ചരിത്രത്തിലേക്ക് ചുവടൂന്നി മാര്‍പ്പാപ്പ-റഷ്യന്‍ പാത്രിയര്‍ക്കീസ് കൂടിക്കാഴ്ച; വിരാമമായത് നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന്

ഹവാന: നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പയും റഷ്യന്‍ സഭാധ്യക്ഷന്‍ കിറില്‍ പാത്രിയര്‍ക്കീസ് കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ സമയം ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു ലോകം കാത്തിരുന്ന ആ അപൂര്‍വ സന്ദര്‍ഭം. പാശ്ചാത്യ-പൗരസ്ത്യ ക്രിസ്ത്യന്‍ സഭകളെ നൂറ്റാണ്ടുകളായി വേദനിപ്പിച്ചു കൊണ്ടിരുന്ന ഭിന്നതയുടെ മുറിവുണക്കിക്കൊണ്ടായിരുന്നു മാര്‍പ്പാപ്പ ഹവാന വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തില്‍ വച്ചുതന്നെ മാര്‍പ്പാപ്പ കിറില്‍ പാത്രിയര്‍ക്കീസുമായി കൂടിക്കാഴ്ച നടത്തി. മിഡില്‍ ഈസ്റ്റിലെ ക്രിസ്തീയ പീഡനത്തിന് പരിഹാരമുണ്ടാക്കാന്‍ ഒന്നിച്ചു നീങ്ങാന്‍ ഇരുസഭകളും തീരുമാനിച്ചു. 11-ാം നൂറ്റാണ്ടില്‍ പാശ്ചാത്യ-പൗരസ്ത്യ സഭകള്‍ വേര്‍പിരിഞ്ഞ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

ഹവാനയിലെ ഴോസെ മാര്‍ട്ടി രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു കൂടിക്കാഴ്ച. മെക്‌സിക്കോയിലേക്കുള്ള യാത്രാമധ്യേ കിറില്‍ പാത്രിയര്‍ക്കീസുമായി കൂടിക്കാഴ്ച നടത്താന്‍ മാര്‍പ്പാപ്പ തീരുമാനിക്കുകയായിരുന്നു. പശ്ചിമേഷ്യയിലെ ക്രിസ്തീയ പീഡനത്തിന് പരിഹാരമുണ്ടാക്കാന്‍ ഭിന്നതകള്‍ മറന്നു ഒന്നിച്ചു നീങ്ങുമെന്ന ശുഭവാര്‍ത്തയാണ് കൂടിക്കാഴ്ചയില്‍ നിന്നുയര്‍ന്നത്. എന്നാല്‍, നൂറുകണക്കിന് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലും പാശ്ചാത്യ പൗരസ്ത്യ സഭകളുടെ ലയനത്തിന് സാധ്യത ഈ കൂടിക്കാഴ്ചയിലും തെളിഞ്ഞില്ല. പുനരേകീകരണം ഈ കൂടിക്കാഴ്ചയുടെ അജന്‍ഡയില്‍ ഇല്ലായിരുന്നെന്നാണ് റഷ്യന്‍ സഭാ വക്താക്കള്‍ പറയുന്നത്. അരനൂറ്റാണ്ടു നീണ്ട അമേരിക്ക-ക്യൂബ ശത്രുതയുടെ മഞ്ഞുരുക്കാന്‍ മേല്‍നോട്ടം വഹിച്ചതും മാര്‍പ്പാപ്പയായിരുന്നു.

റോമില്‍ 1054 ലായിരുന്നു ക്രിസ്ത്യന്‍ സഭയിലെ ചരിത്രപ്രധാനമായ പിളര്‍പ്പ്. പിന്നീടുള്ള ചരിത്രത്തിലാദ്യമായാണ് ഒരു മാര്‍പാപ്പയും റഷ്യന്‍ പാത്രിയര്‍ക്കീസും ചര്‍ച്ചയ്ക്ക് തയ്യാറാകുന്നത്. ക്യൂബന്‍ വിമാനത്താവളത്തിലെ കൂടിക്കാഴ്ചയ്ക്കു ശേഷം പ്രാദേശിക സമയം ഇന്നലെ വൈകിട്ട് ഏഴരയോടെ തന്നെ മാര്‍പാപ്പ മെക്‌സിക്കോയിലേക്കു തിരിച്ചു. മെക്‌സിക്കോയില്‍ അഞ്ചു ദിവസം നീളുന്ന സന്ദര്‍ശന പരിപാടികളാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News