പി ജയരാജന്റെ കേസില്‍ നിയമപോരാട്ടം തുടരുമെന്ന് പിണറായി വിജയന്‍; ബജറ്റ് അവതരിപ്പിക്കാന്‍ ഒരു അവകാശവുമില്ലാത്ത സര്‍ക്കാരാണ് ഇത്

കൊല്ലം: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കള്ളക്കേസില്‍ പെടുത്തി ജയിലിലാക്കിയതിനെതിരെ നിയമപോരാട്ടം തുടരുമെന്ന് പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതി വരെ പോയിരുന്നു. യുഎപിഎ ചുമത്തിയതു കാരണം ഹൈക്കോടതി അപേക്ഷ സ്വീകരിച്ചില്ല. ആ സാഹചര്യത്തില്‍ നിയമത്തിനു മുന്നില്‍ കീഴടങ്ങാന്‍ വേണ്ടിയാണ് കോടതിയില്‍ ഹാജരായത്. പക്ഷേ ജയരാജനായി നിയമപോരാട്ടം തുടരുമെന്നു പിണറായി വ്യക്തമാക്കി. ഇതുകൊണ്ട് സിപിഐഎമ്മിനെ തകര്‍ക്കാം എന്നത് രാഷ്ട്രീയ ശത്രുക്കളുടെ സ്വപ്‌നമാണ്. ഇതെല്ലാം നേരത്തെ അനുഭവിച്ചിട്ടുള്ളതാണ് പാര്‍ട്ടിയെന്നും പിണറായി പറഞ്ഞു.

ജയരാജന്റെ ആരോഗ്യകാര്യത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടാകുമോ എന്നാണ് കാണേണ്ടത്. ജയരാജന്റേത് പ്രത്യേക കേസാണ്. സിബിഐക്കു വേണ്ടി ആര്‍എസ്എസ് ഒത്തുകളിക്കുകയാണുണ്ടായത്. സിബിഐയുടെ അന്വേഷണ കണ്ടെത്തലുകള്‍ എന്ന തരത്തില്‍ ആര്‍എസ്എസ് അമിത് ഷായ്ക്ക് കത്തെഴുതി. കേസന്വേഷണം തുടങ്ങി 505 ദിവസം കഴിഞ്ഞപ്പോഴാണ് ജയരാജന്‍ പ്രതിയല്ല എന്ന് സിബിഐ പറഞ്ഞത്. 508-ാം ദിവസം പ്രതിയാണെന്ന് പറഞ്ഞു. സിബിഐയും ആര്‍എസ്എസും തമ്മില്‍ ഇക്കാര്യത്തില്‍ നല്ല സഹകരണം ഉണ്ടായിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ ബജറ്റ് അവതരിപ്പിക്കാന്‍ തന്നെ അവകാശമില്ലാത്ത സര്‍ക്കാരാണിത്. സര്‍ക്കാരിന് തുടരാന്‍ അര്‍ഹത നഷ്ടപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പറ്റുന്ന യുഡിഎഫ് പ്രചരണപരിപാടി അവതരിപ്പിച്ചിരിക്കുന്നു. അതിനെ ബജറ്റ് എന്നു വിശേഷിപ്പിക്കാന്‍ പോലും പറ്റില്ല. 2 മാസത്തേക്കുള്ള ബജറ്റാണിത്. ഏപ്രില്‍-മെയ് മാസങ്ങളിലേക്കുള്ള താല്‍കാലിക ബജറ്റായി മാത്രം ഇതിനെ കണ്ടാല്‍ മതി. ഇന്ന് കേരളത്തിലെ എല്ലാവരും അംഗീകരിക്കുന്ന രാഹുല്‍ ഗാന്ധിക്ക് പോലും സംശയമില്ലാത്തതാണ് സര്‍ക്കാര്‍ അവസാനിക്കുന്നു എന്നത്. അപ്പോള്‍ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കേണ്ടിയിരുന്നില്ല. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി നേരത്തെ തന്നെ സൂചിപ്പിച്ചതാണ്. നമ്മുടെ സാമ്പത്തിക വളര്‍ച്ച 34 ശതമാനം വരെ ഇടിയും എന്നാണ് വിദഗ്ധര്‍ പറയുന്നത്. 2013-14ല്‍ 6.2 ശതമാനം സാമ്പത്തിക വളര്‍ച്ച വലിയ കുതിപ്പാണെന്ന് കരുതുന്നുണ്ട്. എല്‍ഡിഎഫ് ഭരണകാലത്ത് വളര്‍ച്ച ദേശീയ ശരാശരിയേക്കാള്‍ കൂടുതലായിരുന്നു. അതും തകിടം മറിഞ്ഞു. കേരളം കാത്തിരിക്കുന്നത് റെക്കോര്‍ഡ് കമ്മിയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News