ബാര്‍ കോഴ സിഡിയില്‍ 3 മന്ത്രിമാരെ കുറിച്ചും എജിയെകുറിച്ചും വെളിപ്പെടുത്തല്‍; ശങ്കര്‍റെഡ്ഡി സമര്‍പ്പിച്ച ശബ്ദരേഖയുടെ മറച്ചുവച്ച ഭാഗം പീപ്പിള്‍ ടിവി പുറത്തുവിട്ടു

തിരുവനന്തപുരം: ബിജു രമേശും എസ്പി സുകേശനും ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി എന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍റെഡ്ഡി പുറത്തുവിട്ട ശബ്ദരേഖയുടെ മറച്ചുവച്ച ഭാഗം പീപ്പിള്‍ ടിവി പുറത്തുവിട്ടു. 3 മന്ത്രിമാരെക്കുറിച്ചും അഡ്വക്കേറ്റ് ജനറലിനെക്കുറിച്ചും സിഡിയില്‍ വെളിപ്പെടുത്തലുണ്ട്. മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ ബാബു, പി.ജെ ജോസഫ് എന്നിവരുടെ പേരുകളാണ് ബാറുടമകള്‍ സിഡിയില്‍ പരാമര്‍ശിക്കുന്നത്. സുകേശനും, ബിജുവിനുമെതിരെ കേസെടുത്ത വിജിലന്‍സ് എന്തുകൊണ്ട് ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷമം നടത്തുന്നില്ല എന്ന ചോദ്യമാണ് സിഡിയിലെ പരാമര്‍ശങ്ങള്‍ ഉയര്‍ത്തുന്നത്.

സംഭാഷണത്തിലെ പ്രസക്തഭാഗങ്ങള്‍

ബിജു രമേശ്: ആദ്യം നമ്മളെ സപ്പോര്‍ട്ട് ചെയ്യാമെന്ന് കെ ബാബു പറഞ്ഞിരുന്നു. നമുക്ക് അനുകൂലമായി നിന്നു

ബാറുടമ: അഡ്വക്കേറ്റ് ജനറല്‍ നമുക്ക് സഹായം ചെയ്തു. നല്ല സപ്പോര്‍ട്ടും കിട്ടി.

ബിജു രമേശ്: ഞാന്‍ രണ്ടെണ്ണം പറഞ്ഞപ്പോ നാലഞ്ച് പേരുടെ ഉറക്കം പോയി. പലരും എന്നെ വിളിച്ചു. പേര് പറയരുത് എന്ന് ആവശ്യപ്പെട്ടു. രാവിലെ പ്രമുഖനായ ഒരാള്‍ വന്ന് എന്നെ കണ്ടിരുന്നു. രമേശിന്റെ പേര് പറയരുത് എന്നാണ് പറഞ്ഞത്.

ബിജു രമേശ്: രമേശിനെ സംബന്ധിച്ച് ഓപ്പറേറ്റ് ചെയ്താലേ നടക്കുകയുള്ളൂ. നമ്മള്‍ കമ്മിറ്റ് ചെയ്താല്‍ മതിയായിരുന്നു. ഇവന്‍മാര്‍ക്ക് വേണ്ടി പറഞ്ഞിട്ട് എനിക്കെന്ത് താല്‍പര്യമെന്ന് ജോര്‍ജിന്റെ അടുത്ത് സംസാരിച്ചു. ഒരുത്തനും എന്നെ വന്നു കണ്ടില്ലെന്ന് രമേശ് ജോര്‍ജിനോട് പറഞ്ഞു.

രാജ്കുമാര്‍: പോളിസിയില്‍ ചില മാറ്റങ്ങള്‍ വരുത്തി. ഗവണ്‍മെന്റിന്റെ ഭാഗത്ത് അയവുകള്‍ വന്നിട്ടുണ്ട്. ആദ്യം ബിയര്‍-വൈന്‍ പാര്‍ലറുകള്‍ വാങ്ങാം. നിലവാരം ഒന്നും നോക്കാതെ നല്‍കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. ഇപ്പോ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ വാങ്ങുന്നു. ബാറിനായി കോടതിയെ സമീപിക്കാം. കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ഉണ്ടായാല്‍ സര്‍ക്കാരിനെ കാണിക്കാം. എന്നിട്ടും സര്‍ക്കാര്‍ പറ്റിച്ചാല്‍ ബാക്കി പണം വാങ്ങിയ എല്ലാവരുടേയും പേരുകള്‍ പറയാം.

ബിജു രമേശ്: മാണി സാറിനെ രക്ഷിക്കണമെന്ന് പിജെ ജോസഫ് തങ്കന്‍ ചേട്ടനെയും സാജു ഡൊമിനിക്കിനെയും വിളിച്ചു പറഞ്ഞു.

രാജ്കുമാര്‍ ഉണ്ണി: മൊഴി മാറ്റാന്‍ പറ്റുമോ എന്ന് പറഞ്ഞിട്ടില്ല. എന്നോട് ചോദിച്ചപ്പോള്‍ എനിക്ക് പറയാന്‍ പറ്റില്ല എന്ന് പറഞ്ഞു.

ബിജു രമേശ്: ചേട്ടന്റെ അടുത്ത് ആരു പറഞ്ഞു മൊഴി മാറ്റണമെന്ന്?
രാജ്കുമാര്‍ ഉണ്ണി: മുഖ്യമന്ത്രിയുടെ അടുത്ത് നിന്ന്… മുഖ്യമന്ത്രിയുടെ വേണ്ടപ്പെട്ടവരുടെ അടുത്ത് നിന്ന്..

ബാറുടമ : ഞാനും ബിനോയിയും കെഎം മാണിയുടെ വസതിയില്‍ പോയി. 2 രൂപ കൂടി വേണം എന്ന് പറഞ്ഞു. 3 രൂപ കൊടുക്കാമെന്ന് പറഞ്ഞിരുന്നു.

മറ്റൊരു ബാറുടമ: ആരാണ് ചോദിച്ചത്?
ബാറുടമ: മാണിസാറ് തന്നെ.. ചോദിച്ച് നോക്ക്

ബാറുടമ ഇന്ദു: പണം ജോണ്‍ കല്ലാട്ടിന് നല്‍കി എന്ന് മാത്രം പറയുക. മാണി സാറിന് കൊടുക്കാനാണോ എന്ന് ചോദിച്ചാല്‍ അറിയില്ല എന്ന് മാത്രം പറയുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here