സിക വൈറസ് മൂലമുള്ള ജനിതക വൈകല്യം എട്ട് ആഴ്ച കൊണ്ട് തിരിച്ചറിയാമെന്ന് ലോകാരോഗ്യ സംഘടന; ബ്രസീലില്‍ 41 പേരില്‍ കൂടി സിക സ്ഥിരീകരിച്ചു

ജനീവ: ലോകത്തെ പിടിച്ചുലച്ചു കൊണ്ടിരിക്കുന്ന സിക വൈറസ് മൂലമുള്ള ജനിതകവൈകല്യങ്ങളില്‍ രണ്ടെണ്ണം കുഞ്ഞിന്റെ ജനനം നടന്ന് എട്ടാഴ്ചയ്ക്കകം കണ്ടെത്താമെന്ന് ലോകാരോഗ്യ സംഘടന. ജനിതക വൈകല്യമായ മൈക്രോസിഫാലിയും ഗില്ലന്‍ ബാര്‍ സിന്‍ഡ്രോമുമാണ് ജനനം നടന്ന് എട്ടാഴ്ചയ്ക്കകം സ്ഥിരീകരിക്കാനാകുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. സിക വൈറസ് ഏറ്റവുമധികം ബാധിച്ച ബ്രസീലില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ബ്രസീല്‍ അടക്കമുള്ള സിക ബാധിത രാഷ്ട്രങ്ങളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന ഗര്‍ഭിണികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സികയെ പ്രതിരോധിക്കുന്ന വാക്‌സിന്‍ തയ്യാറാകുന്നുണ്ടെങ്കിലും വ്യാപകമായ രീതിയില്‍ പരീക്ഷണം നടത്താന്‍ 18 മാസം എങ്കിലും എടുക്കും എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ബ്രസീലില്‍ ഇതുവരെയായി മൈക്രോസിഫാലി രോഗം ബാധിച്ചവരുടെ എണ്ണം 4,314 ആയെന്ന് ഇന്നലെ ബ്രസീല്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 462 പേരിലാണ് രോഗബാധ കണ്ടെത്തിയത്. ഇതില്‍ പേര്‍ക്ക് സിക വൈറസ് ബാധിച്ചതായും കണ്ടെത്തി. ഫെബ്രുവരി 2-ലെ കണക്കു പ്രകാരം 4,074 പേരിലാണ് രോഗബാധ കണ്ടെത്തിയിരുന്നത്. എന്നാല്‍, സിക വൈറസ് മൂലം മൈക്രോസിഫാലി രോഗം ഉണ്ടാകുമോ എന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടനയും ഇതുവരെ അന്തിമമായി ഒരു നിഗമനത്തില്‍ എത്തിയിട്ടില്ല. ഇക്കാര്യത്തില്‍ ഇനിയും കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു.

സിക വൈറസിനെതിരായ പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കാനായി 15 ഓളം സംഘങ്ങളാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ആഴ്ചകള്‍ക്കകം തന്നെ പരീക്ഷണ കിറ്റുകള്‍ എത്തിക്കാന്‍ സാധിക്കും എന്ന് വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ അറിയിച്ചു. സിക ബാധിത പ്രദേശങ്ങളിലെ ഗര്‍ഭിണികളായ സ്ത്രീകളോട് കൊതുകുകടി കൊള്ളാതെ സൂക്ഷിക്കണമെന്ന് ഡോക്ടര്‍മാര്‍ നിദേശിച്ചിട്ടുണ്ട്. അതിനിടെ ബ്രിട്ടനില്‍ ഒരാളിലും സികയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here