ചാറ്റും വാട്‌സ്ആപ്പും ഒന്നുമല്ല; പ്രേമലേഖനം തന്നെയാണ് അതിന്റെ സുഖം; എന്തുകൊണ്ട്?

ഇത് ആധുനികയുഗമാണ്. പ്രണയവും ആധുനികവത്കരിച്ചു കഴിഞ്ഞു ഇന്ന്. എല്ലാം മുഖപുസ്തകത്തിലേക്ക് കൂടുമാറി. പ്രണയലേഖനങ്ങള്‍ പോലും വാട്‌സ്ആപ്പില്‍ ഇമോജികളും ടെക്‌സ്റ്റുകളുമായി. എന്നിട്ടും പലരും ഇന്നും പ്രണയലേഖനങ്ങള്‍ എഴുതുന്നു. എന്തുകൊണ്ട്? കാരണം ഒന്നേയുള്ളു. പ്രണയലേഖനം തരുന്ന ആ സുഖമുണ്ടല്ലോ.. അത് തരാന്‍ ഒരു വാട്‌സ്ആപ്പ് ചാറ്റിനും മുഖപുസ്തകത്തിലെ ഇമോജികള്‍ക്കും ആവില്ല സാറേ… അതുതന്നെയാണ് കാര്യം. വികാരങ്ങള്‍ കൃത്യമായി പ്രതിഫലിപ്പിക്കാന്‍ പ്രണയലേഖനത്തോളം മറ്റൊരു വാട്‌സ്ആപിനും സാധിക്കില്ലെന്ന് ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും പ്രണയലേഖനം എഴുതിയിട്ടുള്ളവര്‍ തിരിച്ചറിയും.

എന്തുകൊണ്ട് ആളുകള്‍ ഇന്നും പ്രണയലേഖനങ്ങള്‍ എഴുതാന്‍ താല്‍പര്യപ്പെടുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ? പ്രധാനകാരണം ഇമോജികളോ സ്‌മൈലികളോ പ്രണയലേഖനത്തിലെ വാക്കുകളുടെ ഫലം തരുന്നില്ലെന്നതു തന്നെ. പലപ്പോഴും വാട്‌സ്ആപ്പിലോ മറ്റോ ഒരു മെസേജ് അയച്ചാലും മറുപടി ലഭിക്കാറില്ല. കാരണം, ഇമോടികോണുകള്‍പ്രണയം കാണിക്കാന്‍ പര്യാപ്തമല്ല എന്നതു തന്നെ കാരണം. മറ്റൊന്നു പേപ്പറുമായി ആളുകള്‍ കൂടുതല്‍ ഒട്ടിച്ചേരുന്നു എന്നതാണ്. അതായത് കൂടുതല്‍ സൗഹൃദം പേപ്പറാണെന്നതു തന്നെ. സ്മാര്‍ട്‌ഫോണുകളിലെ ഓട്ടോകറക്ടുകള്‍ പലപ്പോഴും പണിതരും. you എന്നത് hulu എന്നാകും. things എന്നത് thongs എന്നാകും. ആരെങ്കിലും ഇഷ്ടപ്പെടുമോ i love hulu എന്ന് ടെക്സ്റ്റ് ചെയ്യാന്‍? ഇല്ല. അപ്പോള്‍ സുഗമം പേപ്പര്‍ തന്നെ.

