സിയാച്ചിനില്‍ നിന്ന് രക്ഷപ്പെട്ട ലാന്‍സ്നായിക് ഹനുമന്തപ്പ അന്തരിച്ചു; അന്ത്യം ദില്ലിയിലെ സൈനിക ആശുപത്രിയില്‍

ദില്ലി: സിയാച്ചിനിലെ മഞ്ഞുവീഴ്ചയില്‍ മഞ്ഞിനടിയില്‍ പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ട ലാന്‍സ്‌നായക് ഹനുമന്തപ്പ അന്തരിച്ചു. ദില്ലിയിലെ സൈനിക ആശുപത്രിയില്‍ രാവിലെ 11.45ഓടെയായിരുന്നു അന്ത്യം. ഇന്നലെ വൈകുന്നേരത്തോടെ അതീവഗുരുതരാവസ്ഥയിലായ ഹനുമന്തപ്പയുടെ ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇന്നലെ വൈകുന്നേരത്തിനു ശേഷം ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ശരീരകോശങ്ങളിലേക്ക് രക്തം തിരിച്ചു പ്രവഹിക്കുന്നതായിരുന്നു ഹനുമന്തപ്പയുടെ പ്രശ്‌നം.

ഹനുമന്തപ്പയ്ക്ക് തെറാപ്പിയും മറ്റു വൈദ്യസഹായങ്ങളും നല്‍കി വന്നിരുന്നു. ഇന്നലെ എയിംസ് ആശുപത്രിയില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഹനുമന്തപ്പയെ സന്ദര്‍ശിച്ച് അവസ്ഥ വിലയിരുത്തിയിരുന്നു. തലച്ചോറിലേക്ക് ഓക്‌സിജന്‍ ശരിയാംവണ്ണം എത്തുന്നില്ലെന്ന് സിടി സ്‌കാനില്‍ വ്യക്തമായി. രണ്ടു ശ്വാസകോശങ്ങളെയും ന്യൂമോണിയയും ബാധിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ആറുദിവസം മൈനസ് 42 ഡിഗ്രി താപനിലയില്‍ മഞ്ഞിനടിയില്‍ കഴിഞ്ഞ ശേഷം ജീവനോടെ ഹനുമന്തപ്പയെ കണ്ടെത്തിയത്.

തിങ്കളാഴ്ചയാണ് രക്ഷാപ്രവര്‍ത്തകര്‍ 25 അടി താഴ്ചയില്‍ നിന്നും ഹനുമന്തപ്പയെ കണ്ടെത്തിയത്. അന്നുമുതല്‍ ഹനുമന്തപ്പയുടെ ജീവന്‍ രക്ഷിക്കാന്‍ സൈനിക ആശുപത്രിയിലെ സംഘം തീവ്രമായി ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍ ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകളും വിഫലമാക്കി ഹനുമന്തപ്പ കോപ്പഡ് മരണത്തിനു കീഴടങ്ങുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here