ഇന്ത്യന്‍ ക്രിക്കറ്റിനെ അടക്കിവാണ് ഒരു നൊടിയിടയില്‍ മിന്നിമറഞ്ഞവര്‍; കൈഫ്, ദിനേശ് മോംഗിയ, ആര്‍പി സിംഗ്; ഇവരൊക്കെ ഇപ്പോള്‍ എന്തു ചെയ്യുന്നു?

ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ അവിഭാജ്യ ഘടകങ്ങളായിരുന്നു മുഹമ്മദ് കൈഫും ദിനേശ് മോംഗിയയും ആര്‍പി സിംഗും ഒക്കെ. എന്നാല്‍, പെട്ടെന്ന് ഒരുകാലത്ത് ഫോം മങ്ങിയതോടെ കാലത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെട്ടവര്‍. പൊടുന്നനെ കളിക്കളത്തില്‍ പ്രത്യക്ഷപ്പെട്ട് അമാനുഷിക പ്രകടനങ്ങള്‍ കാഴ്ച്ചവെച്ച ഇവര്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ കളിക്കളത്തില്‍ നിന്നും ആരാധകരില്‍ നിന്നും അപ്രത്യക്ഷരാകുകയും ചെയ്തു. പിന്നീട് ഇവരെ കുറിച്ച് അന്വേഷിക്കാന്‍ ക്രിക്കറ്റ് ലോകം, എന്തിന് ആരാധകര്‍ പോലും തയ്യാറായിട്ടില്ലെന്നതാണ് സത്യം. അവരൊക്കെ ഇപ്പോള്‍ എവിടെയെന്നോ എന്തുചെയ്യുന്നുവെന്നോ അധികമാര്‍ക്കും അറിയില്ല. അത്തരത്തിലുളള ചില താരങ്ങളെ പരിചയപ്പെടുത്തുകയാണ് ഇവിടെ.

1. മുഹമ്മദ് കൈഫ്

ഒരുകാലത്ത് ഇന്ത്യന്‍ ഫീല്‍ഡിനെ അടക്കി വാഴുകയായിരുന്നു മുഹമ്മദ് കൈഫ്. ഫീല്‍ഡില്‍ കൈഫും യുവരാജും ഉണ്ടെങ്കില്‍ ഏതു പന്തും അതിര്‍ത്തി കടക്കാന്‍ മടിക്കും. ഗ്രൗണ്ടിന്റെ ഏതു കോണില്‍ നിന്ന് എറിഞ്ഞാലും കൃത്യമായി സ്റ്റംപില്‍ കൊള്ളിക്കാനുള്ള കഴിവായിരുന്നു കൈഫിന്റെ മറ്റൊരു പ്രത്യേകത. ഇന്ത്യയുടെ ജോണ്ടി റോഡ്‌സ് എന്ന വിളിപ്പേരില്‍ കൈഫ് അറിയപ്പെട്ടു. ഒരു പിടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചാണ് കൈഫ് ടീം ഇന്ത്യയുടെ ജഴ്‌സിയില്‍ നിന്നും അപ്രത്യക്ഷനായത്.

20 വയസ്സു മാത്രം പ്രായമുള്ളപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു അരങ്ങേറ്റം. അതിനും മുമ്പ് അണ്ടര്‍ 19 ടീമിന്റെ നായകനായിരുന്നു കൈഫ്. 2002-ലെ നാച്ച് വെസ്റ്റ് ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ കൈഫിന്റെ പ്രകടനം ആരാധകര്‍ അത്രപെട്ടെന്നൊന്നും മറക്കാനാകില്ല. ഇംഗ്ലണ്ട് ഉയര്‍ത്തിയ 326 റണ്‍സ് യുവരാജുമായി ചേര്‍ന്ന് കൈഫ് അവിശ്വസനീയമായി മറികടക്കുകയായിരുന്നു. പുറത്താകാതെ 87 റണ്‍സാണ് കൈഫ് നേടിയത്. പിന്നീട് ബാറ്റിംഗിനേക്കാള്‍ ഫീല്‍ഡിംഗിലാണ് കൈഫ് തിളങ്ങിയത്. 2006-ലാണ് കൈഫ് അവസാനമായി ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞത്.

