ബംഗാള്‍ ഘടകം കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നുവെന്ന പ്രചരണം വാസ്തവവിരുദ്ധമെന്ന് പിണറായി വിജയന്‍; കോണ്‍ഗ്രസിനെയും വര്‍ഗ്ഗീയതയെയും ഒന്നിച്ചെതിര്‍ക്കും; ചീഫ് സെക്രട്ടറിക്ക് കാലാവധി നീട്ടി നല്‍കരുത് എന്നും പിണറായി

കൊല്ലം: വര്‍ഗ്ഗീയതയെ എതിര്‍ക്കാന്‍ നവ ലിബറല്‍ നയങ്ങളുമായി കൂട്ടുചേരാന്‍ കഴിയില്ലെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ബിജെപിയുടെ വര്‍ഗ്ഗീയതയെയും കോണ്‍ഗ്രസിന്റെ നയങ്ങളെയും ഒരുപോലെ എതിര്‍ക്കും. സിപിഐഎം ബംഗാള്‍ ഘടകം കോണ്‍ഗ്രസുമായി കൂട്ടുകൂടാന്‍ പോകുന്നു എന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണ്. കോണ്‍ഗ്രസിനെയും ശക്തിയുക്തം എതിര്‍ക്കും. കെട്ടിച്ചമയ്ക്കപ്പെട്ട വാര്‍ത്തകളാണ് മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. വാര്‍ത്ത വസ്തുത ആകണമെന്നില്ല എന്നും പിണറായി വിജയന്‍ പറഞ്ഞു. നവകേരള മാര്‍ച്ചിന്‍രെ ഭാഗമായി കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച ബഡ്ജറ്റ് പിന്‍വലിക്കണമെന്ന് പിണറായി വിജയന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനങ്ങളാണ് ഉമ്മന്‍ചാണ്ടി നടത്തിയത്. ബഡ്ജറ്റ് വോട്ട് ഓണ്‍ അക്കൗണ്ട് ആക്കി മാറ്റണം എന്നും പിണറായി ആവശ്യപ്പെട്ടു.

ചീഫ് സെക്രട്ടറി സ്ഥാനത്ത് ജിജി തോംസണ് കാലാവധി നീട്ടി നല്‍കരുത് എന്ന് പിണറായി വിജയന്‍ പറഞ്ഞു. കാലാവധി നീട്ടി നല്‍കാനുള്ള തീരുമാനം ദുരുദ്ദേശപരമാണ്. എത്ര കഴിവുള്ള ഉദ്യോഗസ്ഥനായാലും കാലാവധി കഴിഞ്ഞാല്‍ പിരിഞ്ഞ് പോകുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പ് സമയമല്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടേണ്ട വിഷയമല്ല ഇതെന്നും പിണറായി വ്യക്തമാക്കി.

അസഹിഷ്ണുതയുടെ കരിദിനങ്ങളാണ് രാജ്യത്ത് കടന്നുപോകുന്നത്. ജെഎന്‍യുവിനെ കാവിവല്‍ക്കരിക്കാനാണ് സംഘപരിവാര്‍ ശ്രമം. അടിയന്തരാവസ്ഥയുടെ നാളുകളിലേക്കാണ് രാജ്യത്തെ കൂട്ടിക്കൊണ്ടു പോകുന്നത്. തീവ്ര ഹിന്ദു സംഘടനകളുടെ കണ്ണിലെ കരടാണ് ജെഎന്‍യു. ജെഎന്‍യു അടച്ചുപൂട്ടാനാണ് കേന്ദ്‌സര്‍ക്കാര്‍ ശ്രമിക്കുന്നത്. വര്‍ഗ്ഗീയവിദ്വേഷ പ്രചരണങ്ങള്‍ക്ക് പേരുകേട്ട സുബ്രമണ്യം സ്വാമിയെ വിസി ആക്കാന്‍ ഇടയ്ക്ക് ശ്രമം നടത്തി. എന്നാല്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ ശ്രമഫലമായാണ് കേന്ദ്രം ഈ നീക്കം ഉപേക്ഷിച്ചത്. ഭീകരരുടെ ഒളിത്താവളമാണ് ജെഎന്‍യു എന്ന കുപ്രചരണം നടക്കുകയാണ്. ഒന്നോ രണ്ടോ വിദ്യാര്‍ത്ഥികള്‍ ചെയ്ത തെറ്റിന്റെ പേരില്‍ ജെഎന്‍യു അടച്ചു പൂട്ടാനാണ് ശ്രമം എന്നും പിണറായി വിജയന്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News