സിബിഐ ചെയ്യുന്നത് ആര്‍എസ്എസ് തീരുമാനം നടപ്പാക്കലെന്ന് പിണറായി; സിബിഐ ആര്‍എസ്എസിനെ അനുസരിക്കുന്നതു ഗൗരവമുള്ളകാര്യം; ആര്‍എസ്എസിനെ ഭയമില്ല

അടൂര്‍: സിബിഐ ആര്‍എസ്എസ് തീരുമാനം നടപ്പാക്കുന്നതു ഗൗരവമായ കാര്യമാണെന്നും ഇതു മുളയിലേ നുള്ളേണ്ടതാണെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. നവകേരള മാര്‍ച്ചിനോട് അനുബന്ധിച്ചു പത്തനംതിട്ട ജില്ലയിലെ അടൂരില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു പിണറായി. പി ജയരാജനെ കൊലപാതകക്കേസില്‍ കുടുക്കാനാണ് ആര്‍എസ്എസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തില്‍ സമ്മര്‍ദം ചെലുത്തുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നതെന്നും പിണറായി പറഞ്ഞു.

സിപിഐഎമ്മിന്റെ പ്രധാന നേതാക്കളെ കേസില്‍ ഉള്‍പ്പെടുത്തണമെന്നു ദേശീയ നേതാക്കളോട് ആര്‍എസ്എസ് നേതാക്കള്‍ കണ്ണൂരിലെ ആര്‍എസ്എസ് ബൈഠക്കില്‍ പങ്കെടുത്തപ്പോള്‍ പറഞ്ഞതായി വാര്‍ത്ത വന്നിരുന്ന. ആര്‍എസ്എസിന്റെ തീരുമാനം നടപ്പാക്കുകയാണ് സിബിഐ ചെയ്യുന്നത്. ആര്‍എസ്എസ് ഇവിടെനിന്ന് അയച്ച കത്ത് വ്യക്തമാക്കുന്നത് അതാണ്. അമിത് ഷായ്ക്കു കൊടുത്ത കത്ത്. ആര്‍എസ്എസിന്റെ തിരക്കഥയ്ക്ക് അനുസരിച്ചാണ് കാര്യങ്ങള്‍ നടത്തിയത്. ആര്‍എസ്എസ് ഇവിടെനിന്ന് അയച്ച കത്തിലെ കാര്യങ്ങളാണ് കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയമായി ആക്രമിക്കുന്നതിന് സാങ്കല്‍പിക കഥകള്‍ ചമയ്ക്കാന്‍ പാടില്ല. അത് ഒരു അന്വേഷണ ഏജന്‍സി പകര്‍ത്തുകയാണ്. ഇതു വളരെ ഗൗരവമുള്ള കാര്യങ്ങളാണ്.

പി ജയരാജന്‍തന്നെ ഇന്നു ജീവിച്ചിരിക്കുന്നതുതന്നെ ആശ്ചര്യകരമായ കാര്യമാണ്. അക്രമികള്‍ വെട്ടിക്കൊന്നു എന്നു കണക്കാക്കി പോയതാണ്. പിന്നെ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ മികവും മറ്റും കാരണം ജയരാജന്‍ ജീവിച്ചിരിക്കുന്നത്. ആര്‍എസ്എസ് സിപിഐഎമ്മിനെ തകര്‍ക്കുമെന്ന് ആശങ്കയില്ല. ആര്‍എസ്എസ് പറയുന്നത് അനസരിക്കുന്ന ഏജന്‍സിയായി സിബിഐ മാറുകയെന്നത് ആശങ്കാപരമാണ്. ഇത് ഒരു തിരനോട്ടമാണ്. ഏതെല്ലാം മട്ടില്‍ സിബിഐയെ ഉപയോഗിക്കാമെന്നതിന്റെ തിരനോട്ടമാണിത്. മുളയില്‍തന്നെ അത്തരമൊരു പ്രവണത തടയേണ്ട കടമ പൊതു സമൂഹത്തിന്റെ കടമയാണ്

നിയമസഭയില്‍ നടക്കുന്നത് എവിടെയും കേട്ടിട്ടില്ലാത്ത കാര്യങ്ങളാണ്. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസപ്പെടുത്താന്‍ ഭരണകക്ഷിക്കാര്‍തന്നെ ബഹളം വച്ചു. പ്രതിപക്ഷനേതാവിനെപ്പോലെയുള്ളയാള്‍ പ്രസംഗിക്കുമ്പോള്‍ തടസപ്പെടുത്തുന്നത് ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കാനുള്ള ശ്രമമായി വേണം കാണാന്‍. രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നു പറഞ്ഞത് കോണ്‍ഗ്രസിലെ തമ്മിലടി രണ്ടുമാസത്തേക്ക് നിര്‍ത്തിവയ്ക്കണമെന്നാണ്. അതായത്, തെരഞ്ഞെടുപ്പു വരെ തമ്മിലടിക്കരുത്. അതിനുശേഷം തമ്മിലടിക്കാമെന്നാണ് രാഹുല്‍ പറയുന്നത്. ഇതുകൊണ്ടൊന്നും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാമെന്നു രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും മനസിലാക്കണമെന്നും പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News