‘ശുഭയാത്രയ്ക്കായി നിങ്ങള്‍ക്കൊപ്പം നിങ്ങളുടെ മോഹന്‍ലാല്‍’; ലാല്‍ അഭിനയിച്ച റോഡ് സുരക്ഷാ ബോധവത്കരണ ഹ്രസ്വചിത്രങ്ങളുമായി കേരളാ പൊലീസ്

കൊച്ചി: മോഹന്‍ലാല്‍ അഭിനയിച്ച റോഡ്‌സുരക്ഷാ ബോധവത്കരണ ഹ്രസ്വചിത്രങ്ങളുമായി കേരള പൊലീസ്. പൊലീസിന്റെ ‘ശുഭയാത്ര’ പദ്ധതിയുടെ ഭാഗമായി 10 ഹ്രസ്വചിത്രങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. അപകടങ്ങളും മരണങ്ങളും ചിത്രീകരിച്ച് നടത്തുന്ന പതിവു ബോധവത്കരണ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഈ 10 ചിത്രങ്ങളും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ കൂടി സഹകരണത്തോടെയാണ് ഹ്രസ്വചിത്രങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. ചിത്രങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ജനങ്ങളിലേക്കെത്തും.

ഹെല്‍മെറ്റ് ഉപയോഗം, സീറ്റ്‌ബെല്‍റ്റ് ഉപയോഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ലെയ്ന്‍ ട്രാഫിക്, സീബ്രാ ക്രോസിംഗ്, അമിതവേഗം, ട്രാഫിക് നിയമപാലനം തുടങ്ങി വ്യത്യസ്ത വിഷയങ്ങള്‍ പരാമര്‍ശിക്കുന്നതാണ് ഓരോ ഹ്രസ്വചിത്രവും. തികച്ചും പോസിറ്റീവ് ആയുള്ള മാര്‍ഗത്തിലൂടെയാണ് ബോധവത്കരണം സാധ്യമാക്കിയിരിക്കുന്നത്. എട്ടു മാസം മുതല്‍ 24 വയസുവരെയുള്ള കുട്ടിയിയിലൂടെ അച്ഛനും മകനുമായുള്ള ബന്ധം ചിത്രീകരിച്ച് ഹെല്‍മെറ്റ് ബോധവത്കരണം സാധ്യമാക്കുന്ന വീഡിയോയും പട്ടം പറത്തലിലൂടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ ദൂഷ്യവശം ചിത്രീകരിക്കുന്ന വീഡിയോയുമെല്ലാം ഏറെ ശ്രദ്ധേയമാണ്.

ഗൃഹാതുരത്വമുണര്‍ത്തുന്ന കഥാസന്ദര്‍ഭങ്ങള്‍ ഓരോ ഹ്രസ്വചിത്രത്തെയും ആസ്വാദനതലത്തില്‍ വേറിട്ടു നിര്‍ത്തുന്നു. താരാട്ടു തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിനെ വാഹനത്തില്‍ കൊണ്ടുപോകുന്നതില്‍ നല്‍കുന്ന സുരക്ഷിതത്വത്തിലൂടെയാണ് സീറ്റ്‌ബെല്‍റ്റിനെക്കുറിച്ചുള്ള ബോധവത്കരണ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ലെയ്ന്‍ ട്രാഫിക് വീഡിയോയിലെ ഉറുമ്പിന്റെ ആനിമേഷന്‍ രംഗങ്ങളും കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തും. ശുഭയാത്ര പദ്ധതിയുടെ ഗുഡ്‌വില്‍ അംബാസഡറാണ് മോഹന്‍ലാല്‍. ട്രാഫിക് നിയന്ത്രണം ലക്ഷ്യമാക്കി ‘നേരുന്നു ശുഭയാത്രകള്‍.’ എന്ന പേരില്‍ മോഹന്‍ലാല്‍ അടുത്തിടെ പുറത്തിറക്കിയ ബ്ലോഗും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചലച്ചിത്രതാരങ്ങളും മറ്റു ചാനല്‍ താരങ്ങളും അഭിനയിച്ചിരിക്കുന്ന ഓരോ ഹ്രസ്വചിത്രത്തിനുമൊടുവില്‍ മോഹന്‍ലാല്‍ രംഗപ്രവേശം ചെയ്യുന്നുണ്ട്. ഒരു മിനിറ്റില്‍ താഴെ മാത്രമാണ് ഓരോന്നിന്റെയും ദൈര്‍ഘ്യം. ഹ്രസ്വചിത്രങ്ങളുടെ ആശയവും സംവിധാനവും ടോണി ചിറ്റേട്ടുകളം നിര്‍വഹിച്ചിരിക്കുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ ബിജിബാല്‍ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുത്. നൂറുദ്ദീന്‍ ബാവയുടേതാണ് കാമറ.
ചലച്ചിത്ര-ചാനല്‍ താരങ്ങളായ ശാന്തകുമാരി, ഗായത്രി സുരേഷ് ഗായത്രി പിള്ള, ഉണ്ണി ശിവപാല്‍, കിഷോര്‍, കൃഷ്ണന്‍ പോറ്റി, ബിന്ദു, സുധി കോപ്പ, അന്‍വര്‍, ജിയാദ്, കിഷോര്‍, ബിജോയ് കുറുപ്പംപടി, ബിന്‍സല്‍ ഖാന്‍, ആദര്‍ശ് ഖാന്‍ തുടങ്ങിയവര്‍ക്കൊപ്പം ബാലതാരങ്ങളും അഭിനയിച്ചിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here