സ്‌പെയിനിന്റെ മികച്ച ഫുട്‌ബോളര്‍ പുരസ്‌കാരം ലിയോണല്‍ മെസ്സിക്ക്; പുരസ്‌കാരം മെസ്സിയെ തേടിയെത്തുന്നത് ആദ്യം

മാഡ്രിഡ്: സ്‌പെയിനിന്റെ ഈ മാസത്തെ മികച്ച ഫുട്‌ബോളര്‍ പുരസ്‌കാരം ബാഴ്‌സലോണ സൂപ്പര്‍താരം ലിയോണല്‍ മെസ്സിക്ക്. സ്‌പെയിന്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയ ശേഷം ആദ്യമായാണ് മെസ്സിയെ തേടി പുരസ്‌കാരം എത്തിയത്. ലാലിഗയിലെ നടപ്പു സീസണില്‍ ബാഴ്‌സയ്ക്കു വേണ്ടി ജനുവരിയില്‍ ആറു ഗോളുകള്‍ മെസ്സി നേടിയിരുന്നു. ഈ പ്രകടനമാണ് മെസ്സിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. നെയ്മര്‍ക്കു ശേഷം ഈ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ബാഴ്‌സലോണ താരമാണ് മെസ്സി.

ജനുവരിയില്‍ മികച്ച പ്രകടനമാണ് ബാഴ്‌സയ്ക്കായി മെസ്സി കാഴ്ചവച്ചത്. ഇതില്‍ ഒരു ഹാട്രികും ഉള്‍പ്പെടുന്നു. ഗ്രനാഡയ്‌ക്കെതിരെയാണ് മെസ്സി ഹാട്രിക് നേടിയത്. അത്‌ലറ്റിക് ബില്‍ബാവോ, മലാഗ, അത്‌ലറ്റികോ മാഡ്രിഡ് എന്നീ ടീമുകള്‍ക്കെതിരെയും മെസ്സി ഗോളടിച്ചു. ജനുവരിയില്‍ കളിച്ച അഞ്ച് ലീഗ് മത്സരങ്ങളില്‍ നാലിലും ബാഴ്‌സലോണ ജയിക്കുകയും ചെയ്തിരുന്നു.

മൂന്നുവര്‍ഷം മുമ്പാണ് സ്‌പെയിന്‍ പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഇതിനകം 22 തവണ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. എന്നാല്‍, ഒരിക്കല്‍ പോലും പുരസ്‌കാരം മെസ്സിയെ തേടിയെത്തിയിരുന്നില്ല. റയലിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ രണ്ടുതവണ പുരസ്‌കാരം നേടിയിട്ടുണ്ട്. ഒരുതവണ നെയ്മര്‍ പുരസ്‌കാരം നേടി. അത്‌ലറ്റികോ താരം ഡീഗോ ഗോഡിന്‍, അന്റോണിയോ ഗ്രെയ്‌സ്മാന്‍, റയല്‍ സൊസീഡാഡ് താരം കാര്‍ലോസ് വെല എന്നിവരും രണ്ടുതവണ വീതം പുരസ്‌കാരം നേടിയിട്ടുണ്ട്. 2013 സെപ്തംബറിലാണ് ആദ്യമായി പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here