ശബരിമലയിലെ സ്ത്രീപ്രവേശനം; കോണ്‍ഗ്രസ് നിലപാടിനെ എതിര്‍ത്ത് ശശി തരൂര്‍; ലിംഗവിവേചനം ഭരണഘടനയ്ക്ക് എതിര്; സ്ത്രീ പ്രവേശനം ആകാമെന്നും തരൂര്‍

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് വിരുദ്ധ നിലപാടുമായി ശശി തരൂര്‍ എംപി. ലിംഗ വിവേചനം ഭരണഘടനയ്ക്ക് എതിരാണെന്ന് ശശി തരൂര്‍ പറഞ്ഞു. ശബരിമലയില്‍ സ്ത്രീ പ്രവേശനം ആകാമെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. സ്ത്രീ പ്രവേശനത്തില്‍ ആചാരങ്ങള്‍ തുടരാമെന്ന കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമാണ് തരൂരിന്റെ നിലപാട്. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തരൂര്‍ നിലപാട് വ്യക്തമാക്കിയത്.

ശബരിമലയില്‍ നിലവിലുള്ള ആചാരങ്ങളോട് യോജിപ്പില്ലെന്ന് ശശി തൂര്‍ പറഞ്ഞു. സാമൂഹിക ആചാരങ്ങള്‍ പവിത്രമല്ല. ആചാരങ്ങള്‍ കാലത്തിന് അനുസരിച്ച് മാറ്റപ്പെടുന്നത് നമ്മള്‍ കണ്ടതാണ്. 1930 വരെ ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനത്തിന് അനുവാദമുണ്ടായിരുന്നില്ല. ദളിതരുടെ ക്ഷേത്ര പ്രവേശനം അക്കാലത്ത് ആചാര വിരുദ്ധമായി ആണ് കണക്കാക്കിയിരുന്നത്. ലിംഗ വിവേചനപരമായ ആചാരവും കാലത്തിന് അനുസരിച്ച് മാറേണ്ടതുണ്ടെന്നും തരൂര്‍ പറഞ്ഞു.

ക്ഷേത്രത്തില്‍ ഇരിക്കുന്ന ദൈവത്തെ ആരാധിക്കാന്‍ ആര്‍ക്കെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ അത് അനുവദിക്കണം. സ്ത്രീകള്‍ ആരാധിച്ചതുവഴി ദൈവത്തിന്റെ പവിത്രത തകരുമെന്ന് കരുതുന്നില്ല. ലിംഗ വിവേചനത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് തെറ്റാണ്. സ്ത്രീകള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കാത്തത് ഭരണഘടനാവിരുദ്ധ നടപടിയാണ്. ഇതാണ് വ്യക്തിപരമായ നിലപാട് എന്നും ശശി തരൂര്‍ പറഞ്ഞു.

ഹാജി അലി പള്ളിയില്‍ നമസ്‌കാരത്തിന് സ്ത്രീകളെ അനുവദിക്കണം എന്ന ബോംബെ ഹൈക്കോടതി വിധി തരൂര്‍ സ്വാഗതം ചെയ്തു. പിന്തുടര്‍ന്ന് പോരുന്നത് എന്തായാലും എല്ലാ മതങ്ങളും ഇതേ തത്വം പിന്തുടരണം. ലിംഗ വിവേചനം ഭരണഘടന അനുവദിക്കുന്നില്ല എന്നും തരൂര്‍ പറഞ്ഞു.

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയില്‍ നേരത്തെ സുപ്രീംകോടതി സുപ്രധാന ചോദ്യങ്ങളാണ് ഉന്നയിച്ചത്. ശബരിമലയില്‍ സ്ത്രീ പ്രവേശനം ആയിക്കൂടെ എന്നായിരുന്നു കോടതി ആരാഞ്ഞത്.

എന്ത് അടിസ്ഥാനത്തിലാണ് സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിന്റെ യുക്തിയെന്താണ്. സ്ത്രീ ശബരിമലയില്‍ പോകാം പോകാതിരിക്കാം. പക്ഷേ അത് വ്യക്തിപരമായ സ്വാതന്ത്യമല്ലേ എന്നാണ് സുപ്രീംകോടതി ചോദിച്ചത്. നൂറ്റാണ്ടുകളായി തുടരുന്ന ആചാരമാണ് എന്ന് തെളിയിക്കാന്‍ എന്ത് തെളിവുണ്ടെന്നും ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചു. തുടര്‍ന്നാണ് ശബരിമലയിലെ സ്ത്രീ പ്രവേശനം വീണ്ടും ചര്‍ച്ചയാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News