ബാര്‍ കോഴക്കേസ്: പ്രതിപക്ഷ പ്രതിഷേധത്തെ പരസ്യമായി അഭിനന്ദിച്ച് കെഎം മാണി; ഇരട്ട നീതിയെന്ന ആരോപണം ശരിയെന്ന് പ്രതിപക്ഷത്തോട് മാണി

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് മുന്‍ധനമന്ത്രിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ കെഎം മാണിയുടെ പരസ്യ അഭിനന്ദനം. ബാര്‍ കോഴക്കേസില്‍ സര്‍ക്കാര്‍ ഇരട്ട നീതി നടപ്പാക്കുകയാണ് എന്ന പ്രതിപക്ഷ ആരോപണത്തെയാണ് കെഎം മാണി പരസ്യമായി പിന്തുണച്ചത്.

നിയമസഭയില്‍ കെ മുരളീധരന്‍ സംസാരിക്കുന്നതിനിടെ പ്രതിപക്ഷ നിരയില്‍ നിന്ന് വിഎസ് സുനില്‍കുമാര്‍ നടുത്തളത്തില്‍ ഇറങ്ങി പ്രസംഗിച്ചു. ഈ സമയത്താണ് അപ്രതീക്ഷിതവും നാടകീയവുമായ നാടകീയ രംഗങ്ങള്‍ സഭയില്‍ അരങ്ങേറിയത്. കോടതി സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്നാണ് കോടതി പറഞ്ഞത്, ഇപ്പോഴും സംശയത്തിലായ സീസറിന്റെ ഒരു ഭാര്യയായ ബാബു മന്ത്രിസഭയില്‍ തുടരുകയാണെന്നും വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. ഇത് ഇരട്ടനീതിയാണെന്ന സുനില്‍കുമാറിന്റെ പ്രസ്താവനയെ ഡസ്‌കിലടിച്ച് കെഎം മാണി സ്വീകരിച്ചു. ഇതോടൊപ്പം പരസ്യമായി സന്തോഷം പ്രകടിപ്പിക്കാനും കെഎം മാണി തയ്യാറായി.

പ്രസംഗത്തിന് ശേഷം പ്രതിപക്ഷ ബെഞ്ചിലെത്തിയ കെഎം മാണി പ്രതിപക്ഷ നേതാവിനോടും വിഎസ് സുനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളയുള്ളവരോടും പ്രത്യേകം നന്ദി പറഞ്ഞു. നിങ്ങളെങ്കിലും ഇത് പറഞ്ഞല്ലോ എന്നാണ് മാണി ബെഞ്ചിലെത്തി പറഞ്ഞതെന്ന് വിഎസ് സുനില്‍കുമാര്‍ എംഎല്‍എ പിന്നീട് പറഞ്ഞു. ബാര്‍ കോഴ വിവാദത്തില്‍ കെ ബാബുവിനും കെഎം മാണിക്കും ഇരട്ടനീതീയാണ് ലഭിക്കുന്നതെന്നാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഉയര്‍ത്തുന്ന ആരോപണം.

തനിക്ക് കോണ്‍ഗ്രസില്‍ നിന്ന് നീതി കിട്ടിയില്ലെന്ന അഭിപ്രായം പാലായിലെ സ്വീകരണ സമയത്തും മാണി പരസ്യമായി പറഞ്ഞു. കോട്ടയത്തെ ലീഗ് പരിപാടിയില്‍ കോണ്‍ഗ്രസിനെതിരായ ഒളിയമ്പ് കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസുമായുള്ള കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ ഭിന്നത അനുനിമിഷം വളരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കെഎം മാണിയുടെ പരസ്യ നിലപാടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News