കോട്ടയം: ഒരു കാലത്തു പല തലമുറകളുടെ ആവേശമായിരുന്ന ഡിങ്കന്‍ തിരിച്ചുവരുന്നു. ബാലമംഗളം പ്രസിദ്ധീകരണം നിര്‍ത്തിയതോടെ നിലച്ച ഡിങ്കന്റെ തുടര്‍ക്കഥ മംഗളം വാരികയിലൂടെയാണ് വീണ്ടും ആരംഭിക്കുന്നത്. ഫെബ്രുവരി 22ന് പുറത്തിറങ്ങുന്ന മംഗളം വാരിക ഡിങ്കനുമായാണ് പുറത്തിറങ്ങുക.

ശക്തരില്‍ ശക്‌നായി കുട്ടികളെ വിസ്മയിപ്പിച്ച ഡിങ്കന്റെ അനുയായികള്‍ ഡിങ്കോയിസം എന്ന മതവുമായി സജീവമായ ഘട്ടത്തിലാണ് ഡിങ്കന്‍ വീണ്ടും വരുന്നത്. ബാലമംഗളമാണ് ഡിങ്കോയിസ്റ്റുകള്‍ വിശുദ്ധഗ്രന്ഥമായി സ്വീകരിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ ചിലരാണ് പരമ്പരാഗത മതങ്ങളുടെയും വിശ്വാസങ്ങളുടെയും പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടാനായി ഡിങ്കനെ ദൈവമായും ഡിങ്കോയിസത്തെ മതമായും ഉയര്‍ത്തിക്കാട്ടിയത്. വിമര്‍ശനത്തിനായി രൂപംകൊണ്ട ഈ മതത്തിന് വ്യവസ്ഥാപിതമായ ചട്ടക്കൂടുകളോ ആരാധനക്രമങ്ങളോ ഇല്ല.

സിനിമാതാരം ദിലീപ് തന്റെ സിനിമയ്ക്ക് ‘പ്രഫസര്‍ ഡിങ്കന്‍’ എന്നു പേരിട്ടതില്‍ പ്രതിഷേധിച്ച് ഡിങ്കോയിസ്റ്റുകള്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് എന്ന ഹോട്ടലിലേക്ക് പ്രതിഷേധയാത്ര നടത്തിയിരുന്നു. കലിഫോര്‍ണിയയില്‍ സ്ഥിരതാമസമാക്കിയ മലയാളിയായ പാര്‍ഥസാരഥി ഡിങ്കനോടുള്ള ആരാധനയാല്‍ വാഹനത്തിന്റെ നമ്പര്‍പ്ലേറ്റ് ഡിങ്കഭഗവാനു സമര്‍പ്പിക്കുകയും ചെയ്തു. ഇങ്ങനെ ലോകമാകെ ഡിങ്കന്റെ പ്രസക്തി പാടിപ്പുകഴ്ത്തുമ്പോഴാണു ഡിങ്കന്‍ തിരിച്ചുവരുന്നത്.

1983ലാണ് ബാലമംഗളത്തില്‍ ഡിങ്കന്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. ബാലമംഗളം എഡിറ്ററായിരുന്ന എന്‍. സോമശേഖരന്റെ രചനയില്‍ ആര്‍ട്ടിസ്റ്റ് ബേബി ജോണാണു ചിത്രീകരണം നിര്‍വഹിച്ചത്. അത്ഭുതശക്തികളുള്ള എലിയാണു ഡിങ്കന്‍. കാട്ടിലെ മൃഗങ്ങള്‍ക്ക് ആപത്തില്‍ മിത്രവും ശത്രുക്കള്‍ക്കു പേടിസ്വപ്‌നവുമായാണ് ഡിങ്കനെ വിശേഷിപ്പിച്ചിരുന്നത്. വനത്തില്‍ അപകടത്തില്‍പ്പെടുന്നവര്‍ ‘ഡിങ്കാ…’ എന്നു വിളിക്കേണ്ടതാമസം, ഉടന്‍ രക്ഷകനായെത്തും. മാതാപിതാക്കളെ അനുസരിക്കാതെ തന്നിഷ്ടത്തിനു നടന്ന സാധാരണ എലിയായിരുന്നു ഡിങ്കന്‍. ഒരു ദിവസം ഡിങ്കനെ ചില അന്യഗ്രഹ ജീവികള്‍ പിടിച്ച് ചില പരീക്ഷണങ്ങള്‍ക്കു വിധേയനാക്കി. അതോടെ ഡിങ്കന് അസാധാരണ ശക്തിയും കഴിവുകളും ലഭിച്ചു. തന്റെ കഴിവുകള്‍ മൃഗങ്ങളുടെയും കാടിന്റെയും നന്മക്കായി ഉപയോഗിക്കാന്‍ ഡിങ്കന്‍ തീരുമാനിച്ചു.

ഡിങ്കന്റെ ആസ്ഥാനമായ പങ്കിലക്കാടും എതിരാളികളായ കരിങ്കാടനും കേരകനും ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളും ഇനിയും ഡിങ്കനൊപ്പമുണ്ടാകും, ഒപ്പം ചില പുതിയ കഥാപാത്രങ്ങളും. ആര്‍ട്ടിസ്റ്റ് ബേബിജോണ്‍ തന്നെയാണ് പുതിയ ഡിങ്കനെയും കഥാപാത്രങ്ങളെയും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.