ഉമ്മന്‍ചാണ്ടിയുടേത് അഴിമതിക്കാരുടെ ബജറ്റെന്ന് വിഎസ് അച്യുതാനന്ദന്‍; പ്രതിപക്ഷം ബജറ്റ് അവതരണം ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: അഴിമതിക്കാരുടെ ബജറ്റാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. 1 കോടി 90 ലക്ഷം രൂപയുടെ അഴിമതിയാണ് ഉമ്മന്‍ചാണ്ടി നടത്തിയത്. മന്ത്രിസഭയിലെ എല്ലാപേരും അഴിമതിക്കാരാണ്. ബാര്‍ കോഴ, സോളാര്‍ കോഴ, പാറ്റൂര്‍ കോഴ അങ്ങനെ കോഴക്കാരുടെ അയ്യരുകളിയാണ് മന്ത്രിസഭയില്‍. അപ്പോള്‍ എന്തു ബജറ്റ്, എവിടത്തെ ബജറ്റ് എന്ന ചോദ്യമാണ് പ്രതിപക്ഷം ഉന്നയിച്ചത്. അതിനൊന്നും മറുപടി പറയാതെ പരസ്യമായ ബജറ്റാണ് ഉമ്മന്‍ചാണ്ടി അവതരിപ്പിച്ചത്. അതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ബജറ്റ് ബഹിഷ്‌കരിച്ചത്. അഴിമതിക്കാരുടെ ബജറ്റ് പ്രതിപക്ഷത്തിനു വേണ്ടെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

ബജറ്റ് രഹസ്യമായി സൂക്ഷിക്കാന്‍ പോലും പറ്റാത്ത മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബജറ്റ് രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്ത് കൈക്കൂലി വാങ്ങിയ സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. കേരളത്തിലെ ജനങ്ങളുടെ പ്രതിഷേധമാണിത്. അതു ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. രണ്ടു എംഎല്‍എമാരുടെ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ പ്രതിപക്ഷത്തിനുള്ള ജനാധിപത്യ അവകാശം പോലും സര്‍ക്കാര്‍ നിഷേധിക്കുകയാണ്. ഇന്ന് പ്രതിപക്ഷത്തിനു സംസാരിക്കാന്‍ മൈക്ക് പോലും അനുവദിക്കുകയുണ്ടായില്ല. നിയമസഭ പ്രഹസനമായി മാറിയിരിക്കുന്നു.

മാണിക്ക് ഒരു നീതിയും ബാബുവിന് മറ്റൊരു നീതിയുമാണ് ഉമ്മന്‍ചാണ്ടി കണക്കാക്കുന്നത്. ഉമ്മന്‍ചാണ്ടിക്കാണെങ്കില്‍ ഒരു നിയമവും ബാധകമല്ല. ഏകാധിപതിയായ മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി മാറിയതായും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരളത്തിലെ നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി ബജറ്റ് ചോര്‍ന്നിരിക്കുകയാണ്. ജനങ്ങളോടുള്ള പ്രാഥമിക ചുമതല പോലും നിഷേധിക്കുകയാണ് ബജറ്റ് ചോര്‍ന്നതിലൂടെ ചെയ്തിരിക്കുന്നതെന്ന് സിപിഐ നിയമസഭാകക്ഷി നേതാവ് സി ദിവാകരന്‍ പറഞ്ഞു.

ബജറ്റ് അവതരണത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രകടനമായി പുറത്തേക്കുവന്ന പ്രതിപക്ഷാംഗങ്ങള്‍ നിയമസഭാ കവാടത്തിനു മുന്നില്‍ കുത്തിയിരിക്കുന്നു. പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. സമാന്തര ബജറ്റ് അവതരിപ്പിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചിരുന്നു. ഈ സമാന്തര ബജറ്റിന്റെ കോപ്പി ഭരണകക്ഷി അംഗങ്ങള്‍ക്കും നല്‍കിയ ശേഷമാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News