പി ജയരാജനെ പ്രതിചേര്‍ത്തത് ആര്‍എസ്എസ് നിര്‍ദ്ദേശ പ്രകാരമെന്ന് സിപിഐഎം; ഉമ്മന്‍ചാണ്ടി നടപ്പാക്കുന്നത് ആര്‍എസ്എസ് നിലപാട്; യുഎപിഎ ചേര്‍ത്തത് പ്രത്യാഘാതമുണ്ടാക്കുമെന്നും കോടിയേരി

തിരുവനന്തപുരം: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ പ്രതി ചേര്‍ത്തത് ആര്‍എസ്എസ് നിര്‍ദ്ദേശ പ്രകാരമാണെന്ന് സിപിഐഎം. പി ജയരാജനെ എന്തുവന്നാലും പ്രതിചേര്‍ക്കണം എന്നാണ് ആര്‍എസ്എസ് നിലപാട്. അതിന്റെ ഭാഗമായാണ് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് കേന്ദ്രസര്‍ക്കാരില്‍ ഇടപെട്ട് ജയരാജനെ പ്രതിയാക്കിയത്. ഭാഗവത് കണ്ണൂരില്‍ എത്തിയതിന് ശേഷമാണ് പി ജയരാജന്‍ കേസില്‍ പ്രതിയായത് എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ പറഞ്ഞു. എകെജി സെന്ററില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷണന്‍.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ വഴി സമ്മര്‍ദ്ദം ചെലുത്തിയാണ് ആര്‍എസ്എസ് കേസില്‍ ഇടപെട്ടത് എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേസിലെ ഒന്നാം പ്രതിയുമായി പി ജയരാജന് അടുത്ത ബന്ധമുണ്ട് എന്നാണ് സിബിഐയുടെ കണ്ടെത്തല്‍. അങ്ങനെയെങ്കില്‍ ഉന്നത തലങ്ങളിലുള്ള ആരെയൊക്കെ പ്രതിയാക്കേണ്ടി വരും. മനോജിന്റെ ബന്ധുക്കള്‍ എന്ന പേരില്‍ കുറച്ചു പേര്‍ മോഹന്‍ഭാഗവതിനെ കണ്ടു എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കേസില്‍ സിപിഐഎം നേതാക്കളെ പ്രതിചേര്‍ക്കാന്‍ സിബിഐയും സംസ്ഥാന സര്‍ക്കാരും ഒത്തുകളിച്ചു. യുഎപിഎ ചേര്‍ത്താല്‍ മുന്‍കൂര്‍ ജാമ്യമേ കൊടുക്കാന്‍ പാടില്ല എന്നാണ് പ്രൊസിക്യൂഷന്‍ നിലപാട്. കൊലപാതക കേസുകളില്‍ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം കിട്ടാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഹായം ചെയ്തുകൊടുത്തു. യുഎപിഎ ചുമത്തപ്പെട്ട ബിജെപിക്കാര്‍ക്ക് പല കേസുകളിലും ജാമ്യം കിട്ടിയത് ഇതുപ്രകാരമാണ് എന്നും കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

സിപിഐഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതിയായ പല കേസുകളിലും സര്‍ക്കാര്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയില്ല. തൃശൂരിലെ സിപിഐഎം പ്രവര്‍ത്തകനായ ഫാസിലിന്റെ കൊലപാതകത്തില്‍ യുഎപിഎ ചുമത്തിയില്ല. സ്വന്തം പാര്‍ട്ടിക്കാര്‍ കൊല്ലപ്പെട്ട കേസിലും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ യുഎപിഎ ചുമത്തിയില്ല. കാസര്‍കോട് എട്ട് വയസുകാരനായ ഫഹദിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നു. – കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 20ലധികം സിപിഐഎം പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊല ചെയ്യപ്പെട്ടു. ഈ കൊലപാതക കേസുകളിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം കിട്ടി. അതിനുവേണ്ട ഒത്താശ സര്‍ക്കാര്‍ ചെയ്തുകൊടുത്തു. ഇവര്‍ ഇപ്പോള്‍ പുറത്ത് സൈ്വരവിഹാരം നടത്തുകയാണ്. ആര്‍എസ്എസ് പ്രതിസ്ഥാനത്തുള്ളതുകൊണ്ടാണ് സര്‍ക്കാര്‍ ഇങ്ങനെ ചെയ്തത്. കുനിയില്‍ ഇരട്ടക്കൊലപാതകത്തില്‍ എഫ്‌ഐആര്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. – കോടിയേരി കുറ്റപ്പെടുത്തി.

സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ മാത്രമാണ് സര്‍ക്കാര്‍ യുഎപിഎ ചുമത്തുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ മാത്രം യുഎപിഎ ഇല്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുകയാണ്. പാനൂരിനടുത്ത് പൊയ്‌ലൂരില്‍ വിനോദനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞ് കൊന്നു. ചിറ്റാരിപ്പറമ്പില്‍ പ്രേമനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയതും ആര്‍എസ്എസ് ആണ്. ഇതിലൊന്നും ഗൂഡാലോചന ഇല്ലേ എന്നും ഇത് ഇരട്ട നീതി ആണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സിപിഐഎം നേതാക്കളെ വിവിധ കേസുകളില്‍ പ്രതിയാക്കി ജയിലില്‍ അടച്ചു. ചില നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ ഉണ്ടാവാന്‍ പാടില്ല എന്നാണ് ഉമ്മന്‍ചാണ്ടിയും ആര്‍എസ്എസും കരുതുന്നത്. അതിന് വേണ്ടിയാണ് സിബിഐ നിലപാട് എടുക്കുന്നത്. – കോടിയേരി പറഞ്ഞു.

കോണ്‍ഗ്രസിന്റെയും ആര്‍എസ്എസിന്റേയും ഭീഷണി കൊണ്ട് സിപിഐഎം എന്ന രാഷ്ട്രീയ പ്രസ്ഥാനം ഇല്ലാതാവില്ല. അതുകൊണ്ട് സിപിഐഎമ്മിനെ ഇല്ലാതാക്കാനാവില്ല. നേതാക്കളെ ജയിലില്‍ അടച്ചത്‌കൊണ്ട് സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ സ്തംഭിപ്പിക്കാനാവില്ല. പി ജയരാജന്റെ സ്ഥാനത്ത് നിരവധി നേതാക്കള്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനുണ്ട്. നിയമപരമായി പി ജയരാജന് ലഭിക്കേണ്ട എല്ലാ സംരക്ഷണത്തിനും വേണ്ടിയും സിപിഐഎം ശ്രമിക്കും. അനുയോജ്യമായ തീരുമാനങ്ങള്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി കൈക്കൊള്ളുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News