കൈഫ് ഐപിഎല്ലിലും കളിച്ചിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ടീമുകള്‍ക്കു വേണ്ടിയാണ് ഐപിഎല്‍ കളിച്ചത്. ഇപ്പോള്‍ രഞ്ജിയില്‍ ആന്ധ്രാപ്രദേശിന്റെ താരമാണ് കൈഫ്. ഇതിനിടെ രാഷ്ട്രീയത്തിലും കൈനോക്കിയ കൈഫ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു.
2. ദിനേശ് മോംഗിയ

പ്രതിഭാസമ്പന്നനായ ഇടംകയ്യന്‍ ബാറ്റ്‌സ്മാന്‍. അതായിരുന്നു ദിനേശ് മോംഗിയയുടെ വിശേഷണം. 2001-ല്‍ ഓസ്‌ട്രേലിയക്കെതിരെയാണ് മോംഗിയ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ആ പരമ്പരയില്‍ മോംഗിയക്ക് തിളങ്ങാനായില്ല. തുടര്‍ന്ന് സിംബാബ്‌വെയ്‌ക്കെതിരെ പുറത്താകാതെ 159 റണ്‍സ് നേടി മോംഗിയ നടത്തിയത് തകര്‍പ്പന്‍ തിരിച്ചുവരവായിരുന്നു. വെസ്റ്റിന്‍ഡീസിനെതിരെ 74 റണ്‍സും മോംഗിയ നേടി.

ഈ രണ്ടു പ്രകടനങ്ങളും 2003-ലെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മോംഗിയ ഇടംപിടിച്ചു. എന്നാല്‍ അവിടെ മോംഗിയ പരാജയമായിരുന്നു. നെതര്‍ലന്‍ഡ്‌സിനെതിരെ നേടിയ 42 റണ്‍സായിരുന്നു ലോകകപ്പിലെ മോംഗിയയുടെ മികച്ച സ്‌കോര്‍. 2007-ല്‍ ബംഗ്ലാദേശിനെതിരെ കളിച്ച ശേഷം മോംഗിയ പിന്നീട് ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞിട്ടില്ല.

പില്‍ക്കാലത്ത് ക്രിക്കറ്റ് ഉപേക്ഷിച്ച ബോളിവുഡിലേക്ക് കളം മാറ്റി ചവിട്ടിയ മോംഗിയ നായകനായ സിനിമ വൈകാതെ പുറത്തിറങ്ങാനിരിക്കുകയാണ്.

3. ആര്‍.പി സിംഗ്

ആര്‍.പി സിംഗ് എന്ന ഉത്തര്‍ പ്രദേശുകാരനെ മറന്നു പോയിട്ടുണ്ടാവില്ല. 2005-ല്‍ സിംബാബ്‌വെക്കെതിരെ അരങ്ങേറിയ ആര്‍.പി സിംഗ് വളരെ മികച്ച പേസ് ബോളറായിരുന്നു. എന്നാല്‍, ഇടയ്ക്കിടെ മാത്രം ടീമില്‍ ഇടംപിടിക്കാനായിരുന്നു സിംഗിന് യോഗം. 14 ടെസ്റ്റും 58 എകദിനവും കളിച്ചിട്ടുണ്ട്. 2006-ല്‍ പാകിസ്താനെതിരെ ടെസ്റ്റില്‍ അരങ്ങേറ്റം. 2013 വരെ ടീം ഇന്ത്യയില്‍ വന്നും പോയും കൊണ്ടിരുന്നു. ഏകദിനത്തില്‍ 69 വിക്കറ്റും ടെസ്റ്റില്‍ 40 വിക്കറ്റും നേടിയിട്ടുളള താരം 10 ട്വന്റി-20 മത്സരവും കളിച്ചിട്ടുണ്ട്.

ഇപ്പോള്‍ രഞ്ജിയില്‍ ഉത്തര്‍പ്രദേശ് ടീമിന്റെ താരമാണ് സിംഗ്. 2013വരെ ഐപിഎല്ലിലും സിംഗ് പന്തെറിഞ്ഞു. എന്നാല്‍ പിന്നീട് സ്വന്തം ഫോം വീണ്ടെടുക്കാനായില്ല. ഇതോടെ കളിക്കളത്തില്‍ നിന്നും പൂര്‍ണ്ണമായും വിടപറയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News