എഴുതുന്നത് ആരും കാണില്ല എന്നത് മറ്റൊരു കാര്യമാണ്. പ്രേമലേഖനങ്ങള്‍ സ്വകാര്യമായാണ് എഴുതുക. ടെക്സ്റ്റ് ചെയ്യുമ്പോള്‍ ആരെങ്കിലും കാണാനും സാധ്യതയുണ്ട്. മാത്രമല്ല, പ്രണയാര്‍ദ്രമായ വാക്കുകള്‍ എഴുതുമ്പോള്‍ പ്രണയലേഖനത്തില്‍ അതിരുണ്ടാകുന്നില്ല. മാത്രമല്ല പ്രണയത്തോടെ പേപ്പറിന്റെ അടിയില്‍ വരയ്ക്കുന്ന ആ ഹൃദയത്തിന്റെ ചിത്രത്തിന്റെ ആര്‍ദ്രത നല്‍കാന്‍ ഏത് ഇമോജികള്‍ക്കു സാധിക്കും.? ഇനി മറ്റൊരു കാര്യം പ്രണയലേഖനം അയച്ചു കഴിഞ്ഞ് മറുപടി ലഭിച്ചില്ലെങ്കില്‍ അത് അവിടെ എത്തിയില്ലെന്നു കരുതിയെങ്കിലും സമാധാനിക്കാം. വാട്‌സ്ആപ്പില്‍ ബ്ലൂടിക്ക് സംവിധാനം വന്നതോടെ മെസേജ് വായിച്ചു എന്നു മനസ്സിലാകും. എന്നിട്ടും റിപ്ലൈ കിട്ടിയില്ലെങ്കില്‍ നമ്മളെ ഒഴിവാക്കുന്നു എന്ന തോന്നലുളവാക്കും.

നല്ല കയ്യക്ഷരം ആരെയും ആകര്‍ഷിക്കും. അതുകൊണ്ടു തന്നെ പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ ഭംഗിയുള്ള കയ്യക്ഷരത്തിന് സാധിക്കും. പ്രണയലേഖനങ്ങള്‍ എഴുതുമ്പോള്‍ ഭംഗിയായി എഴുതാന്‍ ശ്രദ്ധിക്കുകയും ചെയ്യും. അത് എന്തായാലും ചാറ്റുകള്‍ക്ക് പറ്റില്ലല്ലോ. ഇത് ട്രൂകോളറുകളടെ ലോകമാണ്. വളരെ പെട്ടെന്ന് മറ്റേയാളെ നിങ്ങള്‍ ആരാണെന്ന് അറിയിക്കണ്ട എങ്കില്‍ പ്രണയലേഖനം കൊണ്ടു സാധിക്കും. ചാറ്റ് ചെയ്യുമ്പോള്‍ മൊബൈല്‍ നമ്പര്‍ ട്രൂകോളറില്‍ ഇട്ട് ആളെ പിടികൂടാന്‍ പറ്റും. വിത്ത് ലൗ, ഗസ് ഹൂ എന്ന് എഴുതി വിട്ടാല്‍ കാമിനിയെ ഒന്നു വട്ടം കറക്കാനും പറ്റും.

വികാരങ്ങളെ കൂടുതല്‍ പ്രതിഫലിപ്പിക്കാനും അതിലൂടെ കാമിനിയെ ആകര്‍ഷിക്കാനും പ്രണയലേഖനങ്ങള്‍ക്ക് സാധിക്കും. ചാറ്റുകളില്‍ ലൈംഗികച്ചുവയുള്ള വാക്കുകള്‍ കടന്നു വരുക സ്വാഭാവികമാണ്. ഇവ ആളെ അകറ്റാനെ സഹായിക്കൂ. പ്രേമലേഖനം എഴുതുന്ന പേപ്പറില്‍ സ്ഥിരമായി ഉപയോഗിക്കുന്ന പെര്‍ഫ്യൂം കൂടി ഉപയോഗിച്ചാല്‍ പകുതി പണി കഴിഞ്ഞു എന്നു വിശ്വസിക്കാം. എന്തായാലും പെര്‍ഫ്യൂമിന്റെ ഗന്ധം ആസ്വദിപ്പിക്കാന്‍ ചാറ്റുകള്‍ക്കാവില്ലല്ലോ.

അതാണ് പ്രണയലേഖനങ്ങളുടെ സുഖവും സ്വാതന്ത്ര്യവും. ഇനി ആലോചിക്കൂ ഈ പ്രണയദിനത്തില്‍ പങ്കാളിക്ക് പ്രണയലേഖനം എഴുതിക്കൊടുക്കുന്നോ ? അതോ ഒരു വികാരവുമില്ലാത്ത ചാറ്റ് ടെക്‌സ്റ്റുകള്‍ അയയ്ക്കുന്നോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News