ഇസ്ലാമോഫോബിയ; സന്നദ്ധ പ്രവര്‍ത്തകനെയും ഗര്‍ഭിണിയായ ഭാര്യയെയും വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു; താന്‍ സോഷ്യല്‍ മീഡിയ കാംപയിന്റെ ഇരയെന്ന് അഹ്മദ് അലി

ലണ്ടന്‍: മുസ്ലിമാണെന്ന കാരണത്താല്‍ സന്നദ്ധപ്രവര്‍ത്തകനെയും ഗര്‍ഭിണിയായ ഭാര്യയെയും വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതായി ആക്ഷേപം. ഡെര്‍ബിയിലെ കിര്‍ക് ലാംഗ്ലിയില്‍ നിന്നുള്ള ഹ്മദ് അലി എന്ന സന്നദ്ധപ്രവര്‍ത്തകനാണ് ആരോപണവുമായി രംഗത്തെത്തിയത്. തനിക്ക് താടിയുണ്ടെന്നും താന്‍ മുസ്ലിം ആയതു കൊണ്ടാണ് ഇറക്കിവിട്ടതെന്നും അഹ്മദ് അലി ആരോപിക്കുന്നു. തോംസണ്‍ എയര്‍വേയ്‌സിന്റെ വിമാനത്തില്‍ നിന്നാണ് അലിയെയും ഭാര്യയെയും ഇറക്കിവിട്ടത്. സോഷ്യല്‍മീഡിയയിലെ കാംപയിന്റെ ഇരയാണ് താനെന്ന് അലി പറഞ്ഞു. ഇറക്കിവിട്ടതിനെ തുടര്‍ന്ന് അലിയെ പൊലീസ് 5 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

ഡെര്‍ബിയില്‍ ഏതാനും ചാരിറ്റി സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട് അലി. മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ നിന്ന് മൊറോക്കോയിലേക്ക് പോകാനാണ് അലി എത്തിയത്. എന്നാല്‍ വിമാനത്തില്‍ കയറി അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നോട് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് അലി പറഞ്ഞു. എന്തിനാണ് ഇറങ്ങുന്നതെന്ന് ചോദിച്ചപ്പോള്‍ താങ്കളെ കാത്ത് പൊലീസ് പുറത്തിരിപ്പുണ്ട് എന്നാണ് എയര്‍ഹോസ്റ്റസ് മറുപടി നല്‍കിയത്. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ എല്ലാം പൊലീസ് പറയുമെന്നും അവര്‍ ചോദിച്ചറിഞ്ഞോളുമെന്നും പറഞ്ഞ് പുറത്തേക്ക് കൂട്ടിയിട്ട് പോകുകയായിരുന്നു. പൊലീസിനോട് അറസ്റ്റ് ചെയ്യാന്‍ താന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ ചെയ്തില്ലെന്ന് അലി വ്യക്തമാക്കി. അങ്ങനെയായിരുന്നെങ്കില്‍ തനിക്ക് അതുമായി മുന്നോട്ടു പോകാമായിരുന്നു.

രണ്ടുവര്‍ഷമായി തന്നെ പൊലീസ് വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് അലി പറയുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പൊലീസ് തന്നെ 20 തവണ ചോദ്യം ചെയ്തിട്ടുണ്ട്. താന്‍ വര്‍ഗീയവാദിയാണെന്ന് ആരോപിച്ചാണ് പൊലീസ് തന്നെ വേട്ടയാടുന്നത്. ഫേസ്ബുക്കില്‍ തനിക്കെതിരെ നുണപ്രചാരണങ്ങള്‍ നടക്കുകയാണെന്നും അലി പറയുന്നു. താന്‍ ഇസ്ലാമിക് തീവ്രവാദിയാണെന്നും തനിക്ക് 11 ഭാര്യമാരുണ്ടെന്നുമാണ് നുണപ്രചാരണം നടത്തുന്നത്. വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു കൊണ്ട് അതില്‍ നിന്നാണ് തന്റെ ഫേസ്ബുക്ക് വാളില്‍ നുണപ്രചാരണങ്ങള്‍ നടത്തുന്നത്. എന്നാല്‍, ഇവയെല്ലാം പച്ചക്കള്ളമാണെന്ന് അലി പറയുന്നു. ഇക്കാര്യത്തില്‍ താന്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നെന്നും അലി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News