മുംബൈ: ഒത്തുകളി വിവാദത്തില്‍ പെട്ട പാകിസ്താനി അംപയര്‍ അസദ് റൗഫിനെ ബിസിസിഐ വിലക്കി. അഞ്ചുവര്‍ഷത്തേക്കാണ് വിലക്ക്. അഴിമതിക്കേസില്‍ റൗഫ് കുറ്റക്കാരനാണെന്ന് ബിസിസിഐ അച്ചടക്ക സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 2013-ലെ ഐപിഎല്‍ സീസണില്‍ വാതുവയ്പ്പുകാരില്‍ നിന്ന് പാരിതോഷികങ്ങള്‍ സ്വീകരിച്ചെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയ ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍, അംഗങ്ങളായ ജ്യോതിരാദിത്യ സിന്ധ്യ, നിരഞ്ജന്‍ ഷാ എന്നിവരടങ്ങിയ അച്ചടക്കസമിതി റൗഫിനെ വിലക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഐസിസിയുടെ എലൈറ്റ് പാനലില്‍ അംഗമായിരുന്നു റൗഫ്.
അസദ് റൗഫിനെ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഏതു പ്രവര്‍ത്തിയില്‍ ഇടപെടുന്നതില്‍ നിന്നും വിലക്കിയതായി ബിസിസിഐ അറിയിച്ചു. ബോര്‍ഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. പ്രസ്താവനയിലാണ് ബിസിസിഐ ഇക്കാര്യം വ്യക്തമാക്കിയത്. വിശദീകരണത്തിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് രണ്ടു തവണ റൗഫിന് ബിസിസിഐ നോട്ടീസ് അയച്ചിരുന്നു. 2016 ജനുവരി 15നും ഫെബ്രുവരി 8നുമാണ് നോട്ടീസ് അയച്ചത്. അച്ചടക്ക സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെയും റൗഫിന്റെ എഴുതി നല്‍കിയ സ്റ്റേറ്റ്‌മെന്റും വിലയിരുത്തിയാണ് റൗഫ് കുറ്റക്കാരനാണെന്ന് സമിതി കണ്ടെത്തിയത്.
കളിയുടെ ഫലം, പുരോഗതി, കളിക്കളത്തിലെ പെരുമാറ്റം എന്നിവയെ ബാധിക്കുന്ന തരത്തില്‍ ആരില്‍ നിന്നെങ്കിലും പാരിതോഷികം സ്വീകരിക്കുന്നതിനെതിരെയുള്ള കുറ്റമാണ് റൗഫിനു മേല്‍ ചുമത്തിയത്. മത്സരം നടക്കുമ്പോഴോ അതിനു മുമ്പോ കളിയുടെ ആഭ്യന്തരകാര്യം സംബന്ധിച്ച വിശദാംശങ്ങള്‍ മറ്റൊരാള്‍ക്ക് ചോര്‍ത്തി നല്‍കിയ കാര്യത്തിലും റൗഫ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ തന്നെ പാകിസ്താന്‍ റൗഫിനെ ഐസിസിയുടെ എലൈറ്റ് പാനലില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here