ദുബായിലെ 70% പദ്ധതികള്‍ അവതാളത്തില്‍; സാമ്പത്തിക പ്രതിസന്ധി അതീവ രൂക്ഷമാകുന്നതായി സൂചന; പ്രവാസികളുടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലേക്ക്

ദുബായ്: എണ്ണവില ഇടിഞ്ഞതിനെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി ദുബായിലെ സ്ഥിതി വഷളാക്കുന്നു. ഈവര്‍ഷം പൂര്‍ത്തിയാക്കേണ്ട പദ്ധതികളില്‍ എഴുപതു ശതമാനവും അവതാളത്തിലാണെന്നു ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വിപണിയിലെ മാന്ദ്യം കണക്കിലെടുത്തു സര്‍ക്കാര്‍ ചെലവുകളും കമ്പനികള്‍ ശമ്പളവും കൂടുതല്‍ വെട്ടിക്കുറച്ചേക്കുമെന്നും സൂചനയുണ്ട്.

റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ പല പദ്ധികളും അനിശ്ചിതകാലത്തേക്കു നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായാണു റിപ്പോര്‍ട്ട്. പ്രമുഖ കമ്പനിയായ ജെഎല്‍എല്‍ ഈ വര്‍ഷം 18200 റെസിഡന്‍ഷ്യല്‍ യൂണിറ്റകളാണ് തീര്‍ക്കേണ്ടത്. എന്നാല്‍ ഇവയില്‍ മുപ്പതു ശതമാനം മാത്രമേ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ എന്നാണ് കമ്പനിയുടെ നിലപാട്.

അബുദാബിയിലും സ്ഥിതി മെച്ചമല്ല. അടുത്തകാലത്തായി ആരംഭിച്ച പല വികസന പദ്ധതികളും നിര്‍ത്തിവയ്ക്കുകയാണ് ഇപ്പോള്‍. സാമ്പത്തിക പ്രതിസന്ധിതന്നെയാണ് മുഖ്യ കാരണം. ലക്ഷ്യമിട്ടതില്‍നിന്നു നാല്‍പതു ശതമാനം മാത്രമാണ് പൂര്‍ത്തിയാകുന്ന പദ്ധതികളുടെ തോത്.

എണ്ണവിലയില്‍ വന്ന കുറവ് ഗള്‍ഫ് രാജ്യങ്ങളെ കാര്യമായ രീതിയില്‍ ബാധിക്കുന്നത് പ്രവാസികള്‍ക്കു ദോഷകരമാകുമെന്നാണ് വിലയിരുത്തല്‍. പലകമ്പനികളും ജോലിക്കാരെ പിരിച്ചുവിട്ടുകഴിഞ്ഞു. ചിലര്‍ക്ക് അനിശ്ചിതകാലത്തേക്ക് അവധി നല്‍കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്ന സമയത്തുജോലിയില്‍ തിരികെ പ്രവേശിക്കാമെന്ന ഉപാധിയിലാണ് അവധി നല്‍കിയിരിക്കുന്നത്.

ശമ്പളം വെട്ടിക്കുറച്ചാണ് ചില കമ്പനികള്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നത്. പല പ്രവാസി ജോലിക്കാരുടെയും ശമ്പളം പകുതിയിലേറെ കുറച്ചിട്ടുണ്ട്. ഇവരില്‍ പലരും ഒപ്പമുണ്ടായിരുന്ന കുടുംബങ്ങളെ നാട്ടിലേക്ക് അയച്ചിട്ടുണ്ട്. ചിലര്‍ നാട്ടില്‍ ജോലിക്കു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തരക്കേടില്ലാതെ ജോലി ലഭിച്ചാല്‍ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ബുദ്ധിയെന്നാണ് പ്രവാസികളില്‍ പലരും പറയുന്നത്. ഒന്നരവര്‍ഷത്തേക്കെങ്കിലും ഇപ്പോഴത്തെ മാന്ദ്യം തുടരുമെന്നാണ് വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News