന്‍ചാണ്ടി നിയമം തന്റെ വഴിക്കാണെന്നാണ് പറയുന്നത്. അതാണ് മാണിക്ക് ഒരു നീതിയും ബാബുവിന് ഒരു നീതിയും എന്ന അവസ്ഥ. സാര്‍, മിസ്റ്റര്‍ ഉമ്മന്‍ചാണ്ടി മഹാഭാരതത്തിലെ ശകുനിയെ പോലും തോല്‍പിച്ചവനാണ്. കുടിലബുദ്ധിക്കാരനായിരുന്നു ശകുനി. ബിജു രമേശ് കൊടുത്ത മൊഴി ഓര്‍മയില്ലേ. മാണിയുടെ വീട്ടിലേക്ക് ആളെ വിട്ട് കോഴ കൊടുപ്പിച്ച് പാവം മാണിയെ അതില്‍ കുടുക്കി തള്ളി താഴെയിട്ടില്ലേ. എന്നിട്ട് ശകുനി എല്ലാം കണ്ട് ഊറിച്ചിരിക്കുകയാണ്.

സ്പീക്കര്‍ സാര്‍, ഈ നിയമസഭയില്‍ നടക്കുന്ന വാദപ്രതിവാദങ്ങള്‍ എല്ലാം രേഖയാകുന്നുണ്ട്. ഇനിയൊരു കാലത്ത് റിസര്‍ച്ചിനു വരുന്ന കുട്ടികള്‍ മുഖ്യമന്ത്രിക്ക്് ഒരു പേരിടും. അത് ഈ സംസ്ഥആനത്തിന് നാണക്കേടാകും. ബാര്‍കോഴ കേസ് ദിവസങ്ങളായി സഭയെ അടിമുടി ഉലയ്ക്കുകയാണ്. വാറു പൊട്ടിയ ചെരുപ്പിന്റെ സ്ഥിതിയാണിപ്പോള്‍ മാണിക്ക്. നാണംകെടുത്തി പുറത്താക്കുകയാണ് ചെയ്തത്. ശ്രീ ശ്രീ എന്നു പറഞ്ഞ് കൂടെകൂട്ടി പാവത്തിനെ പുറത്താക്കി. പക്ഷേ, മാണി വാങ്ങിയതിന്റെ പത്തിരട്ടി വാങ്ങിയ ബാബു ഇപ്പോഴും അകത്താണ്. അതിന്റെ ഹൃദയവേദനയില്‍ നിന്ന് വന്നതാണ് മാണിയുടെ കുതികാല്‍വെട്ടു പ്രയോഗം. പക്ഷേ, കുതികാല്‍ മാത്രമല്ല, ചങ്കിനിട്ടു വെട്ടിയാലും മാണിക്കും കൂട്ടര്‍ക്കും ഇനി മറ്റു വഴിയില്ല. മാണി ഉമ്മന്‍ചാണ്ടിക്ക് എടുക്കാചരക്കായി മാറി. ഉമ്മന്‍ചാണ്ടിക്ക് ബാബു പൊന്നിന്‍കുടമാണ്. ബാബുവിന്റെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറാതെ കള്ളക്കളി കളിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. ഈ കള്ളക്കളി അവസാനം ബാബുവിനെ വീണ്ടും മന്ത്രിക്കസേരയില്‍ എത്തിച്ചു.

ബാബുവും ഉമ്മന്‍ചാണ്ടിയും ഇരുമെയ്യാണെങ്കിലും ഒരു കരള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. നീ എന്റെ കൂടെ ഇരുന്നാല്‍ ഞാന്‍ നിന്റെ കൂടെ എന്നു പറയുന്ന പോലെയാണ് ബാബുവും ഉമ്മനും. ഇങ്ങനെ അഴിമതി നടത്തുന്നതും അത് ഒതുക്കി പിടിക്കുന്നതിലും ഇല്ലാതെ എന്തിലാണ് സര്‍ ഈ സര്‍ക്കാരിന് താല്‍പര്യമുള്ളത്. മുഖ്യമന്ത്രിക്ക് ആഭ്യന്തരമന്ത്രിയെ വിശ്വാസമില്ല. ആഭ്യന്തരമന്ത്രി മുഖ്യമന്ത്രി എന്തണ് ചെയയുന്നതെന്നു നോക്കി നടക്കുന്നു. സ്വന്തം ഡിജിപിയെ പോലും വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് ആഭ്യന്തരമന്ത്രി ഇന്നലെ പറഞ്ഞത്. ശങ്കര്‍റെഡ്ഢി കോടതിയെ വിഡ്ഡിയാക്കാന്‍ ശ്രമിച്ചപ്പോഴാണ് ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറഞ്ഞത്.

ഉടന്‍ തന്നെ സര്‍ക്കാരിനു വേണ്ടി വിടുപണി ചെയ്യുന്ന ശങ്കര്‍റെഡ്ഢി ഓടി ഹൈക്കോടതിയില്‍ പോയി. അപ്പോള്‍ ഹൈക്കോടതി അദ്ദേഹത്തോടു ചോദിച്ചു. താങ്കള്‍ക്ക് എന്താണ് ഇക്കാര്യത്തില്‍ ഇത്ര ആവേശം. നമ്മുടെ എജിയോടും ചോദിച്ചു നാണക്കേടല്ലേ ഇത്. അഴിമതിക്കാരുടെ കേസ് അഴിമതിക്കാര്‍ നടത്തട്ടെ. സര്‍ക്കാര്‍ എന്തിനു നടത്തുന്നു. എന്ന്. ഇതുകേട്ടതും കോഴബാബു ഓടിയിറങ്ങി ഹൈക്കോടതി സിംഗിള്‍ബെഞ്ചില്‍ പോയി ഹര്‍ജി കൊടുത്തു. ബാബുവിന്റെ സങ്കടം കണ്ട് കനിഞ്ഞ കോടതി രണ്ടു മാസത്തേക്ക് സ്‌റ്റേ അനുവദിക്കുകയും 10 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ പറയുകയും ചെയ്തു. ഇതുകേട്ടതും നാണമില്ലാത്ത ബാബു ഇളിഞ്ഞ ചിരിയോടെ മന്ത്രിസഭയില്‍ പ്രവേശിച്ചു. അതിനുശേഷം പൊട്ടിക്കരഞ്ഞു കൊണ്ട് ബാബു നടത്തിയ വാര്‍ത്താസമ്മേളനം ആരും മറന്നിട്ടില്ല. തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശന്റെ മുമ്പില്‍ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചതു കൊണ്ട് കിട്ടിയ വിധിയാണെന്നാണ് പറഞ്ഞത്.

ബാബുവിന്റെ പൂര്‍ണത്രയീശന്‍ മറ്റാരുമല്ല. ഉമ്മന്‍ചാണ്ടിയാണ്. അതുകൊണ്ടാണല്ലോ ഒരു മന്ത്രിയുടെ രാജി രണ്ടാഴ്ച പോക്കറ്റില്‍ ഇട്ടുനടന്നത്. നാണക്കേടിന്റെ പര്യായമായ ഈ സര്‍ക്കരിനെ കുറിച്ച് ഞാന്‍ കൂടുതല്‍ എന്തു പറയാനാണ് സാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News