നവകേരള മാര്‍ച്ച് കൊല്ലം ജില്ലയില്‍ പര്യടനം തുടരുന്നു; ജാഥയില്‍ കണ്ണിചേര്‍ന്ന് പതിനായിരങ്ങള്‍

കൊല്ലം: അഴിമതി രഹിത-മതനിരപേക്ഷ-വികസിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ച് ഇന്നും കൊല്ലം ജില്ലയില്‍ പര്യടനം നടത്തും. മൂന്നു കേന്ദ്രങ്ങളിലാണ് ഇന്ന് മാര്‍ച്ചിനു സ്വീകരണം ഒരുക്കിയിട്ടുള്ളത്. ചാത്തന്നൂരാണ് കൊല്ലം ജില്ലയിലെ രണ്ടാം ദിവസമായ ഇന്ന് ആദ്യത്തെ സ്വീകരണം. തുടര്‍ന്ന് പുനലൂരും ചടയമംഗലത്തും സ്വീകരണം നല്‍കും. പര്യടനം ആരംഭിക്കുന്നതിനു മുന്നോടിയായി സമൂഹത്തിലെ വിശിഷ്ട വ്യക്തിത്വങ്ങളുമായി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തും.

ഇന്നലെ കരുനാഗപ്പള്ളി, ചവറ, കുണ്ടറ, കൊല്ലം എന്നിവിടങ്ങളിലാണ് സ്വീകരണമൊരുക്കിയത്. പൊതുമേഖലാ വ്യവസായങ്ങളുടെ മരുപ്പറമ്പായ കരുനാഗപ്പള്ളിയില്‍ നഗരത്തിന് താങ്ങാന്‍ പറ്റാത്തത്ര ജനക്കൂട്ടം ജനനായകനെ സ്വീകരിക്കാനെത്തി. പ്രസംഗത്തിനുശേഷം രക്തസാക്ഷി കുടുംബങ്ങളില്‍നിന്ന് ഉള്‍പ്പടെ പ്രമുഖരെ പിണറായി ആദരിച്ചു. ആവേശക്കൊടുമുടിയേറിയ ജനക്കൂട്ടമായിരുന്നു. പ്രസ്ഥാനത്തെ തകര്‍ക്കുമെന്ന് വെല്ലുവിളിച്ച ഒരു മുന്‍ ഇടതുപക്ഷ പാര്‍ടിയുടെ ഈറ്റില്ലത്തിലേക്ക് വര്‍ധിത വീര്യത്തോടെയെത്തിയ മാര്‍ച്ചിന് കിലോമീറ്ററുകള്‍ നീളുന്ന വരവേല്‍പ്പാണ് ഒരുക്കിയത്.

വേലുത്തമ്പിയുടെ വിളംബരത്തറയായ കുണ്ടറയില്‍ നാടന്‍ കലാരൂപങ്ങളും തെയ്യവും തിറയുമെല്ലാം ഉത്സവഛായ പകര്‍ന്ന സന്ധ്യയിലാണ് മാര്‍ച്ച് എത്തിയത്. വെള്ളിയാഴ്ച അവസാന സ്വീകരണകേന്ദ്രമായ കൊല്ലത്തെത്തുമ്പോള്‍ സന്ധ്യ വിടവാങ്ങിയിരുന്നു. ചുവപ്പുവെട്ടത്തില്‍ കുളിച്ചുനിന്ന കന്റോണ്‍മെന്റ് മൈതാനിയില്‍ ഇരവിപുരം നിയോജക മണ്ഡലത്തിലെയും ജനങ്ങള്‍ ഒത്തുചേര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here