ദില്ലി: ഇന്നലെ കേന്ദ്ര തലസ്ഥാന പ്രദേശത്തുനിന്നു കാണാതായ സ്‌നാപ്ഡീല്‍ ജീവനക്കാരി ദീപ്തി സര്‍ന സുരക്ഷിതയാണെന്നു പൊലീസ്. മിനിഞ്ഞാന്ന് ഗാസിയാബാദിലെ വൈശാലിയിലേക്ക് ഓട്ടോറിക്ഷ വിളിച്ചശേഷം കാണാതായ ദീപ്തിയെ പാനിപ്പട്ടില്‍ കണ്ടെത്തി. ദീപ്തിയെ ദില്ലിയിലേക്കു കൊണ്ടുവരികയാണ്. ദീപ്തിയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ആദ്യവിവരം. ദുരൂഹതയെന്തെങ്കിലും ഉണ്ടോ എന്നു പരിശോധിക്കുമെന്നു പൊലീസ് പറഞ്ഞു.
രാജ് നഗര്‍ എക്‌സ്റ്റന്‍ഷനുസമീപം മോര്‍ട്ടിയിലെ വനമേഖലയില്‍ ദീപ്തിക്കു വേണ്ടി തെരച്ചില്‍ നടത്തിയിരുന്നു. ദീപ്തിയുടെ മൊബൈലിന്റെ ടവര്‍ ലൊക്കേഷന്‍ അവസാനം ഇവിടെയായിരുന്നു. ദീപ്തിയെ കണ്ടെത്താന്‍ പത്തു പൊലീസ് സംഘങ്ങളെ നിയോഗിച്ചിരുന്നു. ഓട്ടോഡ്രൈവര്‍ തന്നെ വഴിതെറ്റിച്ചുകൊണ്ടുപോവുകയാണെന്നു ദീപ്തി എസ്എംഎസ് അയച്ചിരുന്നു. തുടര്‍ന്ന് സ്‌നാപ്ഡീല്‍ തന്നെയാണ് ദീപ്തിയെ കാണാതായ വിവരം ട്വീറ്റിലൂടെ അറിയിച്ചതും പൊലീസില്‍ പരാതി നല്‍കിയതും.
ഇന്നു രാവിലെ പാനിപ്പട്ടില്‍നിന്ന് ദീപ്തി വീട്ടിലേക്കു വിളിച്ചു താന്‍ സുരക്ഷിതയാണെന്ന് അറിയിക്കുയായിരുന്നു. പാനിപ്പട്ടിലെത്തി തന്നെ പിക്ക് ചെയ്യാന്‍ പിതാവിനോട് പറയാന്‍ മാതാവിനെ വിളിച്ചാണ് ദീപ്തി പറഞ്ഞത്. എങ്ങനെയാണ് പാനിപ്പട്ടിലെത്തിയതെന്നു ദീപ്തി വ്യക്തമാക്കിയില്ല. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ വിവരം നല്‍കുകയായിരുന്നു. ഗാസിയാബാദ് പൊലിസ് ദീപ്തിയുമായി ബന്ധപ്പെടുകയും അവിടെയെത്തി കൂട്ടിക്കൊണ്ടുപോരുകയുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here