എണ്ണവിലയ്ക്കു തീപിടിക്കുമ്പോള്‍ രാജ്യത്തേക്ക് യുഎഇ എണ്ണക്കമ്പനിക്കു വാതില്‍ തുറന്നു; ഏഴു കരാറുകള്‍ക്ക് യുഎഇയുമായി ധാരണ

ദില്ലി: രാജ്യത്ത് എണ്ണ വില കുത്തനെ ഉയരുന്നതിനിടിയിലും യുഎഇ എണ്ണകമ്പനിയുമായി പുതിയ ധാരണ്ണ ഉറപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയില്‍ സൗജന്യമായി എണ്ണ സൂക്ഷിക്കാനും സംസ്‌കരണത്തിനും യുഎഇ കമ്പനിക്ക് അനുമതി നല്‍കാന്‍ കിരീടാവകാശികളുമായുള്ള കൂടിക്കാഴ്ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ ധാരണയായി. ഇതുകൂടാതെ പൂര്‍ണ്ണ നികുതി ഇളവും പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാര്‍ എണ്ണകമ്പനികള്‍ക്ക് രാജ്യം തീറെഴുതുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സൈബര്‍ സുരക്ഷ, പുനരുപയുക്ത ഊര്‍ജം, ബഹിരാകാശ സഹകരണം തുടങ്ങി ഏഴു കരാറുകളിലും പ്രധാനമന്ത്രിയും ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും ഒപ്പുവച്ചു.

രാജ്യാന്തര വിപണിയില്‍ എണ്ണവിലയുടെ തകര്‍ച്ചയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ നട്ടംതിരിയുമ്പോഴാണ് എണ്ണയക്ക് തീവിലയുള്ള ഇന്ത്യയില്‍ യുഎഇ എണ്ണ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അവസരം ഒരുക്കുന്നത്. അബുദാബി കിരീടാവകാശിയുമായുള്ള ചര്‍ച്ചയില്‍ യുഎഇ എണ്ണ കമ്പനി അഡ്‌മോക്കുമായാണ് കേന്ദ്രസര്‍ക്കാര്‍ കരാറൊപ്പിട്ടത്. കരാര്‍ ഇങ്ങനെയാണ്; മംഗലാപുരം, ആന്ധ്രാപ്രദേശ്, വിശാഖപട്ടണം, കര്‍ണ്ണാടകയിലെ പാഠുര്‍ എന്നിവടങ്ങളിലെ ഭൂഗര്‍ഭ ടാങ്കുകളില്‍ യുഎഇ കമ്പനി അഡ്‌മോക്കിന് സൗജന്യമായി എണ്ണ സൂക്ഷിക്കാന്‍ അനുമതി നല്‍കാനാണ് ധാരണ. തുടര്‍ന്ന് അഡ്‌മോക്കിന് എണ്ണ സംസ്‌കരണത്തിനുള്ള റിഫൈനറി സംവിധാനവും പെട്രോളിയം ഉത്പന്നങ്ങളുടെ സംസ്‌കരണത്തിനുള്ള സഹായവും പൈപ്പ് ലൈനും എല്‍എന്‍ജി സൗകര്യവും തികച്ചും സൗജന്യമായി നല്‍കും. പകരം സൂക്ഷിക്കുന്ന എണ്ണയുടെ മൂന്നില്‍ രണ്ട് ശതമാനം അടിയന്തരഘട്ടങ്ങളില്‍ ഇന്ത്യക്ക് നല്‍കുമെന്ന് അഡ്‌മോക്ക് അറിയിച്ചു. സൂക്ഷിക്കുന്ന എണ്ണ എപ്പോള്‍ വില്‍ക്കണമെന്ന് കമ്പനിക്ക് തീരുമാനിക്കാം. രാജ്യാന്തരവിപണിയില്‍ കുത്തനെ വിലതിതകര്‍ച്ചയുള്ള എണ്ണ ഏറ്റവും കൂടുതല്‍ വിലയുള്ള മാര്‍ക്കറ്റില്‍ വില്‍ക്കാം എന്നതാണ് കമ്പനിയുടെ നേട്ടം. ടാക്‌സും ഇറക്കുമതിത്തീരുവയും കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ദുബായ് കിരീടാവകാശി ഷെയഖ് ബിന്‍ റാഷിദ്, അബുദാബി കിരീടാവകാശി ഷെയഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഇക്കാര്യത്തില്‍ ധാരണയായതായും പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ അറിയിച്ചു.

വിശാഖപട്ടണത്ത് 1.3 മില്ല്യണ്‍ ടണ്ണും, പാഠുര്‍ 2.5മില്ല്യണ്‍ ടണ്ണും, മംഗലാപുരത്ത് ആറു മില്ല്യണ്‍ ബാരല്‍ എണ്ണയും യുഎഇ കമ്പനിക്ക് സൂക്ഷിക്കാനാകും.അനുബന്ധ സംസ്ഥാന സര്‍ക്കാരുകളില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണാടക മാത്രമാണ് എതിര്‍പ്പ് അറിയിച്ചത്.ഇതോടെ റിലയന്‍സിന് പിന്നാലെ യുഎഇ എണ്ണ കമ്പനിയും ഇന്ത്യയില്‍ ചുവടുറപ്പിക്കുകയാണ്.

മൂന്ന് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് എത്തിയ അബുദാബി കിരീടാവകാശി ഷെയഖ് മുഹമ്മദ് ബിന്‍ സായിദ് ഇന്ന് മുംബൈയില്‍ വ്യവസായ പ്രമുഖന്‍മാരുമായി കൂടിക്കാഴ്ച്ച നടത്തും. ദുബായി കിരീടാവകാശി ഷെയഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും വ്യവസായികള്‍ക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. യുഎഇ സഹകരണത്തിലുള്ള സുപ്രധാന ബിസിനസ് കാര്യങ്ങളില്‍ ധാരണയാകും. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും യുഎഇ പ്രതിനിധികള്‍ സന്ദര്‍ശിക്കും. അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരം അറുപതു ശതമാനം വര്‍ധിപ്പിക്കാനും തീരുമാനമായി. അതേസമയം, ആണവ സഹകരണ കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പിട്ടില